
തൃശൂർ: ഗുരുവായൂരിലെ ഥാർ ലേലത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആദ്യം ഥാർ സ്വന്തമാക്കിയ അമൽ മുഹമ്മദ് അലി. ലേലം വിവാദമായപ്പോൾ ഉചിതമായ തീരുമാനമെടുക്കാനാണ് കോടതി പറഞ്ഞത്. പുനർലേലം ചെയ്യാൻ കോടതി പറഞ്ഞിട്ടില്ല. ദേവസ്വം ബോർഡിനും കമ്മീഷണർക്കും ഈ ഗൂഢാലോചനയിൽ പങ്കുണ്ടെന്നും അമൽ ആരോപിച്ചു. ഒരു പ്രമുഖ ടി വി ചാനലിനോടായിരുന്നു അമലിന്റെ പ്രതികരണം.
' ഒരു തവണ വാഹനം ലേലം ചെയ്താല്‍ അത് ആ വ്യക്തിക്ക് കൊടുക്കണം. ആ ഥാര്‍ 9454 എന്ന വാഹനം ഗുരുവായൂരപ്പന്റെ സന്നിധിയില്‍ നിന്ന് ഞാന്‍ വിളിച്ചെടുത്ത വാഹനമാണ്. അത് നൂറ് ശതമാനവും എന്റേതാണ്. അന്ന് അവിടെ ലേലം വിളിക്കാന്‍ ആളില്ലായിരുന്നു എന്നത് എന്റെ കുറ്റമായി കാണാനാവില്ല.
ഇത്രയും ബഹളം നടന്നിട്ടും ഇന്നും ലേലം വിളിക്കാന്‍ പരമാവധി 15 പേരാണ് ഉണ്ടായിരുന്നത്. ലേലത്തില്‍ അഹിന്ദുക്കള്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് നോട്ടീസ് നല്കിയിരുന്നുവെങ്കില് പങ്കെടുക്കില്ലായിരുന്നു. പുനർലേലം നടത്താൻ ഹൈക്കോടതി പറഞ്ഞിട്ടുമില്ല.' അമൽ പറഞ്ഞു.
മഹീന്ദ്ര കമ്പനി തങ്ങളുടെ പുതിയ മോഡൽ ഥാർ കഴിഞ്ഞവർഷം ഡിസംബർ നാലിനാണ് ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ചത്. ഡിസംബർ 18ന് ഈ വാഹനം ദേവസ്വം ലേലത്തിന് വച്ചു. 15.10 ലക്ഷം രൂപ ലേലം വിളിച്ച് പ്രവാസി മലയാളിയായ അമൽ മുഹമ്മദാണ് അന്ന് ഥാർ സ്വന്തമാക്കിയത്.
എന്നാൽ ലേലത്തിൽ വേണ്ടത്ര ആളുകൾ പങ്കെടുത്തില്ലെന്നതും ഒരാൾ മാത്രം പങ്കെടുത്ത ലേലം ഉറപ്പിച്ചതും ചോദ്യം ചെയ്ത് ഹിന്ദു സേവാസംഘം ഹൈക്കോടതിയിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് പുനർലേലം ചെയ്യാൻ തീരുമാനിച്ചതും പ്രവാസി മലയാളിയായ വിഘ്നേശ് വിജയകുമാർ ഥാർ സ്വന്തമാക്കിയതും. 43 ലക്ഷം രൂപയ്ക്കാണ് വിഘ്നേശ് കഴിഞ്ഞ ദിവസം ആ ഥാർ ലേലം വിളിച്ചെടുത്തത്.