
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ കോഡിംഗ് മത്സരങ്ങളിലൊന്നായ ടിസിഎസ് കോഡ് വിറ്റയുടെ പത്താം സീസണിൽ വിജയക്കൊടി പാറിച്ച് ഇന്ത്യൻ വിദ്യാർത്ഥി കലാഷ് ഗുപ്ത. ഡൽഹി ഐഐടിയിലെ മൂന്നാം വർഷ കംപ്യൂട്ടർ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് കലാഷ് ഗുപ്ത.
ലോകത്തിലെ 87 രാജ്യങ്ങളിൽ നിന്നുള്ള ഒരു ലക്ഷം പേരോട് മത്സരിച്ചാണ് കലാഷ് മിന്നും വിജയം കൈവരിച്ചത്. 2018 ലെ ജോയിന്റ് എൻട്രൻസ് എക്സാമിൽ (ജെ ഇ ഇ) ദേശീയ തലത്തിൽ മൂന്നാം റാങ്കും കലാഷ് നേടിയിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ കംപ്യൂട്ടർ പ്രോഗ്രാമിംഗ് മത്സരമെന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോഡ് നേട്ടം കൈവരിച്ച ഈ മത്സരം ടാറ്റ കൺസൾട്ടൻസി സർവീസസാണ് സംഘടിപ്പിക്കുന്നത്.

മത്സരത്തിൽ ആദ്യ നാല് സ്ഥാനം നേടുന്നവർക്ക് ടിസിഎസിൽ റിസർച്ച് ആൻഡ് ഇന്നൊവേഷൻ ഓർഗനൈസേഷനിൽ ഇന്റേൺഷിപ്പ് ചെയ്യാനുള്ള അവസരും ലഭിക്കും. കൂടാതെ ഒന്നാം സ്ഥാനം നേടുന്നയാൾക്ക് 10,000 ഡോളർ (7.77 ലക്ഷം രൂപ) സമ്മാനവുമുണ്ട്.
കലാഷിനെ കൂടാതെ വിവിധ സർവകലാശാലകളിൽ നിന്നുള്ള 21 ഇന്ത്യൻ വിദ്യാർത്ഥികളും ലോകത്തെ മികച്ച കോഡർമാരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. പത്താം സീസണിൽ ചിലിയിലും തായ്‌വാനിലും നിന്നുള്ള വിദ്യാർത്ഥികളാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്.