party

ഷാരൂഖ് ഖാൻ, കത്രീന കെയ്‌ഫ് ഉൾപ്പടെയുള്ള താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വിവാദങ്ങളും ഉയരുന്നു. അൻപതോളം പ്രമുഖ ബോളിവുഡ് താരങ്ങൾ കൊവിഡ് പോസിറ്റീവായി എന്നാണ് റിപ്പോർട്ടുകൾ.

മേയ്‌ 25ന് മുംബയിലെ യാഷ് രാജ് സ്റ്റുഡിയോസിൽ സംഘടിപ്പിച്ച കരൺ ജോഹറിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത താരങ്ങൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് വിവരങ്ങൾ. ഇതോടെ കരണിന്റെ പിറന്നാൾ പാർട്ടിയ്ക്ക് നേരെ ആളുകൾ വിമർശനങ്ങൾ ഉന്നയിക്കുകയാണ്. ഈ പാർട്ടി കൊവിഡ് ഹോട്ട്‌സ്പോട്ടായി മാറിയെന്നും ആക്ഷേപമുണ്ട്.

party

പാർട്ടിയിൽ പങ്കെടുത്ത ഷാരൂഖ് ഖാൻ, കത്രീന കെയ്‌ഫ്, വിക്കി കൗശൽ, ആദിത്യ റോയ് കപൂർ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. കരൺ ജോഹറിന്റെ അടുത്ത സുഹൃത്തുക്കൾക്കും രോഗം ബാധിച്ചിട്ടുണ്ടെന്നും ഇവർ ഇക്കാര്യം വെളിപ്പെടുത്താത്തതാണെന്നും വിമർശനം ഉയരുന്നുണ്ട്.

അതേസമയം, കരൺ ജോഹറിന്റെ പിറന്നാൾ പാർട്ടി കൊവിഡ് ഹോട്ട്‌സ്പോട്ടാണെന്നത് വാസ്തവ വിരുദ്ധമാണെന്ന് താരത്തിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. കരൺ ജോഹർ ഇപ്പോൾ കോഫി വിത്ത് കരണിന്റെ ചിത്രീകരണത്തിലാണെന്നും അദ്ദേഹം നിർബന്ധിത ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയനായിരിക്കുകയാണെന്നും ഇക്കൂട്ടർ പറയുന്നു.

party

സെറ്റുകളിൽ എല്ലാ പ്രോട്ടോക്കോളുകളും പിന്തുടരുന്നുണ്ട്. അതിഥികളും പ്രോട്ടോക്കോൾ പാലിക്കുന്നു. പാർട്ടിയിൽ പങ്കെടുത്ത 50ഓളം അതിഥികൾക്ക് പോസിറ്റീവായെന്ന റിപ്പോർട്ടുകൾ വിചിത്രമാണ്. ഏകദേശം 10 ദിവസം മുമ്പാണ് പാർട്ടി നടന്നതെന്നും ഇവർ വാദിക്കുന്നു.

ഇതിനിടെ കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനാൽ മുംബയിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. സ്റ്റുഡിയോകളിൽ പാർട്ടികൾ സംഘടിപ്പിക്കരുതെന്നും നിർദേശമുണ്ട്.

party