ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ് ലോകമെമ്പാടും പ്രചാരം 
നേടുമ്പോൾ സ്വന്തം അനുഭവത്തിൽ അതേക്കുറിച്ച്
വിശദീകരിക്കുകയാണ് പ്രശസ്ത ഡിസൈനറായ  ബീന കണ്ണൻ

ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ് അഥവാ ഭക്ഷണം കഴിക്കുന്ന സമയങ്ങൾ തമ്മിലുള്ള ഇടവേള കൂട്ടുകയെന്നത് ഇപ്പോൾ ലോകത്ത് വലിയ പ്രചാരം നേടിവരുന്ന ഒരു ജീവിത ശൈലിയാണ്. അതായത് ഒരു ഭക്ഷണവും അടുത്ത ഭക്ഷണവും തമ്മിലുള്ള ഇടവേള കൂട്ടുന്ന പ്രക്രിയയാണ് ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ് . ഒന്നുകിൽ അത്താഴം മുതൽ പ്രഭാതഭക്ഷണം വരെ , അല്ലെങ്കിൽ പ്രഭാതഭക്ഷണം മുതൽ ഉച്ചഭക്ഷണംവരെയോ തുടർന്ന് , അത്താഴം വരെയോ ഉള്ള സമയങ്ങളിലെ ഭക്ഷണം കഴിക്കുന്നതിന്റെ ഇടവേള കൂട്ടുക. ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം.എന്നാൽ ഒരുകാര്യം ഞാൻ ആദ്യമേ വ്യക്തമാക്കാം. ഇത് എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നതാണ്.എന്തെങ്കിലും രോഗമുള്ളവർ ഈ രീതി പിന്തുടരുന്നതിനുമുമ്പ് അവരെ ചികിത്സിച്ചുവരുന്ന വിദഗ്ദ്ധ ഡോക്ടറുടെ ഉപദേശം തേടിയിരിക്കണം.
ഭക്ഷണം കഴിക്കുന്ന സമയം നിയന്ത്രിക്കുകയെന്നത് നമ്മുടെ യോഗാ സംസ്കാരത്തിന്റെയും , പാരമ്പര്യജ്ഞാനത്തിന്റെയും ഭാഗമായിരുന്നു. രണ്ട് ഭക്ഷണസമയത്തിനിടയിൽ 12 മണിക്കൂർ ഇടവേള ഉണ്ടാകണമെന്നാണ് അതിലൊക്കെ പറഞ്ഞിരുന്നത് . അത് കുറച്ചു കൂടി നീട്ടി 16 മുതൽ 18 മണിക്കൂർ വരെയാക്കുന്ന പ്രക്രിയ ആണ് മാതൃകാപരമായ ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ്.എന്നാൽ 20 മണിക്കൂർ വരെ ചെയ്യുന്നവരും ഉണ്ട് .പക്ഷേ അതൊക്കെ ദീർഘമായ ഉപവാസത്തിന്റെ പട്ടികയിൽ വരും. ഭാരം കുറയുന്നതിനും മേദസ് കുറയുന്നതിനും ഉപരി ഒരുപാട് ഹോർമോണൽ വ്യതിയാനങ്ങളും ഇതിലൂടെ ശരീരത്തിൽ നടക്കും . അതുകൊണ്ടാണ് എല്ലാവരും ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗിനെ പ്രോത്സാഹിപ്പിക്കുന്നത്. അലൗകികമായ അനുഭൂതിക്കൊപ്പം ആരോഗ്യസംബന്ധിയായ ഒരു പാട് ഗുണങ്ങളും ഇതിൽനിന്ന് ലഭിക്കും.
സവിശേഷമായ ഉപവാസരീതി
എത്ര നേരം ഭക്ഷണം കഴിക്കാതെ ഇരിക്കുന്നു എന്നത് നമ്മുടെ ആരോഗ്യം, ഉപവസിക്കുന്നതിലുള്ള നമ്മുടെ പരിചയം എന്നതിനെ ആശ്രയിച്ചിരിക്കും. ഒരു ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്നവരുണ്ട്. ഒരു നേരത്തെ ഭക്ഷണത്തെ ഒന്നോ രണ്ടോ ആയി വിഭജിച്ച് രണ്ടുമണിക്കൂറിനകം ഇടവിട്ട് കഴിക്കുകയും തുടർന്ന് 22 മണിക്കൂറോളം ഉപവസിക്കുന്നവരുമുണ്ട്. എന്നാൽ സവിശേഷമായ ഒരു ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ് രീതി 16 മുതൽ 18 മണിക്കൂർ വരെ ആദ്യ ഭക്ഷണത്തിൽ നിന്ന് തുടർന്നു കഴിക്കുന്ന ഭക്ഷണത്തിന് ഇടവേള എടുക്കുന്നതാണെന്നാണ് എന്റെ അഭിപ്രായം .

ഉപവസിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
ഉപവസിക്കുന്ന സമയത്ത് നമ്മൾ ജലപാനം പോലും ഇല്ലാതെ ഇരിക്കണം എന്നാണ് ശാസ്ത്രം. പക്ഷേ അത് മതപരവും ആത്മീയവുമായ നേട്ടങ്ങൾ ലക്ഷ്യം വച്ച് ചെയ്യുമ്പോൾ മതിയാകും .എന്നാൽ ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗിലൂടെ ആരോഗ്യപരമായ മേന്മയെയാണ് നോക്കുന്നത്.ആ ഫാസ്റ്റിംഗ് വേളയിൽ ചില മിനറൽസ് നമ്മുടെ ശരീരത്തിൽ ചെല്ലണം മഗ്നീക്ഷ്യം, സിങ്ക്, പൊട്ടാസ്യം, സോഡിയം എന്നീ ഘടകങ്ങൾ നമ്മുടെ ശരീരത്തിൽ ചെന്നാൽ മാത്രമേ ഫാസ്റ്റിംഗിന്റെ യഥാർത്ഥ ഗുണം ഉണ്ടാവുകയുള്ളു. ഫാസ്റ്റിംഗ് സമയത്ത് നമ്മുടെ ദാഹം അനുസരിച്ചും നിർജലീകരണം ഒഴിവാക്കാനും വെള്ളം എത്ര വേണമെങ്കിലും കുടിക്കാം. ബ്ലാക്ക് കോഫി(ഇൻസ്റ്റന്റ് അല്ല), പൊടിക്കാപ്പി,ഓർഗാനിക് ആയിട്ടുള്ള കോഫിയുമൊക്കെ കുടിക്കാം, ഗ്രീൻ ടീയും ബ്ലാക്ക് ടീ യും കുടിക്കാം. പക്ഷേ ഇതിൽ പാലോ, ക്ഷീരോത്പ്പന്നങ്ങളോ , ക്രീമോ ഷുഗറോ ഒന്നും ചേർക്കാൻ പാടില്ല. നാരങ്ങാവെള്ളത്തിൽ കുറച്ച് കല്ലുപ്പ് അല്ലെങ്കിൽ പിങ്ക് സോൾട്ട് (ഹിമാലയൻ സാൾട്ട് ) കാൽ ടീസ്പൂൺ ഇട്ട് കുടിക്കാവുന്നതാണ്. എല്ലാം നമ്മുടെ ഫാസ്റ്റിംഗിനെ സഹായിക്കും. ശരീരത്തിൽ ക്ഷീണം വരാതെയും ഡീഹൈഡ്രേഷൻ വരാതെയും അനായാസേന ഫാസ്റ്റിംഗ് പീരീഡ് കടന്നുപോകാനും ഇത് സഹായിക്കും.
കലോറി കുറയ്ക്കൽ
ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ് തുടങ്ങി കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ സംഭരിച്ചിട്ടുള്ള ഊർജ്ജത്തെ ഉപയോഗിക്കാനുള്ള ഒരു ഉപായം ആയി അത് മാറും. ശരീരത്തിന് ആരോഗ്യം ഉണ്ടാക്കുന്ന മറ്റു ഘടകങ്ങളേക്കാൾ ഉപരി ശരീരത്തിലെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം കലോറി ഇൻ കലോറി ഔട്ട് രീതി ആണ് . അതായത് ഊർജ്ജത്തിന്റെ അളവ് കുറയ്ക്കുന്നത് നല്ലൊരു ശീലമല്ല. ഭക്ഷണത്തിന്റെ ഗുണമേന്മയാണ് നോക്കേണ്ടത്. ഷുഗർ ഉള്ളതും അന്നജം കൂടുതലുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുകയും  ലോ  കാർബോ ഹൈഡ്രേറ്റ് ഡയറ്റ് ഫോളോ ചെയ്യുന്നതും ഉത്തമമായിരിക്കും. ആഹാരക്രമീകരണം എന്നു പറയുമ്പോഴെ കലോറി കുറയ്ക്കലാണെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്. അത് ഒരു ഓൾഡ് സ്കൂൾ തിയറി ആണ്. എന്റെ അഭിപ്രായത്തിൽ കലോറി കൗണ്ട് കുറയ്ക്കാൻ പാടില്ല. മാക്സിമം ഒരു 200,300  കലോറി വേണമെങ്കിൽ കുറയ്ക്കാം. പെട്ടെന്ന് നമ്മൾ കലോറി കുറയ്ക്കുകയും ഉപവസിക്കുകയും ചെയ്താൽ നമ്മുടെ മെറ്റബോളിസം കുറയുകയും ഒരുപാട് വിപത്തുകൾക്ക് കാരണമാവുകയും ചെയ്യും. കലോറി കുറയ്ക്കേണ്ട , അളവും കുറയ്ക്കേണ്ട , പക്ഷേ ഭക്ഷണത്തിന്റെ ക്വാളിറ്റി കൂട്ടണം.

വെജിറ്റേറിയനും നോൺ വെജിറ്റേറിയനും
വെജിറ്റേറിയനാണോ നോൺ വെജിറ്റേറിയനാണോ നല്ലതെന്ന് ഒരുപാട് കാലം ചർച്ച ചെയ്ത വിഷയമാണ്. 50, 55 വർഷം ഞാൻ വെജിറ്റേറിയൻ ആയിരുന്നു. പക്ഷേ കാലക്രമേണ മനസ്സിലായ ഒരു കാര്യം, ഇന്നത്തെ കാലത്ത് നമ്മൾ വളരെ ശ്രദ്ധിച്ച് പച്ചക്കറി തിരഞ്ഞെടുത്തില്ലെങ്കിൽ വലിയ ദോഷങ്ങൾ ഉണ്ടാവാനിടയുണ്ട്. ഓർഗാനിക് ആയിട്ടുള്ള പച്ചക്കറികളും അതിന്റെ പല വെറൈറ്റികളും നമുക്ക് ലഭിക്കുമെങ്കിൽ വെജിറ്റേറിയൻ ഈസ് എ ഗുഡ് ഓപ്ഷൻ. അങ്ങനെ ഇല്ലാത്ത സ്ഥിതിക്ക് നമ്മൾ നോൺവെജിറ്റേറിയൻ കൊണ്ട് തൃപ്തിപ്പെടേണ്ടി വരും.നല്ല പച്ചക്കറി അല്ലെങ്കിൽ നമുക്ക് എല്ലാത്തരത്തിലും ഉള്ള മിനറൽസ് കിട്ടാൻ പാടാകും. അതുപോലെ നോൺ വെജിറ്റേറിയനിൽ നിന്ന് കിട്ടുന്ന അയൺ പോലെയുള്ള ഘടകങ്ങൾ വെജിറ്റേറിയൻ ഭക്ഷണത്തിൽ നിന്നും കിട്ടാൻ പാടുമാണ്. ഞാൻ ഒരു പ്രായം എത്തുന്നതുവരെ വെജിറ്റേറിയൻ ആയിരുന്നു. പിന്നീട് പല പോരായ്മകളും ഉണ്ടായപ്പോൾ കുറെയൊക്കെ സപ്ലിമെന്റ് വച്ച് പരിഹരിച്ചു . കുറഞ്ഞ നോൺ വെജിറ്റേറിയൻഭക്ഷണത്തിൽ നിന്ന് കൂടുതൽ ഊർജ്ജം ലഭിക്കും.അതുപോലെ തന്നെ ഒരുപാട് മിനറൽസും വൈറ്റമിൻസും ഒക്കെ നമ്മുടെ ശരീരത്തിൽ ചെല്ലണം എന്നുണ്ടെങ്കിൽ ഉറപ്പായിട്ടും ഞാൻ നോൺവെജിറ്റേറിയൻ ശുപാർശചെയ്യും . എന്നാലും വെജിറ്റേറിയൻ ഫോളോ ചെയ്യുന്നവരെ ഞാൻ നിരുത്സാഹപ്പെടുത്തില്ല. നോൺ വെജിറ്റേറിയൻ ഫുഡ് ഒരു ബെറ്റർ ഓപ്ഷൻ ആയിട്ട് എനിക്കുതോന്നുന്നു. ഇത് എന്റെ മാത്രം അഭിപ്രായമാണ്.
എന്റെ ഉപവാസം
എല്ലാവരും ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ് തുടങ്ങിക്കഴിഞ്ഞാൽ അതൊരു ജീവിതശൈലിയുടെ ഭാഗമാക്കുകയാണ് ചെയ്യുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ 60 ശതമാനത്തോളം ആളുകൾ, ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ് ഇപ്പോൾ ജീവിതശൈലിയുടെ ഭാഗമാക്കിയിട്ടുണ്ട് . രാത്രി അത്താഴം കഴിഞ്ഞാൽ പിറ്റേദിവസം ബ്രേക്ക്ഫാസ്റ്റ് വരെ ഒരു 12 മണിക്കൂർ മിനിമം ഒരാൾ ഫാസ്റ്റ് ചെയ്യുന്നുണ്ട് .ആഴ്ചയിൽ ഒരു മൂന്ന് തവണ ഫാസ്റ്റിംഗ് 16 മുതൽ 18 മണിക്കൂർ വരെ ചെയ്യുകയും ഒരു ദിവസം മാത്രം ഇരുപതോ ഇരുപത്തിമൂന്നോ മണിക്കൂർ അല്ലെങ്കിൽ 24 മണിക്കൂറും ഫാസ്റ്റ് ചെയ്യാൻ പറ്റിയാൽ ഏറ്റവും ഉത്തമം എന്ന് ഞാൻ പറയും.
തടിയുടെ കാര്യം
ചിലർ പെട്ടെന്ന് തടിവയ്ക്കും.മറ്റു ചിലരാകട്ടെ എത്ര കഴിച്ചാലും തടിവയ്ക്കില്ല.എന്തുകൊണ്ട്?
നമ്മൾ പണ്ടേ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാണ് ചിലർ എത്ര കഴിച്ചാലും മെലിഞ്ഞേ ഇരിക്കുകയുള്ളു .ചിലർ കുറച്ച് കഴിച്ചാലും വണ്ണം വയ്ക്കും . ഇത് ഒരു ഹോർമോണൽ പ്രോബ്ലം ആണ്. അതിൽ ഒരുപാട് ഘടകങ്ങളുണ്ട്. അവരുടെ ഉറക്കം , മാനസിക സമ്മർദ്ദത്തിന്റെ ലെവലുകൾ( stress levels) ജനിതകഘടന അങ്ങനെ പലകാര്യങ്ങളുണ്ട്. പാരമ്പര്യമായി കുടുംബത്തിലെ മറ്റുള്ളവർക്കും താരതമ്യേനെ വണ്ണമുള്ള ടൈപ്പ് ആണെങ്കിൽ അതും ബാധിക്കും. ഒരാളുടെ ജനിതകഘടനയാണ് ഇതിനെല്ലാം കാരണമാകുന്നത്. കഴിക്കുന്ന ഭക്ഷണം എന്താണ് എന്നുള്ളതും പ്രധാനമാണ് . പിന്നെ അവരുടെ ഓവറാൾ മെറ്റബോളിക് ലെവലും നോക്കണം.ചിലരുടേത് പെട്ടെന്ന് ബേൺ ആവുന്ന ബോഡി ടൈപ്പ് ആയിരിക്കാം ചിലരുടേതാകട്ടെ പതിയെ ആയിട്ടായിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം എന്ത് കഴിച്ചാലും വണ്ണം വയ്ക്കുന്ന ശരീര പ്രകൃതം ആയതുകൊണ്ട് ഞാൻ കുറച്ച് കെയർഫുൾ ആയിരുന്നു .
യാത്ര ചെയ്യുമ്പോൾ
ബിസിനസ് ആവശ്യങ്ങൾക്കായി ഒരുപാട് യാത്ര ചെയ്യുന്ന ഒരു ജോലിയാണ് എന്റേത്. ഇന്ന് കാഞ്ചിപുരം ആണെങ്കിൽ നാളെ മുംബയിലോ അടുത്തദിവസം രാജസ്ഥാനിലോ ആയിരിക്കും ഇങ്ങനെ ട്രാവൽ ചെയ്യുന്നതുകൊണ്ട് എനിക്ക് ചിട്ടയായ ദിനചര്യ ഫോളോ ചെയ്യാൻ പറ്റി എന്നു വരില്ല. എന്നിരുന്നാലും ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ് ഫോളോ ചെയ്യാനാകും. നമ്മൾ കഴിക്കുന്ന ഭക്ഷണം ഏറ്റവും പ്രധാനമായിട്ടുള്ള കാര്യമാണ്.ആരോഗ്യം ഉണ്ടെങ്കിലേ മറ്റുള്ള എന്തും ഉള്ളു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് എവിടെപ്പോയിരുന്നാലും എന്റെ ഭക്ഷണം ഞാൻ തന്നെ കൊണ്ടുപോകും. അത് ചിലപ്പോൾ പ്രോട്ടീൻ പൗഡർ ആകാം, അമിനോആസിഡ് ആവാം വൈറ്റമിൻസ്,മിനറൽസ് ഒക്കെ ആവാം എന്തെങ്കിലും പൊടികൾ ആകാം. ഇനി അതല്ല നമ്മൾ ഒരു ഹോട്ടലിൽ പോയാലും ഭക്ഷണകാര്യത്തിൽ തിരഞ്ഞെടുപ്പ് സാദ്ധ്യമാണ്. ഒരു ബിരിയാണി കഴിക്കുകയാണെങ്കിൽ അതിനകത്തെ ചിക്കൻ പീസും സാലഡ്സും മാത്രം കഴിക്കുക.അരിയുടെ അളവ് ഒഴിവാക്കുക അല്ലെങ്കിൽ കുറയ്ക്കുക.ഇങ്ങനെയുള്ള ചെറുതും നൂതനവുമായ സിമ്പിൾ ടെക്നിക്സ് നോക്കാം.എവിടെ യാത്രപോയാലും നമ്മൾക്ക് ഈ ദിനചര്യ ഫോളോ ചെയ്യാൻ സാധിക്കും. പിന്നെ 24 മണിക്കൂറിൽ ഒരു അഞ്ചു മിനിറ്റെങ്കിലും അവനവന്റെ വ്യായാമത്തിനായി മാറ്റി വയ്ക്കണം . ഹോട്ടലിൽ ആണെങ്കിലും പുറത്താണെങ്കിലും കൈവീശി ഒന്നു നടന്നാൽ മതി അത് ഒരു വ്യായാമമായി മാറും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.

സാരിയുടെ അംബാസഡർ
സാരിയെ ലോക ഫാഷൻ ഭൂപടത്തിൽ സജീവമാക്കിയ ബീന കണ്ണൻ പ്രമുഖ വ്യവസായിയും പ്രശസ്ത ഇന്ത്യൻ ഡിസൈനറുമാണ്. പട്ടിനെ ലോകശ്രദ്ധയിലെത്തിക്കുന്നതിൽ വഹിച്ച പങ്കിന് അനവധി അംഗീകാരങ്ങൾ ബീനയെ തേടിയെത്തിയിട്ടുണ്ട്.കാഞ്ചിപുരം പട്ട് സാരിയിൽ ബീന തീർത്ത ഡിസൈൻ വിസ്മയം പറഞ്ഞറിയിക്കാനാവില്ല.വസ്ത്രവ്യാപാരരംഗത്തെ ചക്രവർത്തിയായ വീരയ്യാ റെഡ്ഢ്യാരുടെ പേരക്കുട്ടിയും വി.തിരുവെങ്കിടത്തിന്റെയും സീതാലക്ഷ്മിയുടെയും മകളുമായ ബീന അച്ഛനും ഭർത്താവ് കണ്ണനുമൊപ്പം 1980 ലാണ് ശീമാട്ടിയിലെ റീട്ടെയിൽ ബിസിനസിൽ പ്രവേശിക്കുന്നത്. 2000 ത്തിൽ ഭർത്താവിന്റെ അകാലനിര്യാണത്തോടെ സ്ഥാപനത്തിന്റെ സാരഥ്യം ഏറ്റെടുത്ത ബീന കണ്ണൻ ഇന്ന് വിജയമാർജ്ജിച്ച വ്യവസായ സംരംഭകയും മാർഗദർശിയുമാണ്.അറുപത്തിരണ്ടാം വയസിലും കൃത്യമായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും ആരോഗ്യം സംരക്ഷിക്കുന്ന ബീന കണ്ണൻ ഫാഷൻ ലോകത്ത് ആരാധകരേറെയുള്ള ഉജ്ജ്വല വ്യക്തിത്വമാണ്.