
വാഷിംഗ്ടൺ:താൻ ആവശ്യപ്പെട്ട രേഖകൾ ഉടൻ നൽകില്ലെങ്കിൽ ട്വിറ്റർ വാങ്ങുന്നതിൽ നിന്ന് പിന്മാറുമെന്ന മുന്നറിയിപ്പുമായി ശതകോടീശ്വരനും ടെസ്‌ല, സ്പേസ് എക്സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോൺ മസ്ക്.
വ്യാജ, സ്പാം അക്കൗണ്ടുകളുടെ വിവരങ്ങൾ കൈമാറണമെന്നാണ് മസ്കിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്നലെ ട്വിറ്ററിന്റെ നിയമ, നയ, ട്രസ്റ്റ് വിഭാഗം മേധാവി വിജയ ഗഡ്ഡെയ്ക്ക് മസ്ക് കത്ത് അയയ്ക്കുകയും ചെയ്തു.
വിവരങ്ങൾ കൈമാറിയില്ലെങ്കിൽ മസ്കിന് ഏകപക്ഷീയമായി കരാർ റദ്ദാക്കാനുള്ള അവകാശമുണ്ടെന്നും കത്തിൽ പറയുന്നു.
ആകെ ട്വിറ്റർ അക്കൗണ്ടുകളിൽ 5 ശതമാനത്തിൽ താഴെ മാത്രമാണു സ്പാം അക്കൗണ്ടുകളെന്ന തെളിവ് കാണിക്കുന്നത് വരെ ട്വിറ്റർ ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ടു പോകില്ലെന്നു നേരത്തേ തന്നെ മസ്ക് വ്യക്തമാക്കിയിരുന്നു. കുറഞ്ഞത് 20 ശതമാനം അക്കൗണ്ടുകളും സ്പാം ആണെന്ന് മസ്ക് പറയുന്നു. എന്നാൽ, അഞ്ചു ശതമാനത്തിൽ താഴെ മാത്രമാണ് സ്പാം അക്കൗണ്ടുകളെന്നാണ് ട്വിറ്ററിന്റെ നിലപാട്.
അതേസമയം, ട്വിറ്ററിന്റെ ഓഹരിയിൽ ഇന്നലെ 5.5% ഇടിവു രേഖപ്പെടുത്തി. എന്നാൽ, കത്തിനെക്കുറിച്ചു പ്രതികരിക്കാൻ ട്വിറ്റർ തയാറായില്ല.