
പാലക്കാട്: കടമ്പഴിപ്പുറത്ത് സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ നാലുപേർ പിടിയിൽ. മൂന്ന് റവന്യു വകുപ്പ് ഉദ്യോഗസ്ഥരും ഒരു മുൻ വില്ലേജ് ഉദ്യോഗസ്ഥനുമാണ് പിടിയിലായത്.
അൻപതിനായിരം രൂപ കൈക്കൂലി വാങ്ങിയ കടമ്പഴിപ്പുറം വില്ലേജ് ഫീൽഡ് അസിസ്‌റ്റന്റ് എൻ.ഉല്ലാസ്, അമ്പലപ്പാറ ഫീൽഡ് അസിസ്‌റ്റന്റ് പ്രസാദ് കുമാർ എന്നിവരെയും താൽക്കാലിക ജീവനക്കാരിയായ സുഖില, വില്ലേജ് മുൻ ഉദ്യോഗസ്ഥൻ സുകുമാരൻ എന്നിവരെയുമാണ് വിജിലൻസ് അറസ്‌റ്റ് ചെയ്‌തത്. സ്ഥലം ഉടമയായ ഭഗീരഥന്റെ പരാതിയിൽ ഇവർ സ്ഥലം അളക്കുന്നതിനിടെ വൈകിട്ടോടെ വിജിലൻസ് പിടികൂടുകയായിരുന്നു. തൃപ്പലമുണ്ടയിലെ 12 ഏക്കർ സ്ഥലം അളക്കാനാണ് ഇവർ കൈക്കൂലി ചോദിച്ചത്.