v-d-satheesan

തിരുവനന്തപുരം: തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് കോൺഗ്രസ് പ്രവർത്തകരുടെ വക വൻ സ്വീകരണം. തിരുവനന്തപുരം വിമാനത്താളവത്തിലെത്തിയ അദ്ദേഹത്തെ മുദ്രാവാക്യങ്ങളോടെയും പുതിയ 'വിശേഷണ'ങ്ങളും നൽകിയാണ് പ്രവർത്തകർ എതിരേറ്റത്.

അതേസമയം, ക്യാപ്ടൻ, ലീ‌‌‌ഡർ തുടങ്ങിയ വിളികളിലൊന്നും വീഴുന്ന ആളല്ല താനെന്നാണ് സതീശൻ പ്രതികരിച്ചത്. തങ്ങളുടേത് കൂട്ടായ നേതൃത്വമാണ്. തന്റെ ചിത്രം മാത്രമുള്ള ഫ്ലക്സ് ബോർഡുകൾ എവിടെയെങ്കിലും സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അത് നീക്കം ചെയ്യാനും അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടു. കേരളത്തിന് ഒരേയൊരു ലീഡർ മാത്രമേയുള്ളൂവെന്നായിരുന്നു ലീഡർ വിളികളോടുള്ള അദ്ദേഹത്തിന്രെ പ്രതികരണം.

'തുടര്‍ച്ചയായ തോല്‍വികള്‍ ഉണ്ടായതിന് ശേഷം തൃക്കാക്കരയില്‍ ഉണ്ടായ ഉജ്ജ്വല വിജയം പ്രവര്‍ത്തകര്‍ക്കിടയില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. തൃക്കാക്കരയിലെ ജയം ഒരു തുടക്കം മാത്രമാണ്. ഇനിയും ഒരുപാട് കഠിനാദ്ധ്വനം ചെയ്യേണ്ടതുണ്ട്.

വിശ്രമമില്ലാതെ പ്രവര്‍ത്തനം നടത്തിയാല്‍ മാത്രമേ തിരിച്ചുവരാന്‍ സാധിക്കുകയുള്ളൂ. അതിനുള്ള ആത്മവിശ്വാസം തൃക്കാക്കരയിലെ ജനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ ആവേശം താൽകാലികമാക്കാതെ സംഘടനയിലെ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകും. നമുക്ക് ഒന്നാം നിര നേതാക്കൾ മാത്രം പോര, രണ്ടാം നിരയും മൂന്നാം നിരയും നാലാം നിരയും ശക്തിപ്പെടുത്തണം.

ശക്തമായ യുവനിര വേണം, മികച്ച വനിതാപ്രാതിനിദ്ധ്യം വേണം. ഇതിനെല്ലാം ഒന്നിച്ച് നിന്ന് ശ്രമിക്കണം. നമുക്കൊരു വനിതാ എംഎൽഎ വരികയാണ്. ' വി ഡി സതീശൻ പറഞ്ഞു.