
ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. മോദിയുടെ കീഴിലെ എട്ടു വര്‍ഷക്കാലം ഭാരതാംബയ്ക്ക് നാണക്കേടു കൊണ്ടു തലതാഴ്‌ത്തേണ്ടിവന്നതായി സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ കുറിച്ചു. ബി ജെ പി വക്താവിന്റെ പ്രവാചക വിരുദ്ധ പരാമര്‍ശം ലോകവ്യാപകമായി കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്. ബി ജെ പി നേതാവാണെങ്കിലും അടുത്തിടെയായി സർക്കാരിന്റെയും പാർട്ടിയുടെയും വിമർശകരനാണ് സ്വാമി.
'എട്ട് വര്‍ഷത്തെ മോദി ഭരണത്തിനിടെ ഇന്ത്യ ലഡാക്കില്‍ ചൈനയുടെ മുമ്പില്‍ മുട്ടിൽ ഇഴഞ്ഞു, റഷ്യയുടെ മുമ്പില്‍ മുട്ടുകുത്തി, ക്വാഡില്‍ അമേരിക്കയ്ക്ക് മുന്നിലും കീഴടങ്ങി, ഇപ്പോഴിതാ ചെറുരാജ്യമായ ഖത്തറിനു മുന്നിലും സാഷ്ടാംഗ നമസ്‌കാരം ചെയ്തിരിക്കുന്നു. വിദേശകാര്യ നയത്തിന്റെ അപചയമാണ് സംഭവിച്ചിരിക്കുന്നത്'- ട്വീറ്റിൽ സ്വാമി പറയുന്നു.
During Modi govt's 8 years, Bharat Mata had to hang her head in shame because we crawled before the Chinese on Ladakh, knelt before the Russians, meowed before the Americans in QUAD. But we did shastangam dandawat before the tiny Qatar. That was depravity of our foreign policy.
— Subramanian Swamy (@Swamy39) June 6, 2022
അതേസമയം, ബി ജെ പി നേതാക്കളുടെ പ്രവാചക വിരുദ്ധ പരാമർശത്തിനെതിരെ കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിലായി ഇറാൻ ആണ് ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി വിവാദ പരാമർശത്തിൽ നിലപാടറിയിച്ചത്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ഇന്ത്യൻ സ്ഥാനപതി പ്രവാചകനെതിരായ ഏതെങ്കിലും തരത്തിലെ അവഹേളനം സർക്കാർ അംഗീകരിക്കില്ലെന്ന് ടെഹ്‌റാനിൽ നടന്ന കൂടിക്കാഴ്‌ചയിൽ അറിയിച്ചു. സംഭവത്തിൽ കടുത്ത പ്രതിഷേധം സൂചിപ്പിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ട്വിറ്ററിൽ കുറിപ്പിട്ടിട്ടുണ്ട്.
ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തിയ ഖത്തർ ഭരണകൂടം തങ്ങളുടെ പ്രതിഷേധം നേരിട്ട് അറിയിക്കുകയായിരുന്നു. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ വക്താവിന്റെ തന്നെ പ്രതിഷേധമെന്ന നിലയിൽ ഇത് വളരെ ഗൗരവമുള്ളതാണെന്നും ഇത്തരം പ്രസ്താവനകൾ ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്നും ഒമാൻ ഗ്രാൻഡ് മുഫ്തി ഷെയ്ക്ക് അഹമ്മദ് ബിൻ ഹമദ് അൽ ഖലിലി പറഞ്ഞു. ഖത്തറിന് പുറമേ ഒമാനിലും പ്രസ്താവനയ്‌ക്കെതിരായ പ്രതിഷേധം ആളിപ്പടരുന്നുണ്ട്.
അതിനിടെ, പ്രവാചകനെ അപകീർത്തിപ്പെടുത്തി സംസാരിച്ച ബിജെപി ദേശീയ വക്താവ് നൂപുർ ശർമയെ സസ്പെന്റ് ചെയ്ത ബിജെപിയുടെ തീരുമാനത്തെ സൗദി സ്വാഗതം ചെയ്തു. നൂപുർ ശർമയുടെ പരാമർശങ്ങൾ വിവാദമായതോടെ വിമർശനവുമായി ഫൈസൽ ബിൻ ഫർഹാൻ അൽ രാജകുമാരന്റെ നേതൃത്വത്തിലുള്ള സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു.
ഗ്യാൻവാപി മസ്ജിദ് തർക്കത്തെക്കുറിച്ചുള്ള ഒരു ചാനൽ ചർച്ചയ്ക്കിടെയായിരുന്നു ഇസ്ലാമിക മതചിഹ്നങ്ങളെ പരിഹസിച്ചുകൊണ്ട് നൂപുർ രംഗത്തെത്തിയത്. ശിവലിംഗത്തെ ഉറവ എന്ന് വിളിച്ച് മുസ്ലീങ്ങൾ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും അവർ പറഞ്ഞു. സംഭവം വിവാദമാവുകയും ചില ഇടങ്ങളിൽ സംഘർഷം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. മതവികാരം വ്രണപ്പെടുത്തിയതിന് ഹൈദരാബാദ്, പൂനെ, മുംബയ് എന്നിവിടങ്ങളിൽ ശർമയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.