
ന്യൂഡൽഹി : ഏറ്റവും കുറഞ്ഞ സമയത്തിൽ റോഡ് നിർമ്മിച്ച് ഗിന്നസ് ലോക റെക്കാഡിൽ ഇടംപിടിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തെ കുറിച്ച് ഏതാനും ദിവസങ്ങൾക്ക് മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു. മഹാരാഷ്ട്രയിലെ അമരാവതി മുതൽ അകോല ദേശീയപാതവരെ നീളുന്ന 75 കിലോമീറ്റർ റോഡാണ് നാഷണൽ ഹൈവേ അതോറിട്ടി 108 മണിക്കൂറിൽ നിർമ്മിക്കാനാണ് ശ്രമം നടക്കുന്നത്. ഖത്തറിലെ പൊതുമരാമത്ത് വകുപ്പ് അഷ്ഗുലിന്റെ റെക്കാഡ് തകർക്കുകയാണ് ലക്ഷ്യം.'ഗതിശക്തി' പദ്ധതിയുടെ ഭാഗമായാണ് നിർമ്മാണം. ഇന്ത്യയുടെ 75ാം വാർഷികാഘോഷത്തോടനുബന്ധിച്ച് റോഡ് രാജ്യത്തിന് സമർപ്പിക്കാനാണ് പദ്ധതി.
എന്നാൽ ഒരു റെക്കാഡിന് വേണ്ടി മാത്രമല്ല പ്രതിദിനം 60 കിലോമീറ്റർ ഹൈവേ നിർമിക്കുക എന്ന പദ്ധതി സ്ഥിരപ്പെടുത്താനാണ് തങ്ങൾ ലക്ഷ്യം വയ്ക്കുന്നതെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. രാജ്യത്ത് പ്രതിദിനം 28.64 കിലോമീറ്ററാണ് ദേശീയ പാത നിർമ്മിക്കുന്നത്. മഴയും കൊവിഡുമാണ് 2021- 22ൽ ഇന്ത്യയുടെ ദേശീയ പാത നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചത്. 2020-21 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ദേശീയ പാതകളുടെ നിർമ്മാണത്തിന്റെ വേഗത പ്രതിദിനം 37 കിലോമീറ്ററിലെത്തിയിരുന്നു.
'എന്റെ മന്ത്രാലയവും എന്റെ ടീമും കഠിനാധ്വാനം ചെയ്യുന്നു, കൂടാതെ കൊവിഡ് 19 പാൻഡെമിക് സമയത്ത് പോലും, ഞങ്ങളുടെ (ഹൈവേ) നിർമ്മാണ നിരക്ക് പ്രതിദിനം 38 കിലോമീറ്ററായിരുന്നു, അത് 60 കിലോമീറ്റർ വരെ എടുക്കുക എന്നതാണ് എന്റെ അഭിലാഷം' ഗഡ്ഗരി അഭിപ്രായപ്പെടുന്നു. ദേശീയ പാത ശൃംഖല രാജ്യത്തുടനീളം വികസിപ്പിക്കുക എന്ന മോദി സർക്കാരിന്റെ 'ഗതിശക്തി' പദ്ധതിയുടെ ഭാഗമായിട്ടാണ് ദേശീയ പാത നിർമ്മാണത്തിന് വേഗം കൂട്ടുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ 18,000 കിലോമീറ്റർ ദേശീയ പാത നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമ്മാണ പ്രവർത്തികൾക്ക് വേഗം കൂട്ടുന്നത്. കേരളത്തിലും ദേശീയപാത നിർമ്മാണം വളരെ വേഗത്തിൽ മുന്നേറുകയാണ്.
2025ഓടെ ദേശീയ പാത ശൃംഖലയുടെ രണ്ട് ലക്ഷം കിലോമീറ്ററായി വികസിപ്പിക്കുകയാണ് തന്റെ മന്ത്രാലയത്തിന്റെ മൊത്തത്തിലുള്ള ലക്ഷ്യമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി ട്വീറ്റിൽ പറഞ്ഞു. സമയബന്ധിതമായി ലോകോത്തര റോഡ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.