
കേരളത്തിന്റെ പക്ഷിവൈവിദ്ധ്യത്തിലേക്ക് ഒരു പുതിയ അതിഥി കൂടി. ടോണി ലാർക്ക് എന്ന വാനമ്പാടി വർഗത്തിൽപ്പെട്ട പക്ഷിയെയാണ് പുതിയതായി കണ്ടെത്തിയത്. ജില്ലയിലെ കോടംതുരുത്ത് ചങ്ങരംകരി പാടത്ത് നിന്ന് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി അജയകുമാറാണ് പക്ഷിയുടെ ചിത്രങ്ങൾ കാമറയിൽ പകർത്തിയത്. ഇതോടെ ആലപ്പുഴ ജില്ലയിൽനിന്ന് രേഖപ്പെടുത്തിയ പക്ഷികളുടെ എണ്ണം 304 ആയി. മദ്ധ്യ ഇന്ത്യയിൽ സ്ഥിരവാസികളായ ചെമ്പൻവാനമ്പാടി കൂടുതലായി കാണപ്പെടുന്നത് മഹാരാഷ്ട്ര,ഗുജറാത്ത്,കർണാടക പോലെയുള്ള സംസ്ഥാനങ്ങളിലാണ്.
ചെമ്പൻ നിറവും തലയിൽ ശിഖയും നെഞ്ചിൽ വരകളുമുള്ള കൊമ്പൻ വാനമ്പാടിയോട് സാദൃശ്യമുള്ള ചെറു പക്ഷിയാണ് പുതിയ വിരുന്നുകാരൻ. വലിപ്പത്തിൽ ചെറുതാണെങ്കിലും പക്ഷികളുടെ കൂട്ടത്തിലെ മിമിക്രിക്കാരായാണ് ഇവ അറിയപ്പെടുന്നത്. മറ്റ് വർഗത്തിൽപ്പെട്ട പത്തിലധികം പക്ഷികളുടെ ശബ്ദം അനുകരിക്കാൻ ഇവയ്ക്ക് കഴിവുണ്ട്.