jeep

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാർ വാഹനം പുനർ ലേലത്തിലൂടെ ദുബായ് വ്യവസായി വിഘ്‌നേഷ് വിജയകുമാർ സ്വന്തമാക്കി. 43 ലക്ഷം രൂപയ്ക്കാണ് അദ്ദേഹത്തിന് ലേലം ഉറപ്പിച്ചത്. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ വിഘ്‌നേഷ് വിജയകുമാർ ഉൾപ്പടെ പതിനാലുപേരാണ് ലേലത്തിൽ പങ്കെടുത്തത്.

കഴിഞ്ഞ ഡിസംബർ നാലിന് മഹീന്ദ്ര ഗ്രൂപ്പ് വഴിപാടായി നൽകിയ ഥാർ ഡിസംബർ 18 ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ലേലം ചെയ്തിരുന്നു. കൊച്ചി ഇടപ്പള്ളി സ്വദേശി അമൽ മുഹമ്മദ് അലി 15.10 ലക്ഷത്തിന് കാർ ലേലത്തിൽ പിടിച്ചിരുന്നു.
ലേലത്തിൽ ഒരാൾ മാത്രമാണ് പങ്കെടുത്തത്. 15 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ചായിരുന്നു ലേലം. അമൽ മുഹമ്മദിനായി ലേലത്തിൽ പങ്കെടുത്ത സുഭാഷ് പണിക്കർ 10,000 രൂപ ഉയർത്തി ലേലം വിളിക്കുകയായിരുന്നു. ഇതിനിടെ ലേലം ശരിയായ രീതിയിലല്ല നടന്നതെന്ന് ആരോപിച്ച് പരാതികൾ ഉയരുകയും ഹിന്ദു സേവാ സമിതി ഹൈക്കോടതിയിൽ പരാതി നൽകുകയും ചെയ്തു. ഇതേത്തുടർന്ന് ഇരുകക്ഷികളുമായി കൂടിക്കാഴ്ച നടത്തി തീരുമാനമെടുക്കാൻ ദേവസ്വം കമ്മിഷണറോട് കോടതി നിർദേശിച്ചു. തുടർന്ന് ദേവസ്വം കമ്മിഷണർ വീണ്ടും ലേലം നടത്താൻ തീരുമാനിക്കുകയായിരുന്നു.