nupur

ന്യൂഡൽഹി: ലോകത്ത് ഇന്ത്യയുമായി നല്ല ബന്ധം ഇല്ലാത്ത രണ്ടേ രണ്ട് രാജ്യങ്ങൾ മാത്രമാണ് ഉള്ളത്. പാകിസ്ഥാനും ചൈനയും. ബാക്കി ഒട്ടുമിക്ക രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് ഊഷ്മള ബന്ധമാണ്. പ്രത്യേകിച്ചും ഗൾഫ് രാജ്യങ്ങളോട്. ഇതിന് കാരണക്കാരൻ പ്രധാനമന്ത്രി പദത്തിൽ എട്ടുവർഷം പൂർത്തിയാക്കിയ സാക്ഷാൽ നരേന്ദ്രമോദിയാണ്. ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധം സുദൃഢമാക്കാന്‍ തന്റെ മുന്‍ഗാമികളേക്കാള്‍ സമയവും ശ്രമവും മോദിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ഈ ശ്രമങ്ങളെ അതേ ഊഷ്മളതയോടെ തിരിച്ചുനല്‍കാർ ഗൾഫ് രാജ്യങ്ങളും തയ്യാറായിട്ടുണ്ട്. ഊര്‍ജ-സാമ്പത്തിക മേഖലകളിലെ എണ്ണമറ്റ കരാറുകള്‍ തന്നെ ഇതിന് തെളിവ്.

ലോകം കൊവിഡിന് മുന്നിൽ അന്തിച്ചുനിന്നപ്പോൾ ഗൾഫ് രാജ്യങ്ങൾ സഹായം തേടിയതും ഇന്ത്യയോടാണ്. ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോദിസർക്കാരിന്റെ കാലത്ത് എത്രമാത്രം വളർന്നു എന്നതിന് ഇതിലപ്പുറം ഒരു തെളിവും വേണ്ട. 2015 ൽ മൂന്ന് പതിറ്റാണ്ടിനു ശേഷം ആദ്യമായി യുഎഇ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറിയിരുന്നു. ഗൾഫ് രാജ്യങ്ങളുടെ ഉന്നത സിവിലിയൻ അവാർഡും പ്രധാനമന്ത്രിക്ക് നൽകിയിരുന്നു.

nupur

ഇങ്ങനെ നിരന്തര പരിശ്രമംകൊണ്ട് ഉണ്ടാക്കിയെടുത്ത ഊഷ്മള ബന്ധമാണ് ബിജെപി ദേശീയ വക്താവ് നൂപുർ ശർമയുടെ ഒറ്റ പ്രസ്താവനകൊണ്ട് തകർന്നുവീണത്. ഒട്ടുമിക്ക അറബ് രാജ്യങ്ങളും ഇന്ത്യയെ തങ്ങളുടെ കടുത്ത പ്രതിഷേധം അറിയിച്ചുകഴിഞ്ഞു. ഖത്തർ പോലുള്ള രാജ്യങ്ങൾ സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. വീണുകിട്ടിയ അവസരം മുതലാക്കാൻ പാകിസ്ഥാൻ ശ്രമവും തുടങ്ങിയിട്ടുണ്ട്. നേരത്തേ ഗൾഫ് രാജ്യങ്ങളുമായി അടുപ്പം കാത്തുസൂക്ഷിച്ചിരുന്ന പാകിസ്ഥാനെ ഇപ്പോൾ അവർ ഏഴയലത്ത് അടുപ്പിക്കുന്നില്ല. ഇതിന് പ്രധാന കാരണക്കാർ ഇന്ത്യയാണെന്നാണ് പാകിസ്ഥാൻ കരുതുന്നത്. അതിനാലാണ് ഇപ്പോഴത്തെ അവസരം പരമാവധി മുതലാക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നത്. അപകടം മണത്തറിഞ്ഞ ബി ജെ പി നൂപുർ ശർമയെ സസ്പെന്റ് ചെയ്ത് രംഗം തണുപ്പിക്കാൻ ഉടൻതന്നെ ശ്രമിച്ചു. ഇത് സൗദി അറേബ്യ സ്വാഗതം ചെയ്തത് പ്രശ്നങ്ങൾ ആറിത്തണുക്കുന്നതിന്റെ സൂചനയായാണ് കരുതുന്നത്.

ആരാണ് നൂപുർ ശർമ

ബി ജെ പിയുടെ ദേശീയ വക്താവ് എന്നതിനപ്പുറം ഏറെ ശോഭനമായ ഭാവിയുണ്ടെന്ന് ഉന്നത നേതാക്കൾ പോലും വിലയിരുത്തിയ വ്യക്തിയാണ് നൂപുർ ശർമ. അറിയപ്പെടുന്ന അഭിഭാഷക കൂടിയാണ് ഈ മുപ്പത്തേഴുകാരി. അച്ഛൻ വിനയ് ശർമ്മ, അമ്മ രൂപാലി ശർമ്മ.

nupur

എ ബി വി പിയിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തിയത്. ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് പദവിയിലേക്ക് വിദ്യാർത്ഥി പരിഷത്ത് സ്ഥാനാർത്ഥിയായായിരുന്നു ആദ്യ മത്സരം. അന്ന് വിജയിച്ചതിൽ പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നത് ഇപ്പോൾ മാത്രമാണ്. സാമ്പത്തികശാസ്ത്രത്തിലും നിയമത്തിലും ബിരുദം നേടിയിട്ടുണ്ട്. ലണ്ടൻ സ്കൂൾ ഒഫ് എക്കണോമിക്സിൽ നിന്ന് എം എൽ എം നേടി.ബി ജെ പിയുടെ യൂത്ത് വിംഗ് ബി ജെ വൈ എമ്മിന്റെ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, നാഷണൽ മീഡിയ ഇൻ - ചാർജ്, തുടങ്ങിയ ഭാരവാഹിത്വങ്ങളിൽ പ്രവർത്തിച്ചു. 2015 ൽ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിച്ചെങ്കിലും വിജയിച്ചില്ല. പക്ഷേ, ഇതോടെ നൂപുറിന്റെ കരിയർ ഗ്രാഫ് കുത്തനെ ഉയരുകയായിരുന്നു. വിഷയങ്ങൾ നന്നായി പഠിച്ച് അവതരിപ്പിക്കുന്നതും ചടുലമായ പെരുമാറ്റവും കുറിക്കുകൊള്ളുന്ന മറുപടിയുമൊക്കെ ടെലിവിഷൻ ചാനലുകളിലെ രാഷ്ട്രീയ ചർച്ചകളിൽ പാർട്ടിയുടെ സ്ഥിരം മുഖമാക്കി നൂപുറിനെ മാറി. ഇങ്ങനെ പങ്കെടുത്ത ഒരു ചർച്ചക്കിടെ ആവേശം മൂത്ത് നടത്തിയ പരാമർശമാണ് മോദി സർക്കാരിനെയും പാർട്ടിയെയും കടുത്ത സമ്മർദ്ദത്തിലാക്കിയത്.

nupur

നേതാവാക്കിയത് ആ സംഭവം

നൂപുർ ഡൽഹി യൂണിവേഴ്‌സിറ്റിയിൽ പഠിക്കവെ അവിടെ വര്‍ഗീയതയും ജനാധിപത്യവും ഫാസിസവും എന്ന വിഷയത്തിൽ ഒരു ഫാക്കൽറ്റി സെമിനാറിൽ നടത്തി. ഇതിലേക്ക് പാർലമെന്റ് ആക്രമണക്കേസിൽ പ്രതിചേർക്കപ്പെട്ട എസ്എആര്‍ ഗിലാനിയെയും ക്ഷണിച്ചിരുന്നു. സെമിനാർ വേദിയിലേക്ക് എ ബി വി പിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പ്രതിഷേധവുമായി എത്തി. മുൻ നിരയിൽ നിന്നത് നൂപുറായിരുന്നു. പ്രതിഷേധക്കാർ ഗിലാനിയെ മർദ്ദിച്ചെന്നും തീരെ മോശമായി പെരുമാറിയെന്നും പ്രചാരണമുണ്ടായിരുന്നു. അന്ന് രാത്രി നടന്ന ടെലിവിഷൻ ചർച്ചയിൽ പൊട്ടിത്തെറിച്ചുകൊണ്ടാണ് നൂപുർ തന്റെ പ്രവൃത്തിയെ ന്യായീകരിച്ചത്. അതോടെ തീപ്പൊരി നേതാവ് പട്ടം ലഭിച്ച നൂപുർ ഉന്നത നേതാക്കളുടെ കണ്ണിലുണ്ണിയാവുകയായിരുന്നു. മനാേജ് തിവാരിയുടെ കീഴിലുള്ള ബിജെപി ഡൽഹി ഘടകത്തിന്റെ ഔദ്യോഗിക വക്താവായി അവർ നിയമിതയായി. 2020ൽ ജെ പി നദ്ദയുടെ അദ്ധ്യക്ഷതയിൽ അവർ ബിജെപിയുടെ ദേശീയ വക്താവായി നിയമിതയാവുകയായിരുന്നു.

nupur

വിവാദ പ്രസ്താവന

ഗ്യാൻവാപി സംഭവത്തെക്കുറിച്ച് മേയ് 28ന് നടത്തിയ ചർച്ചക്കിടെയാണ് വിവാദ പ്രസ്താവന നടത്തിയത്. ഇസ്ളാമിക മതഗ്രന്ഥങ്ങളിൽ നിന്നുള്ള കാര്യങ്ങൾ, ആളുകൾ തുടങ്ങിയവ പരിഹാസ പാത്രങ്ങളാണെന്ന് നൂപുർ പറഞ്ഞുവെന്നാണ് ആരോപണം. മണിക്കൂറുകൾക്കുള്ളിൽ പ്രസ്താവന വൻ വിവാദമായി. പ്രസ്താവനയ്‌ക്കെതിരെ മുസ്ലിം സംഘടനകള്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രസ്താവനയെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. 20 പൊലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം 40 ഓളം പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയുണ്ടായി. സംഭവത്തില്‍ 36 പേരെ അറസ്റ്റ് ചെയ്യുകയും 1500-ഓളം പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

പ്രസ്താവനയിലെ അപകടം വ്യക്തമായതോടെ വിശദീകരണവുമായി നൂപുർ രംഗത്തെത്തി. താൻ ഒരു മതത്തെയും വിശ്വാസത്തെയും അവഹേളിക്കാൻ ശ്രമിച്ചിട്ടില്ലെന്നായിരുന്നു നൂപുർ ട്വിറ്ററിൽ കുറിച്ചത്. ശിവദേവനെ അപമാനിക്കുന്നതുമായി ബന്ധപ്പെട്ട് ഞാൻ ദിവസങ്ങളായി ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്. അതിനിടെ തമാശയാക്കുന്ന തരത്തിൽ ശിവലിംഗം ജലധാരയ്ക്കുള്ള സ്തൂപമാണെന്ന് പറഞ്ഞു. റോഡരികുകളിലെ മുന്നറിയിപ്പും അടയാളങ്ങളുമായും ശിവലിംഗത്തെ താരതമ്യം ചെയ്തു. ഇങ്ങനെ തുടർച്ചയായി അപമാനിക്കുന്നത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. അങ്ങനെയാണ് ചില കാര്യങ്ങൾ എനിക്ക് പറയേണ്ടിവന്നത്. എന്റെ വാക്കുകൾ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുകയോ, മതവികാരം വ്രണപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ എന്റെ പരാമർശം നിരുപാധികം പിൻവലിക്കുകയാണ്. ആരുടെയും മതവികാരം വ്രണപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല - നൂപുർ ട്വിറ്ററിൽ കുറിച്ചു.

nupur

ഉച്ചിയിൽ വച്ച കൈകൊണ്ട്...

അപകടം തിരിച്ചറിഞ്ഞ ബി ജെ പി കടുത്ത നടപടി തന്നെയെടുത്തു. നൂപുറിനെ സസ്പെൻഡുചെയ്തു. ഒപ്പം പാര്‍ട്ടിയുടെ ഡല്‍ഹി മാദ്ധ്യമവിഭാഗം മേധാവി നവീന്‍ ജിന്‍ഡാലിനേയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. നൂപുറിന്റെ പ്രസ്താവനയെ തള്ളിയ പാർട്ടി 'ഇന്ത്യയുടെ ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രത്തില്‍, എല്ലാ മതങ്ങളും വളരുകയും പന്തലിക്കുകയും ചെയ്തു. ഭാരതീയ ജനതാ പാര്‍ട്ടി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഏതെങ്കിലും മതത്തിലെ ഏതെങ്കിലും മതവ്യക്തിത്വങ്ങളെ അപമാനിക്കുന്നതിനെ ബി.ജെ.പി. ശക്തമായി അപലപിക്കുന്നു' എന്ന് പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തു.