
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 4510 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഒൻപത് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്‌ടീവ് കേസ് ലോഡ് ഇന്ത്യയിൽ 25,782 ആണ്. രോഗമുക്തി നേടിയവർ 2779. രോഗമുക്തി നിരക്ക് 98.73 ശതമാനമാണ്.
മഹാരാഷ്‌ട്രയും കേരളവുമാണ് കൊവിഡ് പ്രതിദിന കണക്കിൽ മുന്നിൽ നിൽക്കുന്നത്. 1544 രോഗികളുളള കേരളമാണ് ആദ്യം. മഹാരാഷ്‌ട്രയിൽ 1494 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത് ഇതിൽ 961ഉം മുംബയിലാണ്. ഡൽഹിയിലും കൊവിഡ് വർദ്ധിക്കുകയാണ് 343 കേസുകളാണ് ഞായറാഴ്‌ച സ്ഥിരീകരിച്ചത്. മഹാരാഷ്‌ട്രയിൽ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലവും വീണ്ടും നിർബന്ധമാക്കി.
കേരളത്തിൽ എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് പ്രതിദിന കൊവിഡ് രോഗികൾ കൂടുതൽ. സംസ്ഥാനത്ത് നോറോ വൈറസ് ബാധയും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയേറ്റ കുട്ടികളിലാണ് ഇത് കണ്ടെത്തിയത്.
രാജ്യത്തെ കൊവിഡ് കേസുകളിൽ കഴിഞ്ഞ ഒരാഴ്‌ചയായി 45 ശതമാനത്തിന്റെ വർദ്ധനയാണ് ഉണ്ടായത്. പത്ത് സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ പ്രതിദിനം വർദ്ധിക്കുകയാണ്. ഞായറാഴ്‌ച 4270 കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തത്. എന്നാൽ മരണനിരക്കിൽ വൻ വർദ്ധനയില്ല. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ, മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർക്കെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചു.