
ഉള്ളൂർ: കൊച്ചുള്ളൂരിൽ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയവർ നടത്തിയ ആക്രമണത്തിൽ കടയുടമയ്ക്കും ഭാര്യയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു. ഉള്ളൂർ ഉദയാ ഗാർഡൻസിൽ വാടകയ്ക്ക് താമസിക്കുന്ന തെങ്കാശി സ്വദേശികളായ രാജ (37) മഹാലക്ഷ്മി (35), അരുൺ (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 10ഓടെയാണ് സംഭവം. തട്ടുകടയിൽ ദോശ കഴിക്കാൻ എത്തിയ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് ആക്രമണം നടത്തിയത്. ചമ്മന്തി തീർന്നുപോയെന്ന് പറഞ്ഞതാണ് ഇവരെ പ്രകോപിപ്പിച്ചത്. ഇവർ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. ചായക്ക് തിളപ്പിച്ചിട്ടിരുന്ന ചൂടുവെള്ളം ഗ്യാസ് അടുപ്പിൽ നിന്ന് അക്രമികൾ തള്ളിയിട്ടതോടെയാണ് കടയുടമയ്ക്കും ഭാര്യക്കും മകനും പരിക്കേറ്റത്. അതേസമയം കടയുടമയുടെ ആക്രമണത്തിൽ ഭക്ഷണം കഴിക്കാനെത്തിയവരുടെ തലയ്ക്കും കൈകൾക്കും പരിക്കേറ്റിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് പൊലീസ് പറഞ്ഞു. ഇരുകൂട്ടരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.