
ന്യൂഡൽഹി: പ്രവാചകനെ അപകീർത്തിപ്പെടുത്തി സംസാരിച്ച ബിജെപി ദേശീയ വക്താവ് നൂപുർ ശർമയെ സസ്പെന്റ് ചെയ്ത ബിജെപിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് സൗദി. നൂപുർ ശർമയുടെ പരാമർശങ്ങൾ വിവാദമായതോടെ വിമർശനവുമായി ഫൈസൽ ബിൻ ഫർഹാൻ അൽ രാജകുമാരന്റെ നേതൃത്വത്തിലുള്ള സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. വിശ്വാസങ്ങളെയും മതങ്ങളെയും ബഹുമാനിക്കുകയാണ് വേണ്ടതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇത്തരം ഹീനമായ പ്രവൃത്തികൾ എല്ലാ മതങ്ങളെയും അനാദരിക്കുന്നതാണെന്നും അത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്ക് പ്രവാചകന്മാരുടെ ആധികാരിക ജീവചരിത്രം പരിചിതമായിരിക്കില്ലെന്നും മതപ്രഭാഷകരും പുരോഹിതന്മാരും പണ്ഡിതന്മാരും ഉൾപ്പെടുന്ന സൗദി ഹറമൈൻ ജനറൽ പ്രസിഡൻസി വിമർശിച്ചു. 'അല്ലാഹുവിന്റെ അനുഗ്രഹം അവരിൽ ഉണ്ടാകട്ടെ, സമാധാനത്തിന്റെ സന്ദേശം എല്ലാവരിലും പ്രചരിപ്പിക്കണം, ഇസ്ലാമിന്റെ ചിഹ്നങ്ങൾ അനാദരിക്കരുത്.'- ജനറൽ പ്രസിഡൻസി വ്യക്തമാക്കി.
#Statement | The Ministry of Foreign Affairs expresses its condemnation and denunciation of the statements made by the spokeswoman of the #Indian Bharatiya Janata Party (#BJP), insulting the Prophet Muhammad peace be upon him. pic.twitter.com/VLQwdXuPuq
— Foreign Ministry 🇸🇦 (@KSAmofaEN) June 5, 2022
ഗ്യാൻവാപി മസ്ജിദ് തർക്കത്തെക്കുറിച്ചുള്ള ഒരു ചാനൽ ചർച്ചയ്ക്കിടെയായിരുന്നു ഇസ്ലാമിക മതചിഹ്നങ്ങളെ പരിഹസിച്ചുകൊണ്ട് നൂപുർ രംഗത്തെത്തിയത്. ശിവലിംഗത്തെ ഉറവ എന്ന് വിളിച്ച് മുസ്ലീങ്ങൾ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും അവർ പറഞ്ഞു. സംഭവം വിവാദമാവുകയും ചില ഇടങ്ങളിൽ സംഘർഷം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. മതവികാരം വ്രണപ്പെടുത്തിയതിന് ഹൈദരാബാദ്, പൂനെ, മുംബയ് എന്നിവിടങ്ങളിൽ ശർമയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം, നൂപൂർ ശർമയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം അറിയിച്ച രാജ്യങ്ങൾക്കു മുന്നിൽ നിലപാട് വിശദീകരിച്ച് ഇന്ത്യ രംഗത്തെത്തി. വ്യക്തികൾ നടത്തുന്ന പ്രകോപനപരമായ പ്രസ്താവന രാജ്യത്തിന്റെ നിലപാടായി കാണേണ്ടെന്നും, മതസൗഹാർദം തകർക്കുന്ന വിധത്തിൽ പ്രസ്താവന നടത്തുന്നവർക്കെതിരെ തുടർന്നും രാജ്യം ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇന്ത്യ അറിയിച്ചു. നൂപുറിന്റെ പ്രസ്താവന രാജ്യത്തിന്റെ നിലപാടിനെതിരാണ്. എല്ലാ വിശ്വാസങ്ങളെയും ആദരിക്കുന്ന സമീപനമാണ് തങ്ങളുടെതെന്നും ഇന്ത്യ വ്യക്തമാക്കി.