vhp

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദുർഗാവാഹിനി പ്രവർത്തകർ വാളേന്തി പ്രകടനം നടത്തിയ സംഭവത്തിൽ ഉപയോഗിച്ചെന്ന് കരുതുന്ന ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. നാലു വാളുകളും ഒരു ദണ്ഡുമാണ് കണ്ടെത്തിയത്. വെള്ളറടയിലെ പ്രവർത്തകന്റെ വീട്ടിൽ നിന്നുമാണ് ഇവ കണ്ടെത്തിയത്. ആയുധങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി ഹാജരാക്കി. പ്രകടനത്തിൽ പങ്കെടുത്ത പെൺകുട്ടികളെയും തിരിച്ചറിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഈ പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. തടിയിലുണ്ടാക്കിയ ശേഷം സ്പ്രേ പെയിന്റ് ചെയ്ത വാളുകളാണ് അന്വേഷണ ഉദ്യോഗസ്ഥർ വെള്ളറടയിൽ നിന്നും കണ്ടെത്തിയത്. ഇവ തന്നെയാണോ പ്രകടനത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമാക്കാനാണ് ഫോറൻസിക് പരിശേധനയ്ക്ക് അയയ്ക്കുന്നത്.

വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദുർഗാവാഹിനി പഥസഞ്ചലത്തിലാണ് ആയുധവുമേന്തി പെൺകുട്ടികൾ പങ്കെടുത്തത്. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് പൊലീസ് ഇതിനെതിരെ കേസെടുത്തത്. മേയ് 22 നാണ് കീഴാറൂരിൽ പരിപാടി സംഘടിപ്പിച്ചത്. കണ്ടാലറിയാവുന്ന 200ഓളം പേരെ പ്രതിചേർത്ത് കൂട്ടംചേർന്ന് പ്രകടനം നടത്തിയതിനും ആയുധം ഉപയോഗിച്ചതിനുമാണ് ആംസ് ആക്ട് പ്രകാരം കേസെടുത്തിട്ടുള്ളത്. മുൻ നിരയിലുണ്ടായിരുന്ന നാലു പെൺകുട്ടികളുടെ കയ്യിലാണ് വാളുണ്ടായിരുന്നത്.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങളിൽ ആയുധമേന്തിയിരുന്നുവെന്ന് വ്യാപകമായി പരാതി ഉയർന്നിരുന്നു. പരിപാടിയിൽ പങ്കെടുത്തത് പെൺകുട്ടികളായിരുന്നു,​ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ആര്യങ്കോട് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. ശിബിരത്തിൽ പങ്കെടുത്തവരുടെ മൊഴിയെടുക്കണമെന്നും ആരാണ് വാളു നൽകിയതെന്ന് അറിയണമെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതിനായി ക്യാമ്പിൽ പങ്കെടുത്തവരുടെ വിവരം നൽകാനാണ് വി.എച്ച്.പി ഗ്രാമകാര്യാലയത്തിന് പൊലീസ് നോട്ടീസ് നൽകിയത്.