india-maldives-

ന്യൂഡൽഹി : ചാനൽ ചർച്ചയിൽ പങ്കെടുത്ത് ബി ജെ പി നേതാവ് നൂപുർ ശർമ്മ നടത്തിയ പ്രവാചകനെതിരായ പരാമർശങ്ങളിൽ ഇസ്ലാമിക രാജ്യങ്ങളിൽ നിന്നും കടുത്ത പ്രതിഷേധം. വിവാദ പ്രസ്താവനയെ തുടർന്ന് ബിജെപി നേതാക്കളായ നൂപുർ ശർമ്മയേയും നവീൻ കുമാർ ജിൻഡാലിനെതിരെയും പാർട്ടി നടപടി സ്വീകരിച്ചിട്ടും ലോകരാജ്യങ്ങളുടെ പ്രതിഷേധം അവസാനിക്കുന്നില്ല. ഖത്തർ അടക്കമുള്ള രാജ്യങ്ങൾ കടുത്ത പ്രതിഷേധമാണ് ഈ വിഷയത്തിൽ ഉയർത്തുന്നത്. എന്നാൽ അയൽ രാജ്യമായ, മികച്ച സൗഹൃദ ബന്ധമുള്ള മാലദ്വീപിൽ നിന്നുപോലും പ്രതിഷേധം ഉയരുകയാണ്.

അയൽരാജ്യങ്ങളിൽ ഇന്ത്യയ്ക്ക് കാര്യമായ സ്വാധീനമുള്ള മാലിദ്വീപ്, 'ഇസ്ലാമിന്റെ യഥാർത്ഥ സ്വഭാവത്തെയും പഠിപ്പിക്കലിനെയും വളച്ചൊടിക്കുന്ന എല്ലാ പ്രവർത്തനങ്ങളെയും നിരുപാധികം അപലപിക്കുന്നു' എന്നാണ് നൂപുർ ശർമ്മയുടെ വാക്കുകളോട് പ്രതികരിച്ചത്. 'ബിജെപിയുടെ ചില നേതാക്കൾ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളിൽ അഗാധമായ ആശങ്കയുണ്ടെന്നും' മാലിദ്വീപ് സർക്കാർ പറഞ്ഞു. അതേസമയം നേതാക്കൾക്കെതിരെ പാർട്ടി സ്വീകരിച്ച നടപടികളെ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്.

അതേസമയം ഇസ്ലാമിക ലോകത്തെ സൗഹൃദ രാഷ്ട്രങ്ങളെ കാര്യങ്ങൾ ബോധിപ്പിച്ച് കൂടെ നിർത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്.പാകിസ്ഥാനടക്കമുള്ള ഇന്ത്യക്കെതിരെ ഒരു അവസരത്തിനായി കാത്തിരിക്കുന്ന രാജ്യങ്ങളോട് കർശനമായ നിലപാടും സ്വീകരിക്കുന്നുണ്ട്. ഇറാൻ, ഇറാഖ്, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, ഒമാൻ, യുഎഇ, ജോർദാൻ, അഫ്ഗാനിസ്ഥാൻ, ബഹ്‌റൈൻ, മാലിദ്വീപ്, ലിബിയ, ഇന്തോനേഷ്യ എന്നിവയുൾപ്പെടെ 15 രാജ്യങ്ങളാണ് വിവാദ പരാമർശത്തിൽ ഇന്ത്യയ്‌ക്കെതിരെ ഔദ്യോഗിക പ്രതിഷേധം അറിയിച്ചത്. സർക്കാരിനോട് മാപ്പ് പറയണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയരുന്നുണ്ട്. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ (ഒഐസി) പ്രസ്താനവനയെ അപലപിക്കുകയും ഇന്ത്യയിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.