
നമ്മുടെ ആരോഗ്യവും നഖവും തമ്മിൽ വലിയ ബന്ധമുണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. അതുകൊണ്ടുതന്നെ നഖത്തിൽ നോക്കിയാൽ ഒരാൾക്ക് വരാൻ പോകുന്ന രോഗങ്ങളെ പറ്റിയുള്ള ഏകദേശ വിവരം ലഭിക്കും. നഖങ്ങളിൽ സാധാരണയായി കണ്ടുവരാറുള്ളതാണ് നിറവ്യത്യാസങ്ങൾ. അതുകൊണ്ടുതന്നെ വെള്ളയോ മഞ്ഞയോ നിറങ്ങൾ കണ്ടാലും നമ്മളിൽ പലരും അത് ശ്രദ്ധിക്കാറുമില്ല. എന്നാൽ ഇനി ഇതിനെ നിസാരമായി കാണരുത്. നഖത്തിൽ ഇത്തരം നിറവ്യത്യാസങ്ങൾക്ക് കാരണം ഫംഗസാണ്. ചിലരിൽ നഖങ്ങൾ പൊട്ടിപ്പോകുന്നതിനും രക്തസ്രാവം ഉണ്ടാകാനും ഇത് കാരണമാകുന്നു.
കാരണങ്ങൾ
നഖങ്ങൾ പൊട്ടുന്നത് പ്രായമായവരിൽ സാധാരണയാണ്. ഇതിന്റെ ഫലമായി നഖങ്ങളിൽ വിള്ളലുകൾ ഉണ്ടാകുന്നു. ഈ വിള്ളലുകളിലൂടെ ഫംഗസ് പ്രവേശിക്കുകയും അണുബാധയ്ക്ക് കാരണമാവുകയും ചെയ്യുന്നു. രക്തയോട്ടം കുറയുന്നതും മറ്റൊരു കാരണമാണ്. കൈയും കാലും വൃത്തിയായി സൂക്ഷിക്കാത്തതിലൂടെയും അണുബാധയുണ്ടാകാം.
പ്രതിരോധിക്കാൻ
കൈകളും കാലുകളും വൃത്തിയായി സൂക്ഷിക്കുക. കൃത്യമായി നഖങ്ങൾ വെട്ടി വൃത്തിയാക്കുക, ശേഷം നെയിൽ കട്ടർ അണുവിമുക്തമാക്കുക. മാനിക്യൂർ , പെഡിക്യൂർ എന്നിവ ചെയ്യുന്നവരാണെങ്കിൽ ഓരോ ഉപയോഗത്തിന് ശേഷവും ഉപകരണങ്ങൾ അണുവിമുക്തമാക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ അണുബാധ തടയാൻ സാധിക്കും.