
ബ്രേക്കിംഗ് സിസ്റ്റത്തിലെ തകരാറിന്റെ പശ്ചാത്തലത്തിൽ ആഗോള തലത്തിൽ തങ്ങളുടെ പത്ത് ലക്ഷത്തോളം കാറുകൾ തിരിച്ചുവിളിക്കാനൊരുങ്ങി ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡസ് ബെൻസ്. 2004 നും 2015 നും ഇടയിൽ നിർമിച്ച യൂണിറ്റുകളാണ് ജർമ്മൻ കമ്പനിയായ ബെൻസ് തിരിച്ചുവിളിക്കുന്നത്.
ബെൻസിന്റെ എം എൽ, ജി എൽ, സ്പോർട്ട്സ് യൂട്ടിലിറ്റി ശ്രേണിയിലും, ആർ ക്ലാസ് ലെക്ഷ്വറി മിനിവാനിലും പെട്ട കാറുകളിലാണ് തകരാറ് റിപ്പോർട്ട് ചെയ്തത്. തിരിച്ചുവിളിക്കുന്ന 9,93,000 കാറുകളിൽ 70,000 കാറുകൾ ജർമ്മനിയിൽ നിന്ന് തന്നെയാണെന്നാണ് വിവരം.
വാഹനങ്ങളുടെ ബ്രേക്ക് ബൂസ്റ്ററിന് മെക്കാനിക്കൽ കേടുപാടുകളുണ്ടായതാണ് വാഹനങ്ങൾ തിരിച്ചുവിളിക്കാൻ പ്രധാന കാരണം. ശക്തമായതും കഠിനമായതുമായ ബ്രേക്കിംഗ് ആണ് ബ്രേക്ക് ബൂസ്റ്ററിന് കേടുപാടുകൾ ഉണ്ടാകാൻ കാരണമെന്നാണ് ബെൻസ് പറയുന്നത്.

ഇത്തരത്തിലുണ്ടാകുന്ന തകരാറ് ബ്രേക്ക് പെഡലും ബ്രേക്ക് സിസ്റ്റവും തമ്മിലുള്ള ബന്ധം പരാജയപ്പെടുന്നതിന് വഴി വയ്ക്കും. ചിലപ്പോൾ ഇത് സർവീസ് ബ്രേക്ക് വഴി വാഹനത്തിന്റെ വേഗത കുറയുന്നതിന് കാരണമാകും. ഇത് കാറിനുണ്ടാകുന്ന തകർച്ചയുടെയും പരിക്കിന്റെയും സാദ്ധ്യത വർദ്ധിപ്പിക്കുമെന്നും കമ്പനി പറയുന്നു.
ഇത്തരത്തിൽ അപകടത്തിൽപ്പെട്ട വാഹനങ്ങൾ തിരിച്ചുവിളിക്കുന്നതിന്റെ ഭാഗമായി കമ്പനി വാഹന ഉടമകളുമായി നേരിട്ട് ബന്ധപ്പെടും. തിരിച്ചുവിളിക്കൽ പ്രക്രിയയിൽ, അപകടസാദ്ധ്യതയുള്ള വാഹനങ്ങൾ കമ്പനി വിശദമായി പരിശോധിക്കും.
പരിശോധനാ ഫലങ്ങൾക്കനുസരിച്ച്, ആവശ്യമുള്ള ഭാഗങ്ങൾ മാറ്റിസ്ഥാപിക്കുമെന്നും ബെൻസ് അറിയിച്ചു. തിരിച്ചുവിളിച്ച് പരിശോധിക്കുന്നത് വരെ അപകടത്തിൽപ്പെട്ട കാറുകൾ ഉപയോഗിക്കരുതെന്നും കമ്പനി ഡ്രൈവർമാർക്ക് നിർദേശം നൽകിയട്ടുണ്ട്.