
ലക്നൗ: ഉത്തർപ്രദേശിലെ രാംപൂർ, അസംഗഢ് ലോക്സഭാ സീറ്റുകളിലേയ്ക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ്. ഈ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുപിയിലെ വൻ പരാജയത്തിന് പിന്നാലെയാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തുന്നില്ലെന്ന് അറിയിച്ചിരിക്കുന്നത്.
രാംപൂർ, അസംഗഢ് ലോക്സഭാ മണ്ഡലങ്ങൾ സമാജ് വാദിയുടെ സിറ്റിംഗ് സീറ്റുകളാണ്. ജൂൺ 23നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുക. 26നാണ് വോട്ടെണ്ണൽ. രാംപൂർ എംപിയായിരുന്ന അസാംഖാനും അസംഗഢ് എംപിയായിരുന്ന അഖിലേഷ് യാദവും നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജിവച്ച ഒഴിവിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രാംപൂരിൽ അസംഖാന്റെ ഭാര്യ തൻസീം ഫാത്തിമയെ ആണ് എസ്‌പി സ്ഥാനാർത്ഥിയാക്കിയിട്ടുള്ളത്. അസംഗഢിൽ ധർമേന്ദ്ര യാദവാണ് സ്ഥാനാർത്ഥി. ഉപതിരഞ്ഞെടുപ്പിൽ മായാവതിയുടെ ബിഎസ്‌പിയും സ്ഥാനാർത്ഥികളെ നിർത്തുന്നില്ലെന്നാണ് വിവരം.