kashmir

ശ്രീനഗർ: തങ്ങളെ ലക്ഷ്യം വച്ചുള്ള കൊലപാതകങ്ങൾ അടുത്തിടെയായി കൂടിവരുന്ന സാഹചര്യങ്ങളിൽ സ്വന്തം നാട് വിട്ട് സുരക്ഷിത സ്ഥലങ്ങളിലേക്ക് കുടിയേറാൻ ഒരുങ്ങുകയാണ് കാശ്മീരി പണ്ഡിറ്റുകൾ. മുൻപെങ്ങുമില്ലാത്ത തരത്തിലാണ് ഇപ്പോൾ കാശ്മീരി പണ്ഡിറ്റുകൾക്ക് നേരെ ഭീകരർ ആക്രമണം അഴിച്ചുവിടുന്നത്.

കാശ്മീർ ഇപ്പോൾ അവർക്ക് ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലമാണ്. 90 കളിലെ സ്ഥിതിയിലേക്കാണ് അവിടം ഇപ്പോൾ പൊയ്ക്കൊണ്ടിരിക്കുന്നത്. ഭൂമിയിലെ സ്വർഗം എന്നറിയപ്പെടുന്ന കാശ്മീരിൽ ജീവിക്കുന്നത് ഇപ്പോൾ ചിന്തിക്കാൻ കൂടി കഴിയാത്ത കാര്യമാണെന്നാണ് പണ്ഡിറ്റ് സമുദായത്തിലെ അംഗങ്ങൾ പറയുന്നത്.

ഒരുപാട് പ്രതീക്ഷകളോടെയാണ് തങ്ങൾ കാശ്മീരിലേക്ക് ചെന്നതെന്നാണ് ഒരു പണ്ഡിറ്റ് സമുദായാംഗം പറയുന്നത്. അവർ ജനിച്ചതും അവരുടെ കുടുംബങ്ങൾ കാലങ്ങളോളം ജീവിച്ചതും ആ താഴ്‌വരയിലാണ്. കാശ്മീർ തങ്ങളുടേതാണെന്ന് അവർ വിശ്വസിച്ചു. പക്ഷെ ഇപ്പോൾ സാഹചര്യം അതല്ല. ഇനിയും അവിടെ തുടരാൻ കഴിയുമെന്ന് തങ്ങൾക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറയുന്നു.

പ്രധാനമന്ത്രിയുടെ പ്രത്യേക പാക്കേജിന് കീഴിലാണ് 2017ൽ താൻ കുടുംബത്തോടൊപ്പം കാശ്മീരിലെത്തിയത്. ജോലിയിൽ പ്രവേശിച്ചു. എന്നാൽ, കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവിടെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ നടക്കുന്നു. അതിനാൽ തങ്ങൾ ഭയത്തോടെയാണ് ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ താമസിച്ചിരുന്ന പലരും ഇതിനകം തന്നെ കാശ്മീർ വിട്ടു. ചിലർ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പോകും. പ്രധാനമന്ത്രിയുടെ പ്രത്യേക പാക്കേജിൽ ഇവിടേയ്ക്ക് വന്നവരിൽ കഷ്ടിച്ച് പത്ത് ശതമാനം പേർ മാത്രമാണ് ഇപ്പോഴും ഇവിടെയുള്ളത്. ബാക്കിയെല്ലാവരും ജീവനിൽ ഭയന്ന് സുരക്ഷിത സ്ഥലങ്ങൾ തേടി പോയിക്കഴിഞ്ഞു.

താഴ്‌വരയിലെ സ്ഥിതി നാൾക്കുനാൾ വഷളാവുകയിക്കൊണ്ടിരിക്കുകയാണ്. പണ്ഡിറ്റുകളുടെ ജീവന് ഇപ്പോൾ ഒരു വിലയുമില്ല. ഞങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്തിട്ടാണോ അവർ ഞങ്ങളോട് ഇങ്ങനെ കാണിക്കുന്നത്?​ എന്തുകൊണ്ടാണ് സുരക്ഷ ഒരുക്കേണ്ട സർക്കാർ മൗനം പാലിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു?​

വീടിന് പുറത്തിറങ്ങിയാൽ ജീവനോടെ തിരിച്ചുവരാനാകുമെന്ന് ഉറപ്പില്ല. ഓഫീസുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഭക്ഷണ സാധനങ്ങളോ മരുന്നോ പോലെയു‍ള്ള അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പോലും പുറത്തുപോകാൻ ഭയമാണ്. കുട്ടികൾ സ്കൂളിൽ പോകുന്നതുപോലും നിറുത്തി. കാശ്മീരിന് പുറത്ത് സുരക്ഷിതമായ എവിടേക്കെങ്കിലും പോകാൻ ഞങ്ങളെ സഹായിക്കുക എന്നതാണ് അവരുടെ ഇപ്പോഴത്തെ ആവശ്യം. സർക്കാർ ഇനിയും മൗനം പാലിച്ചാൽ തങ്ങൾ സ്വയം കാശ്മീർ വിട്ട് പുറത്തേക്ക് പോകുമെന്നും അവർ പറയുന്നു.