
കണ്ണൂർ: കണ്ണൂരിൽ ക്ഷേത്രജീവനക്കാരന് നേരെ ആക്രമണം. താഴെചൊവ്വ കീഴ്‌ത്തളി ഉമാമഹേശ്വര ക്ഷേത്രത്തിലെ ജീവനക്കാരനും പെരളിശേരി അമ്പലനട സ്വദേശിയുമായ ഷിബിനാണ് ആക്രമണത്തിന് ഇരയായത്. മറ്റൊരു ജീവനക്കാരനായ ശ്രീജിത്തിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ക്ഷേത്രത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. വിഷയം കോടതിയുടെ പരിഗണനയിലാണ്. ഭരണസമിതിയിൽ സി പി എമ്മുകാരും ആർ എസ് എസുകാരും ഉണ്ട്. ഇവരിൽ ആർക്കാണ് മേധാവിത്വം എന്നത് സംബന്ധിച്ചാണ് തർക്കം നിലനിൽക്കുന്നത്. ഇതേ തുടർന്നാണ് കഴിഞ്ഞ ദിവസവും സംഘർഷം നടന്നത്.
ഒരു സംഘം ആളുകളെത്തി ഓഫീസ് മുറിയിൽ നിന്നും ഷിബിനെ വലിച്ചിറക്കി മർദ്ദിക്കുന്നത് വീഡിയോയിൽ കാണാം. ക്ഷേത്രത്തിന്റെ അധികാരം നഷ്ടമാകുന്നതില്‍ പ്രകോപിതരായ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ക്ഷേത്രത്തിനുള്ളില്‍ കയറി ഷിബിനെ മര്‍ദിച്ചതെന്ന് സിപിഎം ആരോപിച്ചു.
അതേസമയം, ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രമാണിതെന്നും ഇതിന്റെ നിയന്ത്രണം കൈവശപ്പെടുത്താന്‍ സിപിഎം പ്രവര്‍ത്തകര്‍ ശ്രമിക്കുകയാണെന്നുമാണ് ആർഎസ്എസ് പ്രവർത്തകർ പറയുന്നത്. സംഭവത്തിൽ ആറുപേരെ പ്രതി ചേര്‍ത്ത് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് എടുത്തു.