
ലാഹോർ: പാകിസ്ഥാനിൽ ഗർഭിണി കൂട്ട ബലാത്സംഗത്തിനിരയായതായി റിപ്പോർട്ട്. പഞ്ചാബ് പ്രവിശ്യയിലെ ഝലം നഗരത്തിലാണ് സംഭവം. അഞ്ച് പേർ ചേർന്നാണ് യുവതിയെ ബലാത്സംഗം ചെയ്തതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
'പ്രതികൾ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. ഭർത്താവിനെ മർദിക്കുകയും കെട്ടിയിടുകയും ചെയ്ത ശേഷമാണ് ഗർഭിണിയെ ക്രൂരമായി പീഡിപ്പിച്ചത്. തുടർന്ന് യുവതി ആശുപത്രിയിലെത്തി, താൻ നേരിട്ട ദുരനുഭവം പറയുകയായിരുന്നു. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്.'- അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. രക്തസാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി ലാഹോറിലേക്ക് അയച്ചിട്ടുണ്ട്. കേസ് അന്വേഷിക്കാൻ പഞ്ചാബ് പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. പാകിസ്ഥാനിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തുടർക്കഥയാകുകയാണ്. കഴിഞ്ഞ മാസമാണ് കറാച്ചിയിൽ ഓടുന്ന ട്രെയിനിൽ ഇരുപത്തിയഞ്ചുകാരി കൂട്ടബലാത്സംഗത്തിന് ഇരയായത്.