v

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെതിരെ സ്വന്തം പാർട്ടിയിലെ വിശ്വാസ വോട്ടെടുപ്പ് ബുധനാഴ്ച നടന്നേക്കുമെന്ന് അന്തർദ്ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്. ലോക്ക്ഡൗൺ കാലത്ത് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലടക്കം ചട്ടം ലംഘിച്ചു മദ്യസൽക്കാരങ്ങൾ നടന്നതായി സ്ഥിരീകരിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ പൂർണ രൂപം കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ കൂടുതൽ എം.പിമാർ ജോൺസനെതിരെ രംഗത്ത് എത്തിയതാണ് വിനയായത്. കൺസർവേറ്റീവ് പാർട്ടിയിലെ 54 എം.പിമാർ ജോൺസനെതിരെ വിശ്വാസ വോട്ടിന് കത്ത് നൽകിയെന്നാണ് വിവരം. 25 എം.പിമാർ പരസ്യമായും പ്രതികരിച്ചിരുന്നു.

അതേസമയം, വിഷയത്തിൽ ക്ഷമാപണം നടത്തിയെങ്കിലും രാജ്യം ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ രാജിവയ്ക്കില്ലെന്നാണു ജോൺസന്റെ നിലപാട്.സംഘടനാചട്ടം അനുസരിച്ച് 15% പാർട്ടി എം.പിമാർ ആവശ്യപ്പെട്ടാൽ വോട്ടെടുപ്പു വേണ്ടിവരും. പാർലമെന്റിൽ പാർട്ടിക്ക് 359 എം.പിമാരുണ്ട്. 54 എം.പിമാർ കത്തെഴുതിയാൽ വിശ്വാസ വോട്ടെടുപ്പ് നടത്തണം.

കത്തെഴുതിയ എം.പിമാരുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കും.അതിനാൽ എത്ര എം.പിമാർ ജോൺസനെതിരെ കത്തു നൽകിയിട്ടുണ്ടെന്നത് പുറത്തറിയില്ല.

വോട്ടെടുപ്പിൽ ഭൂരിപക്ഷം കിട്ടിയാൽ പ്രധാനമന്ത്രിയായി തുടരാം. മറ്റൊരു വിശ്വാസ വോട്ടെടുപ്പിന് 12 മാസം കഴിയാതെ സാധിക്കുകയുമില്ല. പരാജയപ്പെട്ടാൽ രാജിയല്ലാതെ വഴിയില്ല. എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ശേഷം ഇന്നലെയാണ് പാർലമെന്റ് സമ്മേളനം ആരംഭിച്ചത്.

 ജോൺസനെ കുരുക്കിയ ലോക്ക്ഡൗൺ പാർട്ടികൾ

2020 ഡിസംബറിലെ ലോക്ക്ഡൗൺ കാലത്ത് ബോറിസ് ജോൺസന്റെ ഔദ്യോഗിക വസതിയിലടക്കമുള്ള മന്ത്രിഭവനങ്ങളിൽ ക്രിസ്മസ് പാർട്ടികൾ നടന്ന വിവരം കഴിഞ്ഞ വർഷാവസാനം പുറത്തായിരുന്നു.

കഴിഞ്ഞ വർ‌ഷം ഡിസംബറിൽ ഡൗണിംഗ് സ്ട്രീറ്റ് ഉദ്യാനത്തിൽ ജോൺസൻ അടക്കമുള്ളവർ പങ്കെടുത്ത മദ്യസൽക്കാരത്തിന്റെ ഫോട്ടോ ഗാർഡിയൻ ദിനപത്രം പുറത്തുവിട്ടു. മദ്യവിരുന്നിൽ പങ്കെടുത്തതായി സമ്മതിച്ച ജോൺസൺ പാർലമെന്റിൽ ക്ഷമാപണം നടത്തിയെങ്കിലും പ്രതിപക്ഷ എം.പിമാർക്കൊപ്പം ഭരണപക്ഷ എം.പിമാരും ജോൺസന്റെ രാജി ആവശ്യപ്പെട്ടു. തുടർന്നാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്.