നമ്മുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന പല വസ്തുക്കളും ചര്‍മത്തിന്റെയും മുടിയുടെയും സംരക്ഷണത്തിന് ഉപയോഗിക്കാറുണ്ട്. അത്തരത്തിൽ ആരോഗ്യവും സൗന്ദര്യവും ഒരുപോലെ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ശർക്കര. കോശങ്ങളെ തകരാറിലാക്കുകയും ചർമത്തിന്റെ അകാല വാർദ്ധക്യത്തിനു കാരണമാകുകയും ചെയ്യുന്ന ഫ്രീ റാഡിക്കലുകളുമായി പോരാടാൻ കഴിയുന്ന ആന്റിഓക്‌സിഡന്റുകളും സിങ്ക്, സെലിനിയം തുടങ്ങിയ ധാതുക്കളും ശർക്കരയിൽ നിറഞ്ഞിരിക്കുന്നു. കൂടാതെ, മുഖക്കുരു, പാടുകൾ എന്നിവയുൾപ്പെടെയുള്ള അണുബാധകൾക്കെതിരായ പോരാടാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശർക്കര കഴിക്കുന്നത് സഹായിക്കും. ഇതിലെ ഗ്ലൈക്കോളിക് ആസിഡ് നിർജ്ജീവ ചർമത്തെ പുറംതള്ളാനും മുഖക്കുരുവിനെ സുഖപ്പെടുത്താനും ചർമ്മത്തെ മൃദുവാക്കാനും സഹായിക്കും.
ഗുണങ്ങൾ
ദഹനം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും ആയുർവേദ വിദഗ്ദ്ധർ ഭക്ഷണത്തിന് ശേഷം ദിവസവും ശർക്കര കഴിക്കാൻ ശുപാർശ ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നത് ചർമത്തിനും ഗുണം ചെയ്യും. ഒരു ചെറിയ കഷ്ണം ശർക്കര പതിവായി കഴിക്കുന്നത് ചർമത്തിലെ നേർത്ത വരകൾ, ചുളിവുകൾ അല്ലെങ്കിൽ പ്രായത്തിന്റെ പാടുകൾ എന്നിവ കുറയ്ക്കുന്നതിനോ അവ രൂപപ്പെടുന്നതിന് കാലതാമസം വരുത്തുന്നതിനോ സഹായിക്കും. അതിനാൽ നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് പഞ്ചസാര പൂർണമായും മാറ്റി പകരം ശർക്കര ഉൾപ്പെടുത്തുക.
സ്ക്രബ്
ശർക്കര മുഖത്ത് പുരട്ടുന്നതും ചർമത്തിന് ഏറെ ഗുണം ചെയ്യും. രണ്ട് ടീസ്പൂൺ തേൻ, ഒരു ടീസ്പൂൺ നാരങ്ങ നീര്, രണ്ട് ടീസ്പൂൺ ചതച്ച ശർക്കര എന്നിവ ചേർത്ത് യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. മുഖത്ത് പുരട്ടി പത്ത് മിനിറ്റ് മസാജ് ചെയ്യുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ചര്‍മത്തിന് മിനുസം നല്‍കാനും തിളക്കം നല്‍കാനും ഇത് സഹായിക്കും.
മുഖക്കുരു
മുഖക്കുരു മാറാൻ ശർക്കര വളരെ നല്ലതാണ്. ശർക്കരപ്പൊടി, നാരങ്ങാ നീര്, വെള്ളം എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖക്കുരുവുള്ളിടത്ത് പുരട്ടുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്താല്‍ മുഖക്കുരു പൂർണമായും മാറും. മുഖത്തെ പാടുകള്‍ നീങ്ങാനും ഇത് നല്ലതാണ്. ചർമത്തിൽ പ്രത്യക്ഷപ്പെടുന്ന വരകളും ചുളിവുകളും, മറ്റ് പാടുകൾ തുടങ്ങിയവയൊക്കെ കുറയ്ക്കാനായി ശര്‍ക്കര, തേന്‍, നാരങ്ങാനീര് എന്നിവ കലര്‍ത്തി ഉപയോഗിയ്ക്കുകയും ചെയ്യാം.
നിറവ്യത്യാസം
ശര്‍ക്കരയ്‌ക്കൊപ്പം നാരങ്ങ, തക്കാളി എന്നിവ ചേര്‍ത്തും ഉപയോഗിക്കാം. ഒരു ടേബിൾ സ്പൂൺ ശർക്കര പൊടിച്ചതും തക്കാളി ജ്യൂസും കുറച്ച് നാരങ്ങ നീരും മഞ്ഞൾപ്പൊടിയും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം സാധാരണ വെള്ളത്തിൽ കഴുകിക്കളയുക. ഇത് ചർമത്തിന്റെ നിറ വ്യത്യാസം മാറ്റാനും നിറം വർദ്ധിപ്പിക്കുവാനും സഹായിക്കും.