vd-satheesan

ശരിക്കും പറഞ്ഞാൽ ജീവവായു തിരിച്ചുകിട്ടിയ പ്രതീതിയാണിപ്പോൾ കോൺഗ്രസ് ക്യാമ്പിൽ. 2019ലെ ലോക്‌സഭാ തിര‌ഞ്ഞെടുപ്പിൽ വൻവിജയം നേടിയതോടെ 2021ൽ ഭരണം കൈയിലേക്ക് വന്നുകഴിഞ്ഞെന്ന് ചിന്തിച്ച് അലസരായ നേതൃത്വമാണ് അവരുടേത്. അതിന് തിക്തഫലവുമുണ്ടായി. ആ തിരഞ്ഞെടുപ്പിന് ശേഷം ഉണർവ്വോടെ, ജാഗ്രതയോടെ ഭരണ, സംഘടനാതലങ്ങളിൽ പ്രവർത്തിച്ച സി.പി.എം കളം തിരിച്ചുപിടിച്ചു. കൊവിഡ് മഹാമാരിക്കാലത്തെ ഇടപെടലുകളൊക്കെ ഗുണമായിട്ടുണ്ടാകാം. അതിലുപരി താഴേത്തട്ടിലെ സംഘടനാശാക്തീകരണത്തിൽ അവർ കേന്ദ്രീകരിച്ചത് ഗുണമായെന്ന് കാണണം. കോൺഗ്രസിൽ താഴെത്തട്ടിൽ സംഘടനയേ ഉണ്ടായിട്ടില്ല. ഗ്രൂപ്പ് മാനേജർമാർ കാര്യങ്ങൾ മേൽത്തട്ടിലിരുന്ന് നിയന്ത്രിച്ചപ്പോൾ താഴെയെന്താണ് സംഭവിക്കുന്നതെന്ന് ആലോചിച്ചില്ല. മുഖ്യമന്ത്രിക്കസേരയിലിരുന്നുള്ള സ്വപ്നലോകത്തെ ബാലഭാസ്കരന്മാരായ നേതാക്കൾ ഇന്ന് വേദനിക്കുന്നുണ്ട് താനും.

സതീശന്റെ വിജയം

തൃക്കാക്കരയിൽ തീർച്ചയായും അഭിമാനിക്കാവുന്ന നേതാവ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനാണ്. തൃക്കാക്കരയിൽ ക്യാമ്പ് ചെയ്ത് തുടക്കം മുതൽ ഒടുക്കം വരെ കാര്യങ്ങൾ നീക്കിയ സതീശനുള്ളതാണ് ഈ ഗംഭീരവിജയത്തിന്റെ ക്രെഡിറ്റ്. യു.ഡി.എഫ് കോട്ടയായ തൃക്കാക്കരയിൽ സാധാരണ വിജയമായിരുന്നെങ്കിൽ പോലും സതീശന് പോറലേറ്റേനെ. കാരണം സതീശനിൽ മാത്രം കേന്ദ്രീകരിച്ച് കാര്യങ്ങൾ നീങ്ങിയതിൽ പലരും അസ്വസ്ഥരായിരുന്നു. കോൺഗ്രസിനകത്ത് മുറുമുറുപ്പുകളുയർന്നിരുന്നു. പക്ഷേ യുവനിരയാകെ സതീശനൊപ്പം നിന്ന് ചടുലമായി ചരടുവലിച്ചു. ബൂത്ത് തലം മുതൽ ചിട്ടയായ പ്രവർത്തനം നീക്കിയതും വോട്ടർപട്ടികയിൽ പേരുചേർക്കലിലടക്കം കാട്ടിയ ഉത്സാഹവുമെല്ലാം തുണയായിട്ടുണ്ട്.

ഇലക്‌ഷൻ ഒരു കലയാണെന്ന് ചിന്തിക്കുന്ന നേതാവാണ് സതീശൻ. ഇടത് മണ്ഡലമായി അറിയപ്പെട്ടിരുന്ന പറവൂർ 2001ൽ പിടിച്ചെടുത്ത ശേഷം അവിടെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലാത്ത നേതാവ്. മാത്രവുമല്ല, ഇടതിന് മണ്ഡലം അപ്രാപ്യവുമായിരിക്കുന്നു. പറവൂർ മോഡൽ തൃക്കാക്കരയിൽ സതീശൻ പ്രാവർത്തികമാക്കിയിട്ടുണ്ട്. അത് വിജയത്തിളക്കം കൂട്ടുന്നതിൽ ഘടകവുമായി. കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരനെ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയതിനാൽ അവസാനഘട്ടത്തിൽ അല്പം പിന്മാറേണ്ടിവന്നെങ്കിലും അദ്ദേഹത്തിന്റെ സംഘടനാകരുത്ത് തൃക്കാക്കരയിൽ കോൺഗ്രസിന് തുണയായിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും സാന്നിദ്ധ്യം എല്ലാതലത്തിലും യോജിപ്പിന്റെ അന്തരീക്ഷം പ്രകടമാക്കിയിട്ടുണ്ട്. അത് അണികളിൽ ഉത്സാഹമുണ്ടാക്കിയിരിക്കാം. എന്നിട്ടും ചില്ലറ മുറുമുറുപ്പുകൾ ഇല്ലാതിരുന്നിട്ടില്ല.

ഇടതു തന്ത്രങ്ങളിൽ തുടക്കം മുതൽ കണ്ട പാളിച്ചകളും വ്യതിയാനങ്ങളും ഇല്ലായിരുന്നെങ്കിൽ എഴുപതിനായിരത്തിനപ്പുറത്തേക്ക് ഉമ തോമസിന്റെ വോട്ടുനില ഉയരില്ലായിരുന്നു. ഇക്കാര്യം ഉൾക്കൊണ്ട് നീങ്ങുന്നത് കോൺഗ്രസുകാർക്ക് നന്നായിരിക്കും. തൃക്കാക്കരയല്ല, കേരളം.

സതീശൻ- സുധാകരൻ ദ്വയവും സംഘടനാ തിരഞ്ഞെടുപ്പും

കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോഴുണ്ടായ തൃക്കാക്കര ഫലം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം രൂപീകൃതമായ സതീശൻ- സുധാകരൻ നേതൃദ്വയത്തിന് കരുത്ത് നൽകുമെന്നുറപ്പാണ്. പാർട്ടിക്കകത്ത് ഈ നേതൃത്വത്തിന്റെ അപ്രമാദിത്വം ഊട്ടിയുറപ്പിക്കുന്ന പ്രചാരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. വരാൻ പോകുന്ന പൂരം വിളിച്ചറിയിക്കുന്നുണ്ട് ഇത്. പ്രത്യേകിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ചാർത്തിക്കിട്ടിയ ക്യാപ്റ്റൻ ഒറിജിനൽ പരിവേഷവും അതേച്ചൊല്ലിയുയർന്ന വിവാദവും.

അതിനെ സതീശൻ തള്ളിപ്പറഞ്ഞെങ്കിലും പോസ്റ്റ് ആദ്യം ഇട്ട വ്യക്തി ചില്ലറക്കാരനല്ല. തൃക്കാക്കരയിൽ സജീവസാന്നിദ്ധ്യമായി കരുക്കൾ നീക്കിയ ഹൈബി ഈഡൻ എം.പിയാണ്. ഈ യുവനേതാവിന് മണ്ഡലത്തിലും പരിസരമണ്ഡലങ്ങളിലുമൊക്കെയുള്ള സ്വാധീനം ചെറുതല്ല.

താൻ മുന്നണിപ്പോരാളി മാത്രമാണെന്ന് സതീശൻ വിനയാന്വിതനായിട്ടുണ്ട്. പക്ഷേ തിരുവനന്തപുരത്തടക്കം മുക്കിലും മൂലയിലും സതീശനെ വാഴ്ത്തി പ്രത്യക്ഷപ്പെട്ട പടുകൂറ്റൻ ഫ്ലക്സുകൾ യാദൃശ്ചികമാണോ? പ്രത്യേകിച്ച് സംഘടനാ തിരഞ്ഞെടുപ്പ് കാലത്ത്?

തൃക്കാക്കരയിലെ വിജയഫോർമുല കേരളമാകെ പരീക്ഷിക്കാൻ ചിന്തൻ ശിബിർ നടത്താനും തീരുമാനിച്ചിട്ടുണ്ട് സംസ്ഥാന കോൺഗ്രസ് നേതൃത്വം. കോവളത്ത് വൈകാതെ അത് നടക്കും. അതോടെ സതീശൻ- സുധാകരൻ നേതൃത്വം പാർട്ടിക്കകത്ത് പൂർണ അധീശത്വമുറപ്പിക്കുമെന്ന് കരുതുന്നവർ കോൺഗ്രസിലില്ലാതില്ല. ഈ നീക്കങ്ങളിൽ അസ്വസ്ഥപ്പെടുന്ന മനസ്സുകളുമുണ്ട്. അവരുടെ നീക്കങ്ങളെന്താകുമെന്നും ഉറ്റുനോക്കേണ്ടതുണ്ട്. അതുകൊണ്ട് കോൺഗ്രസിൽ എല്ലാം ശുഭമായെന്ന് ചിന്തിക്കാൻ വരട്ടെ.