vizhinjam

വിഴിഞ്ഞം: രാജ്യാന്തര കപ്പൽച്ചാലായ വിഴിഞ്ഞത്തിനു സമീപത്തുകൂടെ പോകുന്ന വിദേശകപ്പലുകൾ ഉൾപ്പെടെയുള്ളവയ്ക്ക് വിഴിഞ്ഞത്തുനിന്ന് ഇന്ധനം നിറയ്ക്കുന്നതിനുള്ള (ബങ്കറിംഗ്)​ സംവിധാനം ഏർപ്പെടുത്തി. കേരള മൈനർ പോർട്ടുകളുടെ ചരിത്രത്തിലാദ്യമായി ഇന്റർനാഷണൽ ഡ്യൂട്ടി ഫ്രീ ബങ്കറിംഗ്‌ സംവിധാനം നടപ്പിലാക്കിയിരിക്കുകയാണ് വിഴിഞ്ഞം തുറമുഖം. കേരളത്തിൽ കൊച്ചി തുറമുഖത്തിനു പുറമേ ബോണ്ട്‌ സ്റ്റോറേജ്‌ ഇനത്തിൽ ബങ്കർ നൽകുന്നത് വിഴിഞ്ഞത്താണെന്ന് അധികൃതർ പറഞ്ഞു.

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും കസ്റ്റംസ്‌ അധികൃതരുടെയും സഹകരണത്തോടെയാണ്‌ കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് ബങ്കറിംഗ് നടത്തിയത്. വിഴിഞ്ഞത്തു നിന്ന് കസ്റ്റംസ്‌ ഓൺലൈൻ ഷിപ്പിംഗ്‌ ബിൽ മുഖേന മാല ദ്വീപിലേക്ക് ക്രെയിൻ കയറ്റി അയച്ചതും വിഴിഞ്ഞത്തിന്റെ നേട്ടമായിരുന്നു. 2017ന്‌ ശേഷം ആദ്യമായിട്ടാണ്‌ തുറമുഖത്ത്‌ വിദേശ കയറ്റുമതി നടന്നത്. കഴിഞ്ഞ മാസം 28ന് ഗുജറാത്തിൽ നിന്ന് കെ.ബി 35 എന്ന ബാർജ്ജിൽ ലോഡ്‌ ചെയ്ത ക്രെയിൻ, കെ.ബി 31 എന്ന ടഗ്ഗ്‌ ഉപയോഗിച്ച്‌ വലിച്ചാണ്‌ വിഴിഞ്ഞം തുറമുഖത്ത്‌ എത്തിച്ചത്‌. പിന്നീട്‌ കൊളംബോ തുറമുഖത്ത്‌ നിന്ന് എത്തിച്ചേർന്ന വിദേശ ടഗ്ഗായ കിക്കിയെ ഉപയോഗിച്ചാണ്‌ ബാർജ്ജും ക്രെയിനും എക്സ്പോർട്ട്‌ കാർഗോയായി മാല ദ്വീപിലേക്ക്‌ അയച്ചത്‌. ഇതിലൂടെ തുറമുഖത്തിന്‌ വരുമാനമായി 1.5 ലക്ഷം രൂപ ലഭിച്ചെന്ന് അധികൃതർ പറഞ്ഞു.

നിമിത്തമായത് കിക്കി

മാല ദ്വീപിലേക്ക് ക്രെയിൻ കയറ്റി കൊണ്ടുപോകാൻ വിഴിഞ്ഞത്ത് എത്തിയ വിദേശ ടഗ്ഗായ കിക്കിയിൽ ഇന്ധനം തീർന്നതോടെയാണ് ബങ്കറിംഗ് അത്യാവശ്യമായി വന്നത്. ക്രൂ ചെയ്ഞ്ചിംഗ് ആരംഭിച്ചപ്പോഴെ ബങ്കറിംഗ് ടെർമിനൽ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പദ്ധതി നടപ്പായില്ല. ഇതേ തുടർന്ന് ക്രൂ ചെയ്ഞ്ചിംഗ് കുറഞ്ഞിരുന്നു.