car-sales

 മേയിൽ റീട്ടെയിൽ വില്പന വളർച്ച 207%

ന്യൂഡൽഹി: കഴിഞ്ഞമാസം ആഭ്യന്തര റീട്ടെയിൽ വാഹനവില്പന 206.78 ശതമാനം ഉയർന്ന് 16.46 ലക്ഷം യൂണിറ്റുകളിലെത്തിയെന്ന് ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (ഫാഡ) വ്യക്തമാക്കി. 2021 മേയിൽ വില്പന 5.36 ലക്ഷം യൂണിറ്റുകളായിരുന്നു. 2020 മേയേക്കാൾ 697.99 ശതമാനവും അധികമാണിത്. കൊവിഡ് പ്രതിസന്ധി ഇല്ലാതിരുന്ന 2019 മേയേക്കാൾ 9.66 ശതമാനം കുറവുമാണ്.

എല്ലാ വാഹനശ്രേണികളും കഴിഞ്ഞമാസം വില്പനനേട്ടം കുറിച്ചെന്ന പ്രത്യേകതയുണ്ട്. 2-വീലർ 197.66 ശതമാനം, 3-വീലർ 695.63 ശതമാനം, പാസഞ്ചർ ശ്രേണി (കാർ, എസ്.യു.വി., വാൻ) 204.3 ശതമാനം, ട്രാക്‌ടർ 215.75 ശതമാനം, വാണിജ്യശ്രേണി 278.44 ശതമാനം എന്നിങ്ങനെയാണ് 2021 മേയേക്കാൾ വില്പനവളർച്ച.

മാരുതിയുടെ തേരോട്ടം

പാസഞ്ചർ വിഭാഗത്തിൽ മാരുതിയുടെ തേരോട്ടം തുടരുകയാണ്. വിവിധ വിഭാഗങ്ങളിൽ കഴിഞ്ഞമാസം ഏറ്റവുമധികം വില്പനനേട്ടം കുറിച്ച കമ്പനികളും വിപണിവിഹിതവും:

 പാസഞ്ചർ : മാരുതി സുസുക്കി (42.03%)

 2-വീലർ : ഹീറോ മോട്ടോകോർപ്പ് (37.55%)

 3-വീലർ : ബജാജ് ഓട്ടോ (25.28%)

 വാണിജ്യം : ടാറ്റാ മോട്ടോഴ്‌സ് (41.35%)

 ട്രാക്‌ടർ : മഹീന്ദ്ര (22.79%)