
മലയാളികൾ മറന്നുതുടങ്ങിയ സ്വാതന്ത്ര്യസമര പോരാളികളിൽ തികച്ചും വ്യത്യസ്തനായ ഒരു നേതാവായിരുന്നു എൻ .ഡി. ജോസ്. തിരുവിതാംകൂറിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിന് അടിത്തറ പാകിയ ആ  ധീരയോദ്ധാവിന്റെ ജന്മശതാവാർഷികം നാളെ(ജൂൺ 13 ) യാണ്. തിരുവനന്തപുരം പബ്ലിക് ലൈബ്രറിഹാളിൽ ലളിതമായ തോതിലെങ്കിലും ശതവാർഷികാഘോഷം നടത്തുന്നുവെന്നത്, കാലമെത്ര കഴിഞ്ഞാലും നന്മയുടെ പ്രകാശം അസ്തമിക്കുന്നില്ല എന്നതിന് തെളിവാണ്.
സദസ്യരെ പിടിച്ചിരുത്തുന്ന വാഗ്മിയും സംവാദങ്ങൾക്ക് ചൂടുപകർന്ന നിയമസഭാ സാമാജികനും മികവുറ്റ തൊഴിലാളി നേതാവും കിടയറ്റ അഭിഭാഷകനും സർവ്വോപരി സർവ്വരെയും ഉൾക്കൊണ്ട മനുഷ്യസ്നേഹിയുമായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം കൽപ്പിച്ചിരുന്ന ഒരു കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ഇന്നത്തെ കന്യാകുമാരി ജില്ലയിലെ സെനംവിള എന്ന ചെറുഗ്രാമത്തിൽ. 110 വർഷം മുമ്പ് ബി.എൽ ബിരുദമെടുത്ത ഡി.നേശമണിയാണ് പിതാവ്. അമ്മ നെയ്യാറ്റിൻകരയിലെ അറിയപ്പെടുന്ന പനയ്ക്കാവിളയിൽ കുടുംബാംഗം ആനിയും. അദ്ദേഹത്തിന് നാല് സഹോദരിമാരും നാല് സഹോദരന്മാരും ഉണ്ടായിരുന്നു .അവരിൽ എന്റെ അമ്മ എൻ.റോസലിൻഡ് ഐഡയും എന്റെ അമ്മാവൻ എൻ.ഡി.ബോസും മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്.
ബിരുദപഠനത്തിനായി മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ചേർന്ന ജോസ് മിടുക്കനായ വിദ്യാർത്ഥിയെന്ന നിലയിൽ പേരെടുത്തു. അക്കാലത്താണ് സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. നിയമപഠനത്തിന് തിരുവനന്തപുരം ലോ കോളേജിൽ ചേർന്നതോടെ ക്വിറ്റ് ഇന്ത്യാസമരത്തിൽ സജീവമായി.

ഭാര്യ പത്മയോടൊപ്പം എൻ. ഡി ജോസ്
തിരുവിതാംകൂർ സ്റ്റുഡന്റ്സ് കോൺഗ്രസിന്റെ സ്ഥാപകനായിരുന്നു എൻ. ഡി .ജോസ്. അദ്ദേഹം പ്രഥമ പ്രസിഡന്റും കുമാരനാശാന്റെ മകൻ പ്രഭാകരൻ സെക്രട്ടറിയുമായി രൂപീകരിച്ച ആ പ്രസ്ഥാനമാണ് തിരുവിതാംകൂറിലെ സജീവ വിദ്യാർത്ഥി പ്രസ്ഥാനത്തിന് അടിത്തറയിട്ടത്. തുടർന്ന്, മലയാളിയായ ജി .രവീന്ദ്രവർമ്മയുടെ നേതൃത്വത്തിൽ  രൂപീകരിച്ച  അഖിലേന്ത്യ സ്റ്റുഡന്റ്സ് കോൺഗ്രസുമായി അതിനെ സംയോജിപ്പിച്ചു.
താമസിയാതെ തിരുവിതാംകൂർ യൂണിവേഴ്സിറ്റി യൂണിയനിലേക്ക് ആദ്യമായി രാഷ്ട്രീയാടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പു നടന്നപ്പോൾ അതിന്റെ ജനറൽ സെക്രട്ടറിയായി. സി.പി. രാമസ്വാമി അയ്യരുടെ ഏകാധിപത്യ നയങ്ങൾക്കെതിരെ ശബ്ദമുയർത്താൻ അദ്ദേഹം ആ വേദി ഉപയോഗിച്ചു. പുറത്തുനിന്ന് നിരവധി നേതാക്കളെ കൊണ്ടുവന്ന് സ്വാതന്ത്ര്യ സമരത്തിന് കരുത്തേകാൻ സ്റ്റുഡന്റ്സ് യൂണിയൻ തന്ത്രങ്ങളാവിഷ്കരിച്ചു. അതിലൊന്നായിരുന്നു അശോക് മേത്തയെ തിരുവിതാംകൂറിൽ ക്ഷണിച്ചുകൊണ്ടുവരാനുള്ള നീക്കം.
അത് തിരുവിതാംകൂർ ഗവൺമെന്റ് വിലക്കി. അതിനെതിരെ വിദ്യാർത്ഥികൾ വൻ പ്രക്ഷോഭം നടത്തി. അശോക്മേത്ത തിരികെപ്പോകാൻ വിസമ്മതിക്കുകയും കുറച്ചുനാൾ അതിർത്തിക്ക് പുറത്ത് താമസിക്കുകയും ചെയ്തു. ഒടുവിൽ വിദ്യാർത്ഥികൾക്കിടയിൽ പ്രതിഷേധം ആളിപ്പടരുന്നത് മനസിലാക്കി അസാധാരണമായ ഒരു നടപടിയിലൂടെ സി.പി. രാമസ്വാമി അയ്യർ തന്റെ ഉത്തരവ് പിൻവലിച്ചു.
എൻ.ഡി. ജോസ് നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുകയും രേഖകളില്ലാതെ പലതവണ ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു. തിരുവിതാംകൂർ അതിർത്തിയിലെ അരൂക്കുറ്റി ജയിലിൽ കഴിയുമ്പോൾ രസകരമായ ഒരു സംഭവമുണ്ടായി. അക്കാലത്ത് ജോസിന്റെ അച്ഛൻ നേശമണിയായിരുന്നു ആ പ്രദേശമുൾപ്പെട്ട ചേർത്തല താലൂക്കിലെ തഹസിൽദാറും ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടും. വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ പേരിൽ ജോസിനെ കോളേജിൽ നിന്ന് അപ്പോഴേക്കും പുറത്താക്കിയിരുന്നു. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ നിന്ന് മകനെ തടയാൻ സർക്കാർ പിതാവിന് നിർദ്ദേശം നൽകി. എന്നാൽ ദേശീയവാദിയായിരുന്ന നേശമണി തന്റെ മകനെ സ്വാധീനിക്കാൻ ശ്രമിച്ചില്ല. അതിന് അദ്ദേഹത്തിന് വലിയ വില കൊടുക്കേണ്ടിവന്നു. കരുനാഗപ്പള്ളി തഹസിൽദാറായിരിക്കെ നിർബന്ധിതമായി വിരമിക്കലിനു വിധേയനായി. ഹൃദയഭാരത്തോടെ, എന്നാൽ കീഴടങ്ങാൻ തയ്യാറാകാതെ, സകുടുംബം അദ്ദേഹം തിരുവനന്തപുരത്തേക്ക് താമസം മാറ്റി. കൊച്ചുമക്കൾ ഇപ്പോഴും താമസിക്കുന്ന തേക്കുംമൂട്ടിലായിരുന്നു പിന്നീടുള്ള വാസം.
വളരെ ചെറുപ്പത്തിൽ, 25-ാം വയസിൽ നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് പ്രതിനിധിയായി ജോസ് തിരുകൊച്ചി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയുടെ ചീഫ് വിപ്പുമായി. ഈ കാലയളവിൽ അദ്ദേഹം ട്രേഡ് യൂണിയൻ പ്രവർത്തനത്തിലേക്കും കടന്നു.
അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത ചില സഹവർത്തികളുടെ പേരുകൾ ഞാൻ ഓർക്കുന്നു. പട്ടം താണുപിള്ള, സി.കേശവൻ, ടി.എം. വർഗീസ് എന്ന ത്രിമൂർത്തികൾക്കു പുറമെ കേരളകൗമുദിയിലെ ബാലകൃഷ്ണൻ, എം. പ്രഭ, പി. പി. വിത്സൻ, പ്രൊഫ. ജി. കുമാരപിള്ള, ബോധേശ്വരൻ, ദേവകി ഗോപിനാഥ്, പി.വിശ്വംഭരൻ തുടങ്ങിയവരാണ് അവരിൽ പ്രധാനികൾ. ക്രമേണ, അടിയുറച്ച തന്റെ സോഷ്യലിസ്റ്റ് ബോധ്യത്തിന് അനുസൃതമായി, അദ്ദേഹം കോൺഗ്രസ് പാർട്ടിയിൽ നിന്ന് മാറി പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലേക്ക് നീങ്ങി. കോട്ടുകാൽ നിയോജക മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു.
കന്യാകുമാരി ജില്ലയെ തമിഴ്നാടുമായി സംയോജിപ്പിക്കുന്നതിനുവേണ്ടി പോരാടിയ തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി നേതാവായിരുന്ന അഡ്വ. വില്യത്തിന്റെ മകൾ പത്മയെയാണ് അദ്ദേഹം വിവാഹം ചെയ്തത്. സംയോജനകാര്യത്തിൽ വില്യത്തിന്റെ വിരുദ്ധചേരിയിലായിരുന്നു അന്ന് ജോസ്. കന്യാകുമാരി തിരുവിതാംകൂറിലും പിന്നീട് കേരളത്തിലും തുടരണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. അതിനുവേണ്ടി വാദിച്ചിരുന്നു.
അജ്ഞാതകാരണങ്ങളാൽ, രാഷ്ട്രീയം വിടാൻ അദ്ദേഹം പെട്ടെന്ന് തീരുമാനിച്ചു. സഹപ്രവർത്തകരിൽ നിന്നുള്ള സൗഹൃദപരമായ സമ്മർദ്ദം മറികടക്കാൻ പ്രയാസമാണെന്ന് മനസ്സിലാക്കിയ ജോസ് മദ്രാസിലേക്ക് പോയി ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ തുടങ്ങി. അതിൽ വിജയിക്കുകയും ചെയ്തു.
എന്റെ അമ്മാവൻ എൻ .ഡി .ജോസ് എന്നെ ആഴത്തിൽ സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു. എല്ലാ വർഷവും വേനലവധിക്കാലത്ത് നെയ്യാറ്റിൻകരയ്ക്കടുത്ത് ഓലത്താന്നിയിലെ സ്വത്ത് നോക്കാൻ തിരുവനന്തപുരത്ത് വരുമ്പോൾ അദ്ദേഹം ഞങ്ങളുടെ വീട് സന്ദർശിക്കുമായിരുന്നു. കുട്ടിക്കാലം മുതൽ 1981ൽ ഞാൻ സിവിൽ സർവീസിൽ പ്രവേശിക്കുന്നതുവരെ അദ്ദേഹത്തിൽ നിന്ന് കേട്ട കഥകളും വിശദീകരണങ്ങളും എന്നെ ഏറെ സ്വാധീനിച്ചു. അതിൽ നിന്നൊക്കെ ഞാൻ ഉൾക്കൊണ്ട പാഠങ്ങളിൽ പലതും ഇപ്പോഴും നിത്യപ്രചോദനമായി എന്നിൽ കുടികൊള്ളുന്നു.
സഹിഷ്ണുതയും മതേതരമനോഭാവവുമായിരുന്നു അദ്ദേഹത്തിൽ അലിഞ്ഞുചേർന്നിരുന്ന മറ്റൊരു സ്വഭാവസവിശേഷത. 1956ൽ, അദ്ദേഹം ക്രിസ്തുമതവിശ്വാസിയായ സ്വന്തം സഹോദരിക്ക് (എന്റെ അമ്മ) ഒരു ഹിന്ദു മതവിശ്വാസിയുമായുള്ള വിവാഹത്തിന് മുൻകൈയെടുക്കുകയും മതേതര രീതിയിൽ വിവാഹം നടത്തുകയും ചെയ്തു. ഇരുവരും തങ്ങളുടെ മതങ്ങളിൽ വിശ്വസിക്കുകയും 65 വർഷം ഒരുമിച്ച് ജീവിക്കുകയും ചെയ്തു എന്നത് ശ്രദ്ധിക്കേണ്ടതാണ്. മതങ്ങളെ വിഭജിക്കേണ്ടതില്ല, ഉയർന്ന ധാർമ്മിക അസ്തിത്വം സൃഷ്ടിക്കാൻ അവയ്ക്ക് സഹകരിച്ച് നിലനിൽക്കാനും പരസ്പരം ശക്തിപ്പെടുത്താനും കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു. പിന്നീട് സ്വന്തം ജീവിതത്തിലും, ഡോക്ടറായ മകൻ ഒരു ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള തീരുമാനത്തെ അദ്ദേഹം സന്തോഷത്തോടെ സ്വീകരിച്ചു. എല്ലായ്പ്പോഴും ഒരു അജ്ഞേയവാദിയായ അദ്ദേഹത്തിന് വിഗ്രഹാരാധനയും അരൂപിയായ ദൈവത്തെ ആരാധിക്കുന്നതും മനസിലാക്കാൻ കഴിഞ്ഞു.1989 ഡിസംബർ 28ന് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം.
(മുൻ ചീഫ് സെക്രട്ടറിയാണ് ലേഖകൻ. ഫോൺ: 9868120730)