sinish

കോഴിക്കോട്: മാവൂരിൽ സ്വന്തം വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ച യുവാവ് പിടിയിൽ. പുനത്തിൽ പ്രകാശന്റെ വീട്ടിലാണ് മോഷണം നടന്നത്. പ്രകാശന്റെ മകൻ സിനീഷാണ് പൊലീസിന്റെ പിടിയിലായത്.

വെള്ളിയാഴ്ച വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു മോഷണം നടത്തിയത്. പുറത്തുനിന്നെത്തിയ കള്ളനാണ് മോഷണം നടത്തിയതെന്ന് തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമം നടത്തി. രണ്ട് തവണയായി അമ്പതിനായിരം രൂപയാണ് ഇയാൾ മോഷ്ടിച്ചത്.

വീടിന്റെ പിൻവശത്തെ ഗ്രില്ല് തകർത്താണ് പ്രതി അകത്ത് കയറിയത്. പത്ത് ഇഞ്ച് സൈസുള്ള ഷൂ ധരിക്കുകയും, മുറികളിൽ മുളകുപൊടി വിതറുകയും ചെയ്തു. വിരലടയാളം പതിയാതിരിക്കാനായി കൈകളിൽ പേപ്പർ കവർ ഉപയോഗിച്ചിരുന്നു. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് പണവും സ്വർണാഭരണങ്ങളും നഷ്ടമായത് അറിയുന്നത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

സിനീഷിന് കടബാദ്ധ്യത ഉണ്ടായിരുന്നു. ഒരാഴ്ച മുമ്പ് അലമാരയിൽ നിന്ന് അച്ഛൻ കരുതിവച്ചിരുന്ന മുപ്പതിനായിരം രൂപ മോഷ്ടിച്ചിരുന്നു. ഇത് അച്ഛൻ അറിഞ്ഞിട്ടില്ലെന്ന് മനസിലായതോടെയാണ് സിനിമാ സ്‌റ്റൈൽ മോഷണം നടത്തിയത്.

വെള്ളിയാഴ്ച അച്ഛനും അമ്മയും ജോലിക്ക് പോയി. ഭാര്യയെ അവരുടെ വീട്ടിലാക്കിയ ശേഷം തിരിച്ചെത്തിയാണ് മോഷണം നടത്തിയത്. മോഷ്‌ടിച്ച പണവും പൂട്ട് മുറിക്കാൻ ഉപയോഗിച്ച ആക്‌സോ ബ്ലേഡും സിനീഷ് പൊലീസിന് കാണിച്ചുകൊടുത്തിട്ടുണ്ട്.