oic

ന്യൂഡൽഹി: പ്രവാചകനെതിരെ പരാമർശം നടത്തിയ വിഷയത്തിൽ ശക്തമായ പ്രതികരണവുമായി ഇന്ത്യ. പരാമർശം നടത്തിയ നേതാവിനെതിരെ നടപടിയെടുത്തതായും എന്നാൽ ഇന്ത്യയ്‌ക്കെതിരെ തെറ്റിദ്ധാരണ പരത്താനാണ് ഓർഗനൈസേഷൻ ഓഫ് ഇസ്ളാമിക് കോഓപറേഷൻ(ഒഐസി) ശ്രമിക്കുന്നതെന്നും കേന്ദ്ര സ‌ർക്കാ‌ർ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. ഇതിനെതിരെ ഐക്യരാഷ്‌ട്രസഭ ഇടപെടണമെന്നും സ‌ർക്കാ‌ർ ആവശ്യപ്പെട്ടു.

'ഒഐസി സെക്രട്ടറിയേറ്റിൽ നിന്നുള‌ള ഇന്ത്യയെക്കുറിച്ചുള‌ള പ്രസ്‌താവന കണ്ടു. ഒഐസി സെക്രട്ടറിയേ‌റ്റിന്റെ അനാവശ്യവും സങ്കുചിതവുമായ അഭിപ്രായങ്ങളെ സർക്കാർ നിരാകരിക്കുന്നു.' സ‌ർക്കാർ വ്യക്തമാക്കി. ഒഐസി സെക്രട്ടറിയേറ്റിന്റെ വർഗീയ സമീപനം അവസാനിപ്പിക്കാനും എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന നിലപാടെടുക്കാനും ഇന്ത്യ ആവശ്യപ്പെട്ടു.

ഗ്യാൻവാപി വിഷയത്തിലെ ഒരു ടിവി ചർച്ചയ്‌ക്കിടെയാണ് ബിജെപി ദേശീയ വക്താവ് നൂപുർ ശർമ്മ പ്രവാചകനെതിരെ സംസാരിച്ചത്. പ്രശ്‌നം വഷളായതോടെ ബിജെപി നൂപുരിനെയടക്കം രണ്ട് നേതാക്കളെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു. എല്ലാ മതങ്ങളെയും തുല്യമായി കാണുന്ന നിലപാടാണ് പാർട്ടിയ്‌ക്കെന്നും പ്രസ്‌താവനയും പുറപ്പെടുവിച്ചു. വിഷയത്തിൽ ഖത്തർ, ഒമാൻ, സൗദി അറേബ്യ, പാകിസ്ഥാൻ എന്നിങ്ങനെ വിവിധ രാജ്യങ്ങൾ ഇന്ത്യയ്‌ക്കെതിരെ തിരിഞ്ഞതോടെ പ്രധാനമന്ത്രിയും വിഷയത്തിൽ അതൃപ്‌തനാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.