
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഉഭയകക്ഷി സമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും സിനിമയിൽ അവസരം നിഷേധിച്ചതാണ് ബലാത്സംഗ പരാതിക്ക് കാരണമെന്നുമാണ് നടന്റെ വാദം.
വിജയ് ബാബുവിനെ കൂടുതൽ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടും. നടന്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ പരിഗണിച്ച കോടതി ഇന്നുവരെ അറസ്റ്റ് തടഞ്ഞിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി നടനോട് നിർദേശിച്ചിരുന്നു.
അതേസമയം, ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് ഇന്ന് അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും. നാൽപത് പേരുടെ മൊഴിയാണ് ഇതുവരെ രേഖപ്പെടുത്തിയത്. പരാതിക്കാരിയായ നടിയെക്കൂടാതെ മറ്റുചിലരെയും വ്യാജ വാഗ്ദ്ധാനങ്ങൾ നൽകി വിജയ് ബാബു കബളിപ്പിച്ചതിനുള്ള തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
സ്ത്രീകളെ കൈയേറ്റം ചെയ്യുന്നതും അപമാനിക്കുന്നതും വിജയ് ബാബുവിന്റെ സ്വഭാവമാണെന്നും ഇയാളുടെ സാമ്പത്തിക സ്വാധീനവും ക്രിമിനൽ ബന്ധവും അറിയാവുന്നതിനാലാണ് പല സ്ത്രീകളും പരാതി നൽകാൻ മടിക്കുന്നതെന്നും ചില സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്.
ദുബായിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബു കഴിഞ്ഞാഴ്ചയാണ് കൊച്ചിയിലെത്തിയത്. തുടർന്ന് അന്വേഷണ സംഘം പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. സിനിമയിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് വിജയ് ബാബു പലവട്ടം ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് ആരോപിച്ച് ഏപ്രിൽ 22നാണ് നടി പരാതി നൽകിയത്.