kk

അബുദാബി : ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദയെ അപലപിച്ച് യു,​.എ.ഇ. പ്രവാചകനെതിരായ പരാമർശത്തെ അപലപിക്കുന്നതായി യു.എ.ഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ധാർമ്മികവും മാനുഷികവുമായ മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായ എല്ലാത്തരം ആശയങ്ങളെയും പ്രവൃത്തികളെയും യു.എ.ഇ തള്ളിക്കളയുന്നതായി വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. മത ചിഹ്നങ്ങൾ ബഹുമാനിക്കപ്പെടുകയും ആക്രമിക്കപ്പെടാതിരിക്കുകയും വേണം. വിദ്വേഷ പ്രസംഗങ്ങളും ആക്രമണങ്ങളും തടയപ്പെടണം. സഹിഷ്ണതയുടെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനും വിവിധ മതാനുയായികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന കാര്യങ്ങൾ തടയുന്നതിന് യോജിച്ച് പ്രവർത്തിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ബി.ജെ.പി നേതാക്കളുടെ പ്രവാചക വിരുദ്ധ പരാമർശത്തിന് എതിരെ അറബ് ലീഗും ഇറാനും പാകിസ്ഥാനും ഖത്തറും ഒമാനും കുവൈറ്റും ജോർദാനും രംഗത്തെത്തിയിരുന്നു. ഖത്തറും കുവൈറ്റും ഇന്ത്യൻ സ്ഥാനപതിമാരെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചിരുന്നു,​ . ഗ്യാൻവാപി വിവാദത്തിൽ നടന്ന ചാനൽ ചർച്ചയിലായിരുന്നു നുപുർ ശർമ്മയുടെ പരാമർശം. സംഭവം വിവാദമായതിന് പിന്നാലെ വക്താവ് സ്ഥാനത്ത് നിന്ന് നൂപുർ ശർമ്മയെ ബി.ജെ.പി നീക്കിയിരുന്നു.