മലയാളികൾക്ക് അത്ര സുപരിചിതമല്ല സാൽമൺ ഫിഷ്, അതേസമയം വിദേശികൾക്ക് ഏറെ പ്രിയപ്പെട്ടതുമാണ്. കേരളത്തിലെ വലിയ ഹോട്ടലുകളിൽ മാത്രം കിട്ടുന്ന സാൽമൺ ഫിഷ് കൊണ്ടുള്ള ഒരു അടിപൊളി വിഭവമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
ഈ മീനിനെ വേവിച്ച് തന്നെ കഴിക്കണമെന്ന് നിർബന്ധവുമില്ല. സാലഡിനൊപ്പം പച്ചയ്ക്കും കഴിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.
ഇത്തവണ യൂറോപ്യൻ സ്റ്റൈലിൽ സാൽമൺ ഫിഷ് കൊണ്ടുള്ള ഒന്നാന്തരമൊരു ഐറ്റമാണ് പരീക്ഷിക്കുന്നത്. മലയാളികളുടെ സ്ഥിരം മസാലക്കൂട്ടൊന്നും ചേർക്കാതെ പുതുമയുള്ള ഒരു രുചിക്കൂട്ടാണ് ചേർക്കുന്നത്.
സാൽമൺ ഫിഷിനെ വട്ടത്തിൽ മുറിച്ചെടുക്കുകയാണ് ആദ്യം വേണ്ടത്. ശേഷം കുരുമുളക് പൊടി, ഉപ്പ്, കുറച്ച് റോസ്മേരിയില എന്നിവ ചേർക്കണം. ഇതിലേക്ക് നാരങ്ങാനീരും പിഴിഞ്ഞു ചേർക്കാം. ഇനി അല്പം വെള്ളം കൂടി ഒഴിച്ച് അരപ്പ് രൂപത്തിലാക്കണം.
ഇത് ഓരോ കഷ്ണങ്ങളിലേക്കും പുരട്ടുക. ഇനി എണ്ണയൊഴിച്ച് വേവിച്ചെടുക്കാം. ഇടയ്ക്ക് അല്പം വെളുത്തുള്ളി കൂടി ചേർത്താൽ രുചി കൂടും. ബ്രെഡിനൊപ്പം സാൽമൺ ഫിഷ് റോസ്റ്റും അടിപൊളി ഒരു സാലഡുമുണ്ടെങ്കിൽ സംഗതി കലക്കും.
