
സിഡ്നി: വംശീയവും അപകീർത്തികരമായതും അധിക്ഷേപിക്കുന്ന തരത്തിലുളളതുമായ വീഡിയോ പ്രചരിപ്പിക്കുന്നതിന് ഇടയാക്കിയതിന് ഗൂഗിളിന് കനത്ത പിഴശിക്ഷ വിധിച്ച് ഓസ്‌ട്രേലിയൻ കോടതി. ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തെ രാഷ്‌ട്രീയ നേതാവായിരുന്ന ജോൺ ബാരിലാരോയ്‌ക്കാണ് ടെക് ഭീമൻ ഏകദേശം 7,15,000 ഓസ്‌ട്രേലിയൻ ഡോളർ (ഉദ്ദേശം നാല് കോടിയോളം രൂപ) പിഴയൊടുക്കണമെന്ന് ഓസ്‌ട്രേലിയൻ ഫെഡറൽ കോടതി വിധിച്ചത്.
ജോൺ ബാരിലാരോയുടെ എതിരാളി ജോർദാൻ ഷാങ്ക്‌സ് യൂട്യൂബിലൂടെ ജോണിനെ അപകീർത്തിപ്പെടുത്തുന്നതും വംശീയമായി അധിക്ഷേപിക്കുന്നതുമായ തരത്തിലുളള രണ്ട് വീഡിയോ പ്രചരിപ്പിച്ചു. ജോണിനെ അഴിമതിക്കാരനെന്ന് മുദ്രകുത്തി വംശീയമായി അധിക്ഷേപിക്കുന്ന വീഡിയോ വിദ്വേഷ പ്രസംഗത്തിൽ കുറഞ്ഞൊന്നുമല്ലെന്ന് ശിക്ഷ വിധിച്ച ജഡ്‌ജി സ്റ്റീവൻ റെയർസ് പറഞ്ഞു.
ഈ വീഡിയോകൾ ഉപയോഗിച്ച് ഗൂഗിൾ വലിയ വരുമാനമുണ്ടാക്കിയെന്നും എന്നാൽ വിദ്വേഷ പ്രസംഗത്തിനെതിരെ സ്വന്തം നയം നടപ്പാക്കാൻ ഗൂഗിൾ ശ്രമിച്ചില്ലെന്നും വിധിയിൽ കുറ്റപ്പെടുത്തുന്നു. 2020ൽ പോസ്‌റ്റ് ചെയ്‌ത വീഡിയോ ഇതിനകം എട്ട് ലക്ഷം പേർ കണ്ടിരുന്നു. ഷാങ്ക്‌സിന്റെ പ്രചാരണവും ഗൂഗിൾ വഴി പ്രചരിച്ച വീഡിയോയും കാരണം വിഷമിച്ചാണ് 2021 ഒക്‌ടോബറിൽ ബാരിലാരോ രാഷ്‌ട്രീയം ഉപേക്ഷിച്ചത്.
കോടതിയിൽ ആദ്യം എതിർവാദത്തിന് മുതിർന്ന ഗൂഗിൾ പിന്നീട് ജോണിന് ഇതുമൂലം ബുദ്ധിമുട്ടുണ്ടായതായി അംഗീകരിച്ചു. ബാരിലാരോയ്‌ക്ക് ഒരുലക്ഷം ഓസ്‌ട്രേലിയൻ ഡോളർ നഷ്‌ടപരിഹാരം നൽകാമെന്ന് സമ്മതിച്ച ഷാങ്ക്‌സ് തന്റെ വീഡിയോകൾ ജോണിന് വിഷമമുണ്ടാക്കിയെന്ന് കോടതിയിൽ സമ്മതിച്ചു. കോടതിയ്‌ക്ക് പുറത്തുവച്ച് അദ്ദേഹം ജോൺ ബാരിലാരോയോട് മാപ്പ് പറഞ്ഞു.