
ചണ്ഡിഗഡ്: എല്ലാ സിഖുകാർക്കും ആയുധപരിശീലനം ലഭിക്കണമെന്ന് അകാൽ തഖ്‌ത് മേധാവി ഗ്യാനി ഹർപ്രീത് സിംഗ്. അത്യാധുനിക ആയുധങ്ങളുടെ ഉപയോഗം പഠിക്കുന്നതിനായി സിഖുകാർ പരിശീലന ക്ളാസുകൾ ആരംഭിക്കണമെന്നും ജാതേദാർ കൂടിയായ ഗ്യാനി പറഞ്ഞു. സിഖുകാരുടെ അഞ്ച് അധികാരകേന്ദ്രങ്ങളിൽ ഒന്നാണ് അകാൽ തഖ്‌ത്.
അമൃത്‌സറിലെ സുവർണക്ഷേത്രത്തിന് മുന്നിൽ തടിച്ചുകൂടിയ ആളുകളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഗ്യാനി വിവാദപരാമർശം നടത്തിയത്. ഇവിടെ ഖാലിസ്ഥാനി അനുകൂല മുദ്രാവാക്യങ്ങളും ഉയരുന്നുണ്ടായിരുന്നു.
സിഖുകാർക്ക് ഒരിക്കലും സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല. സിഖുകാരെ രാഷ്ട്രീയപരമായും സാമൂഹികപരമായും സാമ്പത്തികപരമായും ദുർബലരാക്കാൻ നിരവധി ശ്രമങ്ങൾ നടക്കുന്നുണ്ട്. മതപരമായ ശക്തി നേടിയെടുക്കേണ്ടതുണ്ട്. പൊലീസുകാരെ ഉപയോഗിച്ച് സിഖുകാരെ അടിച്ചമർത്താൻ സർക്കാർ പരമാവധി ശ്രമിച്ചു. സിഖുകാർക്ക് ആയുധപരിശീലനം ലഭിക്കണമെന്നും ഗ്യാനി പറഞ്ഞു. സമൂഹത്തിൽ പെരുകുന്ന കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഗ്യാനി ആവശ്യം ഉന്നയിച്ചത്. എല്ലാ മതങ്ങൾക്കും തങ്ങളുടെ ആളുകളെ സംരക്ഷിക്കാനുള്ള അവകാശമുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി. ഗ്യാനിയ്ക്ക് സെഡ് കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്ര സർക്കാർ ഒരുങ്ങിയെങ്കിലും അദേഹം നിരസിച്ചിരുന്നു.
അതേസമയം, ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ 38ാം വാർഷികത്തോടനുബന്ധിച്ച് സുവർണ ക്ഷേത്രത്തിനുള്ളിലെ കവാടത്തിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കി ഒരു സംഘം ആളുകൾ രംഗത്തെത്തി. ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ജർണയിൽ ഭിന്ദ്രൻവാലയുടെ ചിത്രം പതിച്ച പോസ്റ്ററുകളും ഇവരുടെ കൈവശമുണ്ടായിരുന്നു. ഇന്ന് രാവിലെ പൂജയ്ക്ക് ശേഷം ദർബാർ സാഹിബ് കവാടത്തിൽ തടിച്ചുകൂടിയ സംഘം വാളുകൾ വീശിക്കൊണ്ടാണ് ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയത്.