gun

മിയാമി: രണ്ട് വയസുകാരൻ പിതാവിനെ അബദ്ധത്തിൽ വെടിവച്ചു കൊന്നു. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് രക്ഷിതാക്കൾ അശ്രദ്ധമായി ഉപേക്ഷിച്ച തോക്കെടുത്ത് രണ്ടുവയസുകാരൻ നിറയൊഴിച്ചത്. തോക്ക് ഉപയോഗിച്ചുള്ള ആൾക്കൂട്ട ആക്രമണങ്ങളെകുറിച്ച് ചർച്ചകൾ രാജ്യത്ത് കത്തിപ്പടരുന്നതിനിടെയാണ് ഏറ്റവും പുതിയ അപകടം. മേയ് 26നാണ് ദാരുണ സംഭവം ഉണ്ടായത്. റെജി മാബ്രിക്ക് എന്നയാളാണ് മകന്റെ കൈയാൽ മരണപ്പെട്ടത്.

ഇരുപത്തിയാറുകാരനായ യുവാവ് തോക്ക് ഉപയോഗിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാൽ ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്ത മകനാണ് രണ്ട് വയസുള്ള സഹോദരനാണ് തോക്കിന്റെ കാഞ്ചി വലിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. നിലത്ത് കിടന്ന ബാഗിൽ നിന്നുമാണ് കുട്ടിക്ക് തോക്ക് ലഭിച്ചത്. അഞ്ച് മാസം പ്രായമുള്ള മകൾ ഉൾപ്പടെ കുടുംബത്തിലെ അഞ്ച് പേർ സംഭവസമയം മുറിയിലുണ്ടായിരുന്നു. അതേസമയം കുട്ടിയുടെ മാതാപിതാക്കൾ മയക്കുമരുന്ന് ഉപയോഗം അടക്കമുള്ള കുറ്റങ്ങളിൽ ഏർപെട്ടവരായിരുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വർഷവും രണ്ട് വയസുള്ള കുട്ടി അശ്രദ്ധമായി ഇട്ട തോക്ക് ഉപയോഗിച്ച് മാതാവിനെ വെടിവച്ചിരുന്നു. അടുത്തിടെ അമേരിക്കയിൽ സൂപ്പർമാർക്കറ്റിലും, സ്‌കൂളിലും, ആശുപത്രിയിലും തോക്കുധാരികൾ വെടിയുതിർത്തിരുന്നു. നിരവധി പേരാണ് ഈ ആക്രമണങ്ങളിൽ മരണപ്പെട്ടത്. ഇതേ തുടർന്ന് തോക്ക് നിയന്ത്രണങ്ങളെക്കുറിച്ചുള്ള ചർച്ചകൾ രാജ്യത്ത് വീണ്ടും സജീവമാകുകയാണ്.