
ടെക്ക് ലോകത്തെ ഏറ്റവും വലിയ രണ്ട് വമ്പന്മാരാണ് ആപ്പിളും ഗൂഗിളും. നിലവിൽ ഇവർ തമ്മിൽ നേരിട്ട് വലിയ തരത്തിൽ മത്സരം നടത്തുന്ന മേഖലകൾ ചുരുക്കമാണ്. എന്നാൽ താമസിയാതെ തന്നെ ഇവർ നേരിട്ട് പോരിനിറങ്ങുമെന്നാണ് പുതുതായി വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.
സെർച്ച് എഞ്ചിൻ എന്ന മേഖല ഇത്രയും കാലം അടക്കി വാണത് ഗൂഗിളാണ്. യാഹു പോലെയുള്ള ചില കമ്പനികളൊക്കെ വന്നെങ്കിലും, അവർക്ക് ഗൂഗിളിനൊത്ത എതിരാളിയായി ആരും ഇതുവരെ മാറിയിട്ടില്ല. എന്നാൽ സെർച്ച് എഞ്ചിൻ ലോകത്തെ ഗൂഗിളിന്റെ ആധിപത്യം അവസാനിക്കുന്ന കാലം വിദൂരമല്ല.
സ്വന്തമായി സെർച്ച് എഞ്ചിൻ തുടങ്ങാൻ തീരുമാനിച്ച് സാക്ഷാൽ ആപ്പിൾ രംഗത്തെത്തിയിരിക്കുകയാണ്. ഗൂഗിളിന് ഒത്ത എതിരാളിയായിരിക്കും ആപ്പിൾ എന്ന കാര്യത്തിൽ സംശയമില്ല. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് ഭീഷണി ഉയർത്തുന്നു എന്നതാണ് ഗൂഗിൾ സ്ഥിരമായി കേൾക്കുന്ന പഴി. അതിനാൽ തന്നെ ഈ ഘടകത്തെ മുതലെടുത്തുകൊണ്ടായിരിക്കും ആപ്പിൾ തങ്ങളുടെ സെർച്ച് എഞ്ചിൻ അവതരിപ്പിക്കുക.
ഇത് സംബന്ധിച്ച് ആപ്പിളിന്റെ ഔദ്യോഗിക പ്രഖ്യാപനം 2023 ആദ്യത്തോടെ ഉണ്ടാകുമെന്നാണ് കരുതുന്നത്. ആപ്പിളിന്റെ വാർഷിക പരിപാടിയായ വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിലായിരിക്കും ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാവുക. സെർച്ച് എഞ്ചിൻ വികസിപ്പിക്കുന്നതിനെ പറ്റി ആപ്പിൾ കുറച്ചുകാലമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും സൂചനകളുണ്ട്.