
ജോലിയ്ക്കിടയിൽ ഫയലുകളോ സന്ദേശങ്ങോ ഒക്കെ സഹപ്രവർത്തകരോട് വേഗത്തിൽ പങ്കുവയ്ക്കാൻ പലപ്പോഴും നമ്മുടെ വാട്സാപ്പ് ഓഫീസിലെ കംപ്യൂട്ടറിൽ ലോഗിൻ ചെയ്യാറുണ്ട്. വാട്സാപ്പ് വെബ് വഴിയാണ് കംപ്യൂട്ടറിൽ വാട്സാപ്പ് ലോഗിൻ ചെയ്യാൻ സാധിക്കുക. വാട്സാപ്പിന്റെ തന്നെ ലിങ്ക്‌ഡ് ഡിവൈസ് എന്ന സേവനമാണ് ഇതിനായി നാം ഉപയോഗപ്പെടുത്തുന്നത്.
അടുത്തിടെ വന്ന അപ്ഡേറ്റിൽ ഒരേ സമയം ഏകദേശം അഞ്ചോളം ഉപകരണങ്ങളിൽ (ഫോൺ ഉൾപ്പെടെ) ഒരേ വാട്സാപ്പ് അക്കൗണ്ട് ഉപയോഗിക്കാം എന്ന മാറ്റം കമ്പനി കൊണ്ടുവന്നിരുന്നു. അതിനായി പ്രൈമറി ഡിവൈസിൽ ഇന്റർനെറ്റ് വേണമെന്നു പോലുമില്ല. വാട്സാപ്പ് ആക്ടീവ് ചെയ്തിരിക്കുന്ന ആദ്യത്തെ ഉപകരണമാണ് പ്രൈമറി ഡിവൈസ്. സാധാരണ ഇത് നമ്മുടെ ഫോൺ തന്നെയായിരിക്കും.
ഓഫീസിലെ കംപ്യൂട്ടറിൽ നിന്ന് വാട്സാപ്പ് ലോഗ് ഔട്ട് ചെയ്യാൻ മറക്കുക എന്ന അബദ്ധം നമ്മളിൽ പലർക്കും സംഭവിക്കുന്നതാണ്. ചിലപ്പോൾ പല വ്യക്തികൾ ഉപയോഗിക്കുന്ന കംപ്യൂട്ടറിൽ ആയിരിക്കും ഇത്തരത്തിൽ നമ്മുടെ സ്വകാര്യ സന്ദേശങ്ങൾ ഉൾപ്പെടെ വരുന്ന വാട്സാപ്പ് ആക്ടീവ് ആക്കി ഇട്ടിട്ട് പോകുന്നത്. ശ്രദ്ധിക്കുക കംപ്യൂട്ടർ ഷട്ട് ഡൗൺ ചെയ്ത് ഓഫാക്കിയാലും വാട്സാപ്പ് വെബ്ബിൽ നിന്ന് ലോഗ് ഔട്ട് ചെയ്യാത്തിടത്തോളം അത് ആ കംപ്യൂട്ടറിൽ ആക്ടീവ് ആയി തന്നെയിരിക്കും.
ഇത്തരത്തിൽ ആക്ടീവ് ആയി ഇരിക്കുന്ന കാര്യത്തിന്റെ വിവരം നമ്മുടെ ഫോണിനുള്ളിൽ കാണിക്കുമെങ്കിലും ഇത് നമ്മുടെ കണ്ണിൽ പെടാറില്ല. ഈ സാഹചര്യത്തിൽ നമ്മുടെ സ്വകാര്യ സംഭാഷണങ്ങളും നാം പങ്കുവയ്ക്കുന്ന ചിത്രങ്ങളുമെല്ലാം മറ്റുള്ളവർ കാണാനിടയാകും. ഈ പ്രശ്നത്തിന് വാട്സാപ്പ് തന്നെ ഒരു പരിഹാരം കണ്ടെത്താൻ ഒരുങ്ങുകയാണ്.
വാട്സാപ്പിനുള്ളിൽ നിലവിലുള്ള ടു സ്ടെപ്പ് വെരിഫിക്കേഷൻ കുറച്ചുകൂടി മെച്ചപ്പെടുത്തുക വഴിയാണ് ഈ പ്രശ്നത്തിന് വിരാമമിടുക. വാട്സാപ്പിലെ ടു സ്ടെപ് വെരിഫിക്കിഷേൻ ആക്ടിവേറ്റ് ചെയ്തിട്ടുള്ളവർക്ക് ഒരു ആറക്ക പിൻ നമ്പർ ഉണ്ടാകും. ചിലപ്പോഴൊക്കെ അധിക സുരക്ഷ എന്ന പേരിൽ വാട്സാപ്പ് ഈ കോഡ് നമ്മോട് ചോദിക്കുകയും ചെയ്യും. ഫോണിൽ വാട്സാപ്പ് തുറക്കണമെങ്കിൽ ചിലപ്പോഴൊക്കെ ഈ കോഡ് നൽകേണ്ടതുണ്ട്. എന്നാൽ ലിങ്ക്ഡ് ഡിവൈസുകൾ ആക്ടീവ് ചെയ്യുന്ന സമയത്ത് നിലവിൽ ഈ കോഡ് വാട്സാപ്പ് തിരക്കാറില്ല. എന്നാൽ ഇനി അങ്ങനെയാവില്ല കാര്യങ്ങൾ.
എപ്പോഴൊക്കെ ലിങ്ക്ഡ് ഡിവൈസുകളിൽ വാട്സാപ്പ് ഓപ്പൺ ചെയ്യുന്നോ, അപ്പോഴൊക്കെ ആ ഉപകരണത്തിൽ ഈ ആറക്ക വെരിഫിക്കേഷൻ കോഡ് നൽകണം. അല്ലാത്ത പക്ഷം വാട്സാപ്പ് തുറക്കുകയില്ല. അതായത് ഈ കോഡ് അറിയുന്നവർക്ക് മാത്രമേ ഇനി നമ്മുടെ വാട്സാപ്പ് മറ്റൊരു ഡിവൈസിൽ തുറക്കാൻ സാധിക്കുകയുള്ളു.
ചുരുക്കി പറഞ്ഞാൽ ഓഫീസിലെ കംപ്യൂട്ടറിൽ വാട്സാപ്പ് ലോഗ് ഔട്ട് ചെയ്യാൻ മറന്നാലും മറ്റാർക്കും നമ്മുടെ വാട്സാപ്പിലെ സന്ദേശങ്ങൾ വായിക്കാനാകില്ല. ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും മുന്നിൽ കണ്ടാണ് ഇത്തരമൊരു ഫീച്ചർ വികസിപ്പിക്കാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്. വാട്സാപ്പിലൂടെയുള്ള തട്ടിപ്പും ഇതിലൂടെ ചെറുക്കാനാകും.
ഈ ഫീച്ചർ ഇപ്പോൾ പരീക്ഷണാവസ്ഥയിലാണ്. വൈകാതെ തന്നെ ഇത് എല്ലാ ഉപയോക്താക്കൾക്കും ലഭിക്കും. പതിവുപോലെ വാബീറ്റ ഇൻഫോ തന്നെയാണ് ഈ വാർത്തയും പുറത്തുവിട്ടിരിക്കുന്നത്. ആദ്യം ബീറ്റ ടെസ്റ്റർമാർക്ക് ഉപയോഗിക്കാൻ നൽകിയ ശേഷമേ ഇത് മറ്റുള്ളവർക്കായി അവതരിപ്പിക്കുകയുഅള്ളു. ആൻഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കൾക്കും സേവനം ലഭ്യമാക്കും.
ടു സ്ടെപ്പ് വെരിഫിക്കേഷൻ ഏർപ്പെടുത്തുന്നത് എങ്ങനെ?
വാട്സാപ്പ് തുറക്കുക
മുകളിൽ വലതുവശത്ത് മൂന്ന് കുത്തുകളിൽ ക്ലിക്ക് ചെയ്യുകർ
സെറ്റിംഗ്സ് എടുക്കുക
അക്കൗണ്ട് ക്ലിക്ക് ചെയ്യുക
ടു സ്ടെപ്പ് വെരിഫിക്കേഷനിൽ ക്ലിക്ക് ചെയ്യുക
എനേബിൾ ചെയ്യുക
ഇഷ്ടമുള്ള ആറക്ക നമ്പർ പിൻ ആയിട്ട് സെറ്റ് ചെയ്യുക
നിങ്ങളുടെ ഈ മെയിൽ കൊടുക്കുക
ഈ മെയിൽ കൺഫോം ചെയ്യുക
സേവ് ചെയ്യുക
ഡൺ കൊടുക്കുക