chief-minister

ഒരു മാസം രാഷ്ട്രീയകേരളത്തിന്റെ കണ്ണുകളും കാതുകളും കേന്ദ്രീകരിച്ച തൃക്കാക്കരയിൽ അവസാനം വോട്ടുപെട്ടി പൊട്ടിച്ചപ്പോൾ യു.ഡി.എഫുകാരുടെയും കോൺഗ്രസുകാരുടെയും മനസ്സിലാണ് ലഡ്ഡു പൊട്ടിയത്. ഇടതുമുന്നണിക്ക് ഈ ഉപതിരഞ്ഞെടുപ്പ് കണ്ണീരിൽ കുതിർന്ന കിനാവായി.

തൃക്കാക്കര പിടിച്ച് നിയമസഭയിൽ നൂറ് തികയ്ക്കുമെന്ന് ഇടതുമുന്നണി കൺവീനറും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി. ജയരാജൻ പറഞ്ഞു. മറ്റ് സി.പി.എം നേതാക്കളെല്ലാം അതേറ്റുപിടിച്ചു. പക്ഷേ, സെഞ്ചുറി അടിച്ചില്ല. പക്ഷേ, മിഡിൽസ്റ്റംബ് തന്നെ തെറിച്ചത് സി.പി.എം ക്യാമ്പിൽ മ്ലാനത പരത്തി. തുടക്കം മുതൽ പാളിയ പ്രചരണതന്ത്രത്തെ പഴിയ്‌ക്കുക മാത്രമാണ് ഇനി ചെയ്യാനാവുക.

കോൺഗ്രസിന് ഇതൊരു ബമ്പർ ലോട്ടറിയാണ്. തകർന്നടിഞ്ഞു കിടന്നിരുന്ന പാർട്ടിയെ വെന്റിലേറ്ററിലേക്കെടുക്കണോ എന്ന ആശങ്കയിലായിരുന്നു സകലബന്ധുജനങ്ങളും. വെന്റിലേറ്റർ വേണ്ടിവന്നില്ല. ഇന്റൻസീവ് കെയർ യൂണിറ്റിൽ നിന്ന് തത്‌ക്കാലത്തേക്കെങ്കിലും പുറത്ത് കടക്കാനായതിൽ അവർക്ക് ആശ്വാസമുണ്ട്. സന്തോഷത്തിൽ മതിമറന്ന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അവസ്ഥയിലേക്ക് കോൺഗ്രസും യു.ഡി.എഫും കമിഴ്ന്നടിച്ച് വീഴുമോയെന്നേ അറിയേണ്ടൂ.

ഇടതിനെന്താണ് പറ്റിയത്?

തൃക്കാക്കരയിൽ എന്തുകൊണ്ട് തോറ്റു എന്നതിൽ സി.പി.എമ്മിന് താത്വിക വിശകലനത്തിന്റെയൊന്നും ആവശ്യമുണ്ടാവില്ല. ഇടതുപക്ഷ പ്രത്യയശാസ്ത്ര ധാരയോട് ചേർന്ന് നിൽക്കാത്ത ഇടപെടലുകൾ പ്രകടമായ ഉപതിരഞ്ഞെടുപ്പാണ് കടന്നുപോയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ക്യാപ്റ്റൻ പരിവേഷം ചാർത്തിക്കിട്ടിയ മുഖ്യമന്ത്രി പിണറായി വിജയന്, ക്യാപ്റ്റൻസി ഫോമിൽ വിള്ളൽ സംഭവിച്ചോയെന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്. കാരണം അദ്ദേഹം മണ്ഡലത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്തും യോഗങ്ങളിൽ പങ്കെടുത്തും സജീവമായിരുന്നു.

ക്യാപ്റ്റന് ഫോം നിലനിറുത്താനാകാത്തതിൽ മറ്റാരെയും പഴിപറഞ്ഞിട്ട് കാര്യമില്ല. സ്ഥാനാർത്ഥി നിർണയവേള മുതൽ തൃക്കാക്കരയിൽ കണ്ടത് ഇടതുപക്ഷ അനുഭാവികൾക്ക് പോലും പരിചിതമില്ലാത്ത വഴികളിലൂടെ നീങ്ങുന്ന ഇടതുപക്ഷത്തെയായിരുന്നു. പാർട്ടി ജില്ലാനേതൃത്വത്തിലെ വലിയ വിഭാഗം ആഗ്രഹിച്ചുറപ്പിച്ച സ്ഥാനാർത്ഥിയെ പിൻവലിച്ച് ഒരു ഡോക്ടറെ പരീക്ഷിച്ചതിൽ തുടങ്ങുന്നു അപരിചിതനീക്കങ്ങൾ.

കഴിഞ്ഞ തിരഞ്ഞെടുപ്പിലും സ്വതന്ത്രനായ മറ്റൊരു ഡോക്ടറെയല്ലേ പരീക്ഷിച്ചതെന്ന് ചോദിച്ചേക്കാം. വിശാലലക്ഷ്യം മുൻനിറുത്തി സുറിയാനി കത്തോലിക്കാ സഭാനേതൃത്വത്തെ കൈയിലെടുക്കുകയെന്ന തന്ത്രവും ഉണ്ടായിരുന്നിരിക്കാം. തൃക്കാക്കര ഇടതുപക്ഷ മനസ്സ് പ്രകടിപ്പിക്കുന്ന മണ്ഡലമല്ല. എറണാകുളം ജില്ലയ്ക്ക് തന്നെ ഒരു വലതുപക്ഷ സ്വഭാവമുണ്ട്. അപ്പോൾ ജില്ലയിലെ ഏറ്റവും വലിയ പരിഷ്കൃത നഗരമണ്ഡലമായ തൃക്കാക്കരയിൽ അത് തീക്ഷ്ണമായ നിലയിൽ പ്രകടമാവും.

2009ലാണ് മണ്ഡല പുനർവിഭജനശേഷം തൃക്കാക്കര രൂപപ്പെടുന്നത്. കൊച്ചി കോർപ്പറേഷൻ പരിധിയിലെ ഭൂരിഭാഗം ഡിവിഷനുകളും തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ ഏതാനും വാർഡുകളും ചേർന്ന മണ്ഡലത്തിൽ, ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയിച്ചത് യു.ഡി.എഫാണ്. മണ്ഡലമുണ്ടായ ശേഷം നടന്ന ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പ് 2011ലായിരുന്നു. അന്ന് യാക്കോബായ വിഭാഗക്കാരനായ ബെന്നി ബെഹനാനായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി. അദ്ദേഹം 22,406 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലം പിടിച്ചു. പിന്നീട് നടന്ന എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് മികച്ച വിജയം നേടി. 2016ൽ ജന്മം കൊണ്ട് സുറിയാനി കത്തോലിക്കനെങ്കിലും തികഞ്ഞ മതേതരവാദിയും പരിസ്ഥിതിസ്നേഹിയുമൊക്കെയായ അന്തരിച്ച പി.ടി. തോമസ് 11,966 വോട്ടുകൾക്ക് വിജയിച്ചു. 2021ൽ പി.ടി. തോമസിന്റെ ഭൂരിപക്ഷം 14,329 വോട്ടുകളായി.

2011ൽ ഇടതുസ്ഥാനാർത്ഥി ഹസൈനാർ ആയിരുന്നെങ്കിൽ 2016ൽ അഡ്വ. സെബാസ്റ്റ്യൻ പോളും 2021ൽ ഡോ. ജെ. ജേക്കബും ആയിരുന്നു സ്ഥാനാർത്ഥികൾ. സുറിയാനി ക്രിസ്ത്യാനികളെ സ്വതന്ത്ര പരിവേഷത്തിൽ മത്സരിപ്പിച്ചപ്പോൾ യു.ഡി.എഫിന്റെ വോട്ടുനില കുറയ്ക്കാനായതിൽ സി.പി.എം പലതും കണ്ടിരിക്കണം. അതുകൊണ്ട് കൂടിയാവും ഇത്തവണ പാർട്ടിചിഹ്നത്തിൽ സുറിയാനി കത്തോലിക്കനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. പരമ്പരാഗത പാർട്ടി വോട്ടുകൾക്കൊപ്പം സഭയുടെ വോട്ടുമാകുമ്പോൾ ജയിച്ച് കയറാമെന്ന് സ്വപ്നം കണ്ടുവോ എന്തോ!

സഭയുടെ നിയന്ത്രണത്തിലെ ആശുപത്രിയിൽവച്ച് സ്ഥാനാർത്ഥി പ്രത്യക്ഷപ്പെട്ട രീതിതന്നെ പാളി. പാർട്ടി അനുഭാവികൾക്ക് അതത്ര ദഹിച്ചെന്ന് തോന്നുന്നില്ല. പാർട്ടി വോട്ടുകളിൽ ഒരു ശതമാനം പോലും അടിയൊഴുക്കുണ്ടാവാതിരിക്കാനാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള സാന്നിദ്ധ്യത്തിന് സി.പി.എം ശ്രമിച്ചത്. അത് സാധിച്ചില്ല. വലിയ തോതിലുള്ള അടിയൊഴുക്കാണ് ഉണ്ടായതെന്ന് സി.പി.എം സംസ്ഥാന നേതൃത്വത്തെ ശരിക്കും ഞെട്ടിച്ചു. എറണാകുളത്ത് പാർട്ടിയുടെ ജനകീയബന്ധത്തിൽ പോലും വിള്ളലുണ്ടായോ എന്ന ചോദ്യമാണ് പാർട്ടിയെ വേവലാതിപ്പെടുത്തുന്നത്. തുടർഭരണം നേടി ഒരു വർഷം കഴിയുമ്പോഴുള്ള അവസ്ഥ ഇതാണെങ്കിൽ....

പാർട്ടി ആദ്യം ചുവരെഴുതിയ പേരുകാരനെ സ്ഥാനാർത്ഥിയാക്കിയിരുന്നെങ്കിൽ ഇതിലും നേട്ടമുണ്ടായേനെ. ഒരുപക്ഷേ കടന്നുകൂടുക പോലും ചെയ്തേനെ എന്ന് ചിന്തിക്കുന്നവരും സി.പി.എമ്മിൽ ഇല്ലാതില്ല. അഥവാ തോറ്റാലും പി.ടി. തോമസ് നേടിയതിനേക്കാളും ചെറിയ ഭൂരിപക്ഷത്തിലായേനെ. അത് കോൺഗ്രസിന് വലിയ ക്ഷീണമാകുമായിരുന്നു. പുതിയ നേതൃത്വത്തിനെതിരെ വെടി പൊട്ടിക്കാൻ കാത്തുനിൽക്കുന്ന നേതാക്കൾക്ക് ഉത്തേജനമാകുമായിരുന്നു. ആ നേതാക്കൾക്കും അവസരമില്ലാതാക്കിയത് സി.പി.എമ്മിന്റെ സ്വയം കൃതാനർത്ഥമാണെന്ന് ചിന്തിക്കുന്നവർ കോൺഗ്രസിൽ പോലുമുണ്ട്.

വോട്ടെടുപ്പ് കഴിഞ്ഞശേഷം പൊലീസ് ഇന്റലിജന്റ്സ് കൊടുത്ത റിപ്പോർട്ടിൽ തൃക്കാക്കര കിട്ടില്ലെന്നായിരുന്നത്രേ. മുഖ്യമന്ത്രി അത് വിശ്വസിച്ചില്ല. കാരണം എറണാകുളത്തെ പാർട്ടിയിൽ പ്രകടമായ ആത്മവിശ്വാസം വലുതായിരുന്നു. മൂവായിരത്തിനും അയ്യായിരത്തിനുമിടയിൽ കടന്നുകൂടിയേക്കാമെന്നാണ് എറണാകുളം പാർട്ടി എ.കെ.ജി സെന്ററിലേക്ക് കൈമാറിയ റിപ്പോർട്ടിലുണ്ടായത്. ഇനി ഏതെങ്കിലും കാരണവശാൽ അടിപറ്റിയാൽ പോലും നേരിയ മാർജിനിലാകും. അതുകൊണ്ട് ഒരു നിരാശയ്ക്കും വകയുണ്ടാവില്ല. ജനം തിരിച്ചുചിന്തിക്കുമെന്ന് മനസ്സിലാക്കാൻ പോലുമാകാത്ത വിധമായിരുന്നു എറണാകുളം പാർട്ടിയുടെ സംഘടനാദൗർബല്യം.

മുഖ്യമന്ത്രി ക്ഷുഭിതനാണെന്ന് പലരും പറയുന്നുണ്ട്. അദ്ദേഹം ഫേസ്ബുകിലൂടെ പോലും ഇതുവരെ പ്രതികരിച്ചിട്ടില്ല. 2019ലെ ലോക്‌സഭാ തിര‌ഞ്ഞെടുപ്പിൽ 20ൽ 19 സീറ്റും നഷ്ടപ്പെട്ടപ്പോൾ പോലും മുഖ്യമന്ത്രി പ്രതികരിച്ചതാണ്. തൃക്കാക്കരയിലെ അദ്ദേഹത്തിന്റെ മൗനം അവിടത്തെ പാർട്ടി നേതൃത്വത്തിന് വെപ്രാളമുണ്ടാക്കുന്നു.

സിൽവർലൈനും വികസനവും കെ.വി. തോമസും

വികസനം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് ഇടതുപക്ഷം പ്രചരണം നടത്തിയത്. അതിലേറ്റവും പ്രധാനമായി അവരുയർത്തിക്കാട്ടിയത് സിൽവർലൈൻ തന്നെ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പായിരുന്നല്ലോ പദ്ധതിയുടെ വ്യാപകമായ കല്ലിടലുണ്ടായതും അതിനെതിരെ ജനകീയപ്രതിഷേധം ഇരമ്പിയതും.

ജനങ്ങളെ കണക്കിലെടുക്കാതെയുള്ള വികസനവഴിയെന്നത് ഇടതുപക്ഷത്തിന് ചേരുന്നതല്ലെന്ന് പലരും ചിന്തിച്ചിട്ടുണ്ട്. ജനകേന്ദ്രീകൃതമായ സുസ്ഥിരവികസനമാണ് കാൾമാർക്സ് പോലും ചിന്തിച്ച ആശയം. കാൾമാർക്സ് തടഞ്ഞാലും സിൽവർലൈൻ നടപ്പാക്കുമെന്ന മനോഭാവത്തോടെ ഭരണാധികാരികൾ നീങ്ങിയിടത്ത് ഇടതുമനസ്സുകളും അന്തിച്ചുനിന്നു. തൃക്കാക്കരയിൽ ആ മനസുകളും എതിരായി.

പിന്നെ സഭാനേതൃത്വത്തെ കൈയിലെടുക്കാൻ നടത്തിയ ശ്രമത്തിന് സഭയിൽ നിന്നുതന്നെ പാരകളുണ്ടായെന്ന് പറയേണ്ടതില്ലല്ലോ. എറണാകുളത്താണ് സുറിയാനി കത്തോലിക്കാസഭയിൽ പോര് മുറുകുന്നത്. ലത്തീൻ കത്തോലിക്കർക്ക് കാര്യമായ പ്രാതിനിദ്ധ്യമുള്ള മണ്ഡലമാണ് തൃക്കാക്കര. അവരുടെ പിന്തുണ കെ.വി. തോമസ് കൂടെ വന്നാൽ കിട്ടുമെന്ന് ചിന്തിക്കുന്നവരെ എന്ത് പറയാനാണ്! കെ.വി. തോമസിന്റെ പടിയിറക്കം പോലും കോൺഗ്രസിന് മികച്ച ആയുധമായി. ഇതുതന്നെയാണ് ഇടതുപക്ഷത്തിന് വിനയായത്.