
ജുറാസിക് വേൾഡ് സീരീസിലെ ഏറ്റവും പുതിയ ചിത്രമായ 'ജുറാസിക് വേൾഡ് ഡൊമിനിയൻ' റിലീസിന് മുന്നേ ടൊറന്റ് സൈറ്റുകളിലൂടെ ലീക്കായി. ജുറാസിക് വേൾഡ് ശ്രേണിയിലെ അവസാന ചിത്രമായ ഇതിനെ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ഐതിഹാസികമായ ജുറാസിക് പാർക്ക് ഫ്രാഞ്ചൈസി ഈ ചിത്രത്തോടെ അവസാനിക്കുമെന്നാണ് ചിത്രത്തിന്റെ പ്രവർത്തകർ പറയുന്നത്. അതിനാൽ തന്നെ ഇനി ഇത്തരമൊരു തീയേറ്റർ എക്സ്പീരിയൻസ് ലഭിക്കാൻ സാദ്ധ്യതയില്ലാത്തതിനാൽ ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഡൊമിനിയൻ ടൊറന്റിലൂടെ ലീക്ക് ആയത് ആരാധകർക്ക് വലിയ തിരിച്ചടിയാണ്.
847 എം ബി മുതൽ 2.96 ജി ബി വരെ സൈസുള്ള ഫയലുകളാണ് പുറത്തായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സ്ക്രീൻഷോട്ടുകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ചിത്രം ഈ മാസം ഒന്നിന് മെക്സിക്കോയിലും ദക്ഷിണകൊറിയയിലും റിലീസ് ചെയ്തിരുന്നു. ജൂൺ രണ്ടിന് അർജന്റീന, ബ്രസീൽ എന്നീ രാജ്യങ്ങളിലും ഡൊമിനിയൻ റിലീസ് ചെയ്തു. ഫ്രാൻസ്, ജർമ്മനി, സിംഗപ്പൂർ, യു എ ഇ എന്നീ രാജ്യങ്ങളിൽ നാളെയും ബുധനാഴ്ചയും ഓസ്‌ട്രേലിയ, ഇറ്റലി, ന്യൂസിലൻഡ്, പോർച്ചുഗൽ എന്നിവിടങ്ങളിൽ വ്യാഴാഴ്ചയും ഇന്ത്യ, കാനഡ, ചൈന, അയർലൻഡ്, സ്‌പെയിൻ, യുകെ, യുഎസ് എന്നിവിടങ്ങളിൽ വെള്ളിയാഴ്ചയുമാണ് ചിത്രം പുറത്തിറങ്ങുക.
തീയേറ്ററിൽ നിന്ന് വീഡിയോ ക്യാമറ ഉപയോഗിച്ച് പകർത്തിയ പ്രിന്റാണ് ടൊറന്റിലൂടെ ലീക്കായിരിക്കുന്നത്. അതിനാൽ തന്നെ നേരത്തേ റിലീസ് ആയ ഏതെങ്കിലും രാജ്യത്ത് നിന്നായിരിക്കാം ചിത്രം ലീക്കായത്.
ലീക്കായ പ്രിന്റുകളിൽ ഒരു ഓൺലൈൻ റമ്മി വെബ്സൈറ്റിന്റെ പരസ്യവും ചേർത്തിട്ടുണ്ട്. ഇവ ഡിജിറ്റലായാണ് പ്രിന്റിൽ ചേർത്തിരിക്കുന്നത്. ഇവയിൽ സബ്ടൈറ്റിലുകൾ ഇല്ല. ജുറാസിക് വേൾഡിന്റെ സംവിധായകനായ കോളിൻ ട്രെവോറോ തന്നെയാണ് ഇതും സംവിധാനം ചെയ്തിരിക്കുന്നത്. എമിലി കാർമൈക്കിളുമായി സഹകരിച്ച് കോളിൻ തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്.
3D , IMAX 3D , 4DX & 2D തുടങ്ങിയ ക്വാളിറ്റിയിൽ എത്തുന്ന ചിത്രം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാക്ഷകളിലായാണ് ഇന്ത്യയിൽ റീലിസ് ചെയ്യുന്നത്. ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ്, ലോറ ഡേണ്‍, സാം നീൽ, ജെഫ് ഗോള്‍ഡ്ബ്ലം, ഡാനിയെല്ല, ഇസബെല്ല സെർമൻ, ജസ്റ്റിസ് സ്മിത്ത്, ഒമര്‍ സൈ, ബി ഡി, വോങ് തുടങ്ങിയവരാണ് ഈ ചിത്രത്തിലും പ്രധാനവേഷങ്ങളിലെത്തുന്നത്. 2018ൽ പുറത്തിറങ്ങിയ ജുറാസിക് വേൾഡ് ഫാളൻ കിങ്ഡം എന്ന ഭാഗത്തിന്റെ തുടർച്ചയാണ് ഈ ചിത്രം.
ജുറാസിക് പാർക്ക് എന്ന സ്റ്റീവൻ സ്പിൽബെർഗ് ചിത്രത്തിലൂടെ 1994ലാണ് ജുറാസിക് പാർക്ക് ഫ്രാഞ്ചൈസി ആരംഭിക്കുന്നത്. എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ മുൻനിരയിൽ തന്നെ കാണും ഇവ.