indian-street-foods

ന്യൂഡൽഹി: രാജ്യത്തെ 70 ശതമാനം ജനങ്ങൾക്കും ആരോഗ്യകരമായ ഭക്ഷണം വാങ്ങാനുള്ള പ്രാപ്തിയില്ലെന്ന് സർവേ. കൂടാതെ അനാരോഗ്യകരമായ ഭക്ഷണക്രമം മൂലം ഓരോ വർഷവും ഇന്ത്യയിൽ മരിക്കുന്നവരുടെ എണ്ണം 1.7 ദശലക്ഷം ആണെന്നും സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റും (സി എസ് ഇ) ഡൗൺ ടു എർത്ത് മാസികയും പുറത്തിറക്കിയ സർവേ റിപ്പോർട്ടിൽ പറയുന്നു

അനാരോഗ്യകരമായ ഭക്ഷണം ക്രമം പ്രമേഹം, ക്യാൻസർ, ഹൃദയാഘാതം, മറ്റ് ഹൃദ്രോഗങ്ങൾ, ശ്വാസകോശ സംബന്ധിയായ അസുഖങ്ങൾ തുടങ്ങിയവ വരുത്തിവയ്ക്കുമെന്നും ഇതാണ് ക്രമേണ മരണത്തിലേക്ക് നയിക്കുന്നതന്നുമുള്ള റിപ്പോർട്ട് സ്റ്റേറ്റ് ഓഫ് ഇന്ത്യാസ് എൻവയോൺമെന്റ് 2022 ഉം പുറത്തുവിട്ടിട്ടുണ്ട്.

ഒരാൾ കഴിക്കുന്ന ആഹാരത്തിൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയുടെ അളവ് കുറഞ്ഞിരിക്കുകയും സംസ്കരിച്ച മാംസം, ചുവന്ന മാംസം, മധുരമുള്ള പാനീയങ്ങൾ തുടങ്ങിയവയുടെ അളവ് കൂടിയിരിക്കുകയും ചെയ്യുന്ന അവസ്ഥയെയാണ് അനാരോഗ്യകരമായ ഭക്ഷണ രീതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഫുഡ് ആൻഡ് അഗ്രിക്കൽച്ചറൽ ഓർഗനൈസേഷന്റെ (എഫ് എ ഒ) റിപ്പോർട്ടനുസരിച്ച്, ഒരു വ്യക്തിയുടെ വരുമാനത്തിന്റെ 63 ശതമാനവും ഭക്ഷണത്തിനായി മാറ്റി വയ്ക്കേണ്ടി വരുന്ന അവസ്ഥയിൽ അയാൾക്ക് ആരോഗ്യകരമായ ഭക്ഷണം വാങ്ങാൻ പ്രാപ്തിയില്ല എന്ന് പറയാം.

അടുത്തിടെ പുറത്തുവന്ന ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (ഐ എം എഫ്) കണക്ക് പ്രകാരം, രാജ്യത്തെ തൊഴിലാളികളിൽ 15 ശതമാനം പേരുടെയും പ്രതിമാസ വരുമാനം 5000 രൂപയ്ക്ക് താഴെയാണ്. മാത്രമല്ല ദേശീയ വരുമാനത്തിന്റെ 22 ശതമാനവും കൈയ്യടക്കി വച്ചിരിക്കുന്നത് വെറും ഒരു ശതമാനം വരുന്ന അതിസമ്പന്നരും.

രാജ്യത്തെ 71 ശതമാനം പേർക്കും ആരോഗ്യകരമായ ഭക്ഷണം വാങ്ങാനുള്ള പ്രാപ്തിയില്ല എന്ന് ഗ്ലോബൽ ന്യൂട്രീഷൻ റിപ്രോർട്ട് 2021 വ്യക്തമാക്കുന്നു. ആഗോള തലത്തിലാണെങ്കിൽ ഇത് 42 ശതമാനമാണ്. ഒരു ശരാശരി ഇന്ത്യക്കാരന്റെ ഭക്ഷണത്തിൽ ആവശ്യത്തിന് പഴങ്ങൾ, പച്ചക്കറികൾ, പയറുവർഗങ്ങൾ, പരിപ്പ്, ധാന്യങ്ങൾ എന്നിവയില്ല. എന്നാൽ മത്സ്യം, പാലുത്പന്നങ്ങൾ, ചുവന്ന മാംസം എന്നിവയുടെ പരിമിതമായ അളവിനേക്കാൾ നാം കഴിക്കുന്നുമുണ്ട്.

food

ഇന്ത്യയിൽ ഒരു മുതിർന്ന വ്യക്തി പ്രതിദിനം ഏകദേശം 200 ഗ്രാം പഴവർഗങ്ങളും 300 ഗ്രാം പച്ചക്കറിയും കഴിക്കണമെന്നാണ് കണക്ക്. എന്നാൽ നമ്മുടെ രാജ്യത്തെ മുതിർന്ന വ്യക്തികൾ പ്രതിദിനം 35.8 ഗ്രാം പഴവർഗങ്ങളും 168.7 ഗ്രാം പച്ചക്കറിയും മാത്രമേ കഴിക്കുകയുള്ളു. പയറുവർഗങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യാസമല്ല. ദിവസം 24.9 ഗ്രാം പയറുവർഗം കഴിക്കണമെന്നാണ് കണക്കെങ്കിലും 6.2 ഗ്രാം മാത്രമേ ഇന്ത്യക്കാർ കഴിക്കുകയുള്ളു. ദിവസം 3.2 ഗ്രാം പരിപ്പ് കഴിക്കേണ്ട സ്ഥാനത്ത് നാം കഴിക്കുന്നത് വെറും 0.416 ഗ്രാം മാത്രമാണ്.

റിപ്പോർട്ടനുസരിച്ച് ഇന്ത്യയിൽ ഉപഭോക്തൃ വില സൂചിക (സി എഫ് പി ഐ) 327 ശതമാനം കുതിച്ചുയർന്നു. ഉത്പാദനച്ചെലവിലെ വർദ്ധന, അന്താരാഷ്ട്ര വിളകളുടെ വിലക്കയറ്റം, കാലാവസ്ഥാ പ്രശ്നങ്ങൾ തുടങ്ങിയ ഘടകങ്ങളാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങൾ. ഇതാണ് ഇന്ത്യക്കാർക്ക് ആരോഗ്യകരമായ ഭക്ഷണം വാങ്ങാനുള്ള പ്രാപ്തിയില്ലാതാവാനുള്ള പ്രധാന കാരണം.