
ന്യൂഡൽഹി: ടി വി ചർച്ചയിൽ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് ബി ജെ പി ദേശീയ വക്താവായിരുന്ന നൂപുർ ശർമ്മ നടത്തിയ വിവാദ പരാമർശത്തെ അപലപിച്ച് ഇസ്ലാമിക തീവ്രവാദ സംഘടനയായ താലിബാനും രംഗത്ത്. വിവാദം ഇസ്ളാമിക രാജ്യങ്ങൾക്കിടയിൽ അതൃപ്തിയുണ്ടാക്കിയത് നയതന്ത്ര തലത്തിൽ പരിഹരിക്കാൻ ഇന്ത്യ പരിശ്രമിക്കുന്നതിനിടെയാണ് താലിബാന്റെ പ്രതികരണം വന്നിരിക്കുന്നത്.
വിശുദ്ധ മതമായ ഇസ്ലാമിനെ അപമാനിക്കാനും മുസ്ലീങ്ങളുടെ വികാരത്തെ പ്രകോപിപ്പിക്കാനും മതഭ്രാന്തന്മാരായ വ്യക്തികളെ അനുവദിക്കരുതെന്ന് ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്ന് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു. ഇന്ത്യയിലെ ഭരണകക്ഷിയുടെ ഭാഗമായ ഒരു വ്യക്തി ഇസ്‌ലാമിന്റെ പ്രവാചകനെതിരെ അപകീർത്തികരമായ വാക്കുകൾ ഉപയോഗിച്ചതിനെ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ ശക്തമായി അപലപിക്കുന്നുവെന്നും സബിഹുല്ല ട്വിറ്ററിൽ കുറിച്ചു.
The Islamic Emirate of Afghanistan strongly condemns the use of derogatory words against the Prophet of Islam (Peace be upon him)by an official of the ruling party in India. 1/2
— Zabihullah (..ذبـــــیح الله م ) (@Zabehulah_M33) June 6, 2022
പ്രവാചകനെക്കുറിച്ചുള്ള പരാമർശങ്ങളിൽ ഇതുവരെ 14ഓളം രാജ്യങ്ങളാണ് അതൃപ്തി അറിയിച്ചത്. ഇറാൻ, ഇറാഖ്, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, ഒമാൻ, യുഎഇ, ജോർദാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബഹ്‌റൈൻ, മാലിദ്വീപ്, ലിബിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്കെതിരെ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചത്.
എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്ന് അവകാശപ്പെട്ട് വിവിധ രാജ്യങ്ങളിലെ രോഷം ശമിപ്പിക്കാൻ സർക്കാർ ശ്രമിക്കുമ്പോഴും ബി.ജെ.പി നേതാക്കളായ നൂപുർ ശർമയുടെയും നവീൻ കുമാർ ജിൻഡാലിന്റെയും പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമർശങ്ങൾക്കെതിരായ നയതന്ത്ര രോഷം തുടരുകയാണ്. ആക്ഷേപകരമായ ട്വീറ്റുകളും അഭിപ്രായങ്ങളും ഒരു തരത്തിലും സർക്കാരിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നാണ് എന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞിരുന്നു.
സർക്കാരിനോട് മാപ്പ് പറയണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയരുന്നുണ്ട്. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ (ഒഐസി) പ്രസ്താനവനയെ അപലപിക്കുകയും ഇന്ത്യയിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
അതേസമയം രാജ്യത്തിനകത്ത് വിവിധ രാഷ്ട്രീയ പാർട്ടികൾ വിവാദ പരാമർശം നടത്തിയ രണ്ട് ബിജെപി നേതാക്കൾക്കെതിരെയും നിയമനടപടി ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യാന്തര തലത്തിൽ ബി ജെ പി രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കുകയാണെന്നും ആരോപണം ഉയർന്നു. വിവാദ പരാമർശങ്ങളുടെ പേരിൽ ബിജെപി വക്താവ് നൂപൂർ ശർമയെ സസ്‌പെൻഡ് ചെയ്യുകയും നവീൻ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തിരുന്നു. 'ഏതെങ്കിലും വിഭാഗത്തെയോ മതത്തെയോ അവഹേളിക്കുന്നതായ ഏതൊരു പ്രത്യയശാസ്ത്രത്തിനും എതിരാണെന്നും അത്തരക്കാരെയോ തത്ത്വചിന്തയെയോ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പാർട്ടി ഞായറാഴ്ച പ്രസ്താവന ഇറക്കി.
പ്രതിഷേധം അറിയിച്ച പതിനഞ്ച് രാജ്യങ്ങളിൽ ഖത്തർ, ഇറാൻ, കുവൈത്ത് എന്നീ രാജ്യങ്ങൾ ഞായറാഴ്ച ഇന്ത്യൻ അംബാസഡർമാരെ വിളിച്ചുവരുത്തി തങ്ങളുടെ ശക്തമായ പ്രതിഷേധം നേരിട്ട് അറിയിച്ചിരുന്നു. ഇതേ തുടർന്ന് നിന്ദ്യമായ ട്വീറ്റുകൾ 'ഒരു തരത്തിലും ഇന്ത്യൻ സർക്കാരിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നാണ്' എംബസികൾ പിന്നീട് പ്രസ്താവനകൾ പുറപ്പെടുവിച്ചു. അതേസമയം വിവാദ പരാമർശം രാജ്യത്തെ സാമ്പത്തികമായും ബാധിക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ഉയരുന്നുണ്ട്.