messi-ronaldo

എസ്റ്റോണിയക്കെതിരെ അഞ്ച് ഗോളടിച്ച് മെസി

നേഷൻസ് ലീഗിൽ ഇരട്ടഗോളടിച്ച് റൊണാഡോ

എൽ സദാർ: ലോക ഫുട്ബാളിലെ ഇതിഹാസ താരങ്ങളായ അർജന്റീനൻ നായകൻ ലയണൽ മെസിയും പറങ്കി കപ്പിത്താൻ ക്രിസ്റ്റ്യാനൊ റൊണാൾഡോയും മൈതാനത്തെ തങ്ങളുടെ മാന്ത്രിക നീക്കങ്ങൾ കൊണ്ട് ആരാധകർക്ക് വീണ്ടും ആവേശത്തിന്റെ രാത്രി സമ്മാനിച്ചു. സൗഹൃദ മത്സരത്തിൽ എസ്റ്റോണിയയുടെ വലയിൽ മെസി അഞ്ച് ഗോളുകൾ നിക്ഷേപിച്ച് നിറഞ്ഞാടിയപ്പോൾ നേഷൻസ് ലീഗിൽ ആദ്യഇലവനിലേക്കുള്ള തിരിച്ചുവര‌വ് സ്വിറ്റ്‌സർലൻഡിനെതിരെ ഇരട്ടഗോൾ നേട്ടം കൊണ്ട് ക്രിസ്റ്റ്യാനൊ ആഘോഷമാക്കി.

മെസി മാജിക്ക്

വെംബ്ലിയിൽ യൂറോ ചാമ്പ്യൻമാരായ ഇറ്റലിക്കെതിരായ ഫൈനലിസിമയിൽ ഗോൾ അടിപ്പിക്കുന്ന ചുമതലയേറ്റെടുത്ത മെസി എന്നാൽ ഞായറാഴ്ച രാത്രി എസ്റ്റോണിയക്കെതിരെ വലകുലുക്കേണ്ട ദൗത്യം ഒറ്റയ്ക്ക് ഏറ്റെടുക്കുകയായിരുന്നു. മെസി അടിച്ചു കൂട്ടിയ അഞ്ച് ഗോളുകളുടെ പിൻബലത്തിൽ അർജന്റീന എസ്റ്റോണിയയെ 5-0ത്തിന് തരിപ്പണമാക്കുകയായിരുന്നു. 8-ാം മിനിട്ടിയിലൂടെയാണ് മെസി ഗോൾവേട്ട തുടങ്ങിയത്. തുടർന്ന് 45,​47,​71,​76 മിനിട്ടുകളിലും സ്കോർ ചെയ്തു. മത്സരത്തിന്റെ എല്ലാ മേഖലയിലും അർജന്റീന എസ്റ്റോണിയയേക്കാൾ ഏറെ മുന്നിലായിരുന്നു. കരിയറിൽ രണ്ടാം തവണയും രാജ്യന്തര തലത്തിൽ ആദ്യമായുമാണ് മെസി ഒരു മത്സരത്തിൽ 5 ഗോൾ നേടുന്നത്. ഇതോടെ അന്താരാഷ്ട്രതലത്തിൽ ഹങ്കേറിയൻ സെൻസേഷൻ ഫ്രാങ്ക് പുഷ്കാസിനെ മറികടന്ന് ഗോ വേട്ടയിൽ നാലാമതെത്താനും മെസിക്കായി. അർജന്റീനയ്ക്കായി മെസി ഇതുവരെ 86 ഗോളുകൾ നേടിക്കഴിഞ്ഞു. തോൽവി അറിയാതെ അർജന്റീന പൂർത്തിയാക്കിയ 33-ാം മത്സരമായിരുന്നു ഇത്. ബ്രസീലിനെതിരെ ശനിയാഴ്ചയാണ് അർജന്റീനയുടെ അടുത്ത സൗഹൃദ മത്സരം.

റോണോ റോക്ക്‌സ്

നേഷൻസ് ലീഗിൽ ആദ്യ മത്സരത്തിൽ സ്പെയിനിനോട് സമനില വഴങ്ങിയ പോർച്ചുഗൽ ഇന്നലെ മിന്നും ഫോമിൽ തകർത്തുകളിച്ച ക്രിസ്റ്റ്യാനൊ റൊണാഡോയുടെ പിൻബലത്തിൽ ഏകപക്ഷീയമായ നാല് ഗോളിന്റെ വിജയം നേടി ലീഗ് എ ഗ്രൂപ്പ് രണ്ടിൽ ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു. സ്പെയി‌നിനെതിരെ ആദ്യപകുതിയിൽ സൈഡ് ബഞ്ചിലായിരുന്ന റോണോ സ്വിറ്റ്‌സർലൻഡിനെതിരെ തുടക്കം മുതൽ കത്തിക്കയറി ഇരട്ടഗോളുമായി ടീമിന്റെ വിജയ ശില്പിയായി. വില്ല്യം കാർവാലോ,​ ജാവോ കാൺസെലോ എന്നിവർ പോർച്ചുഗലിനായി ഓരോ ഗോൾ വീതം നേടി. 35,​37 മിനിട്ടുകളിൽ സ്വിസ് വലയിൽ പന്തെത്തിച്ച റൊണാൾഡോയ്ക്ക് 42-ാം മിനിട്ടിൽ ഹാട്രിക്ക് തികയ്ക്കാൻ സുവർണാവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. രാജ്യാന്തരത്തിലെ എക്കാലത്തേയും ടോപ് സ്കോററായ റൊണാൾഡോയുടെ ആകെ ഗോൾ നേട്ടം 117 ആയി. സ്വന്തം തട്ടകമായ ലിസ്ബണിലെ മാതാവ് ദോലോറെസ് അവേരിയോയെ സാക്ഷി നിറുത്തിയായിരുന്നു റോണോയുടെ മിന്നലാട്ടം.

അതേസമയം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനോടും സമനിലയിൽ കുരുങ്ങിയ സ്പെയിൻ മൂന്നാം സ്ഥാനത്താണ്.