bread-upma

വൈകുന്നേരങ്ങളിൽ ചായക്കൊപ്പം പുറത്തുനിന്നും വാങ്ങുന്ന പലഹാരങ്ങളാവും മിക്ക വീടുകളിലും ഉപയോഗിക്കുക. എന്നാൽ ഭക്ഷ്യവിഷബാധ രൂക്ഷമാകുന്ന ഈ സാഹചര്യത്തിൽ ഈ പ്രവണത പതിവാകുന്നത് ആരോഗ്യത്തിന് ഹാനികരമായേക്കാം. നമ്മുടെ വീടുകളിൽത്തന്നെ ശുദ്ധമായവ മാത്രം ഉപയോഗിച്ച് വൃത്തിയുള്ള ആഹാരം ഉണ്ടാക്കുന്നതാണ് എപ്പോഴും നല്ലത്.

കുറഞ്ഞ ചിലവിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന നിരവധി നാല് മണിപലഹാരങ്ങൾ ഉണ്ട്. നമുക്ക് തന്നെ പല പരീക്ഷണങ്ങൾ നടത്താവുന്നതുമാണ്. ഇത്തരത്തിൽ വീട്ടിൽത്തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നാല് മണിപലഹാരമാണ് ബ്രെഡ് ഉപ്പുമാവ്. ബ്രെഡ് ഉപയോഗിച്ച് ഓംലെറ്റ്, കട്‌ലെറ്റ്, ടോസ്റ്റ് തുടങ്ങിയ വിഭവങ്ങൾ മിക്കവാറും പേരും തയ്യാറാക്കാറുണ്ടെങ്കിലും ബ്രെഡ് ഉപ്പുമാവ് അധികമാരും പരീക്ഷിച്ചുകാണില്ല. വീട്ടിൽ തന്നെ കാണപ്പെടുന്ന ചേരുവകൾ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്.

ആവശ്യമായ ചേരുവകൾ

  1. ബ്രെഡ് ചെറിയ കഷ്ണങ്ങളാക്കിയത് ആവശ്യത്തിന്
  2. രണ്ട് ടേബിൾ സ്പൂൺ എണ്ണ
  3. കടുക് അര സ്പൂൺ
  4. കടലപ്പരിപ്പ് ഒരു ടേബിൾ സ്പൂൺ
  5. ഉഴുന്ന് ഒരു ടേബിൾ സ്പൂൺ
  6. ഒരു സവോള ചെറുതായി അരിഞ്ഞത്
  7. കറിവേപ്പില
  8. രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത്
  9. എട്ട് അല്ലെങ്കിൽ പത്ത് കശുവണ്ടി
  10. അര ടേബിൾ സ്പൂൺ മുളക് പൊടി
  11. അര ടേബിൾ സ്പൂൺ കുരുമുളക് പൊടി
  12. ഒരു ടൊമാറ്റോ ചെറുതായി അരിഞ്ഞത്
  13. മഞ്ഞൾപ്പൊടി അര ടേബിൾ സ്പൂൺ
  14. ആവശ്യത്തിന് വെള്ളം
  15. മല്ലിയില ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കിയതിന് ശേഷം കടുക് പൊട്ടിക്കണം. ഇതിലേയ്ക്ക് കടലപ്പരിപ്പും ഉഴുന്നും ഇട്ട് ഇളംബ്രൗൺ നിറമാകുന്നതുവരെ ഇളക്കണം. ഇതിൽ അരിഞ്ഞുവച്ചിരിക്കുന്ന ഉള്ളി, കറിവേപ്പില, പച്ചമുളക് എന്നിവ ചേർത്ത് യോജിപ്പിക്കണം. ഇതിൽ കശുവണ്ടി ചേർത്ത് വഴറ്റണം. പിന്നാലെ മുളക് പൊടി, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, എന്നിവയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കണം. അവസാനമായി അരിഞ്ഞുവച്ചിരിക്കുന്ന തക്കാളിയും ചേർത്ത് ഒരു പത്ത് മിനിട്ടിന് ശേഷം ബ്രെഡ് കഷ്ണങ്ങളാക്കിയത് ചേർത്ത് മസാല നന്നായി യോജിപ്പിക്കണം.ഇതിലേയ്ക്ക് മല്ലിയിലകൂടി ചേർത്താൽ ബ്രെഡ് ഉപ്പുമാവ് തയ്യാർ.

View this post on Instagram

A post shared by MasterChef Pankaj Bhadouria (@masterchefpankajbhadouria)