
വയനാട്: യുവാവിനെ നാല് വർഷത്തോളം ജോലി ചെയ്യിപ്പിച്ച ശേഷം കൂലി നൽകാതെ വഞ്ചിച്ചെന്ന് പരാതി. സുൽത്താൻ ബത്തേരിയിൽ ആണ്ടൂർ കാട്ടുനായ്ക്ക കോളനിയിലെ രാജു(30)ആണ് പരാതി നൽകിയത്. എസ്റ്റേറ്റിൽ നാല് വർഷം പണിയെടുപ്പിച്ചിട്ട് ആകെ 14,000രൂപയാണ് നൽകിയതെന്ന് ഇയാൾ പറയുന്നു. സംഭവം വിവാദമായതോടെ നാട്ടുകാർ ഇടപെട്ട് രാജുവിനെ മോചിപ്പിച്ച് വീട്ടിലെത്തിച്ചു.
കൃഷിയിടത്തിൽ ജോലി വാഗ്ദ്ധാനം ചെയ്ത് നാസർ എന്നയാളാണ് നാല് വർഷം മുമ്പ് രാജുവിനെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ വർഷം രാജു വീട്ടിൽ വന്നെങ്കിലും ആകെ 10,000രൂപയാണ് കൈയിലുണ്ടായിരുന്നത്. ദിവസവും 300രൂപ കൂലി തരാമെന്ന് പറഞ്ഞെങ്കിലും ആകെ 14,000രൂപയാണ് നൽകിയതെന്ന് രാജു പറയുന്നു. രാജുവിന്റെ അമ്മ തനിച്ചാണ് ഇത്രയും കാലം വീട്ടിൽ കഴിഞ്ഞിരുന്നത്. മകനെ ഫോൺ വിളിച്ചാൽ പോലും കിട്ടാത്തതിൽ വലിയ ആശങ്കയിലായിരുന്നു ഇവർ. എസ്റ്റേറ്റിലെ രാജുവിന്റെ ബുദ്ധിമുട്ടുകൾ കണ്ട ആണ്ടൂർ ടൗൺ ടീം വാട്‌സാപ്പ് കൂട്ടായ്മയുടെ പ്രവർത്തകർ ഇടപെട്ടാണ് ഇയാളെ വീട്ടിലെത്തിച്ചത്.
ഭക്ഷണവും വിശ്രമവും നൽകാതെയും കയറിക്കിടക്കാൻ ഇടം നൽകാതെയും രാജുവിനെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. രാവിലെ എട്ടുമണി മുതൽ രാത്രി ഏഴുമണിവരെ ജോലി ചെയ്യിപ്പിക്കുമായിരുന്നു. കൊടുവള്ളിയിലുള്ള എസ്റ്റേറ്റിലേയ്ക്കും രാജുവിനെ ജോലിക്കായി കൊണ്ടുപോയിട്ടുണ്ട്. അന്നും കൂലി നൽകിയിരുന്നില്ല. പണം ചോദിച്ചപ്പോൾ പലതവണ രാജുവിനെ മർദിക്കുകയും അമ്മയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതേസമയം, രാജു കുറച്ചുകാലമായി തന്റെ കൂടെയുണ്ടെന്നും ഒരു ജോലിക്കാരനായിട്ടല്ല കൊണ്ടു നടന്നതെന്നുമാണ് എസ്റ്റേറ്റ് ഉടമ നാസർ പറയുന്നത്.