ipo

കൊച്ചി: ഇന്ത്യയുടെ പ്രാരംഭ ഓഹരിവിപണിയുടെ കുതിപ്പ് 2022ലും ആവേശംചോരാതെ തുടരുന്നു. ഈവർഷം ജനുവരി-മേയിൽ 16 കമ്പനികൾ ചേർന്ന് പ്രാരംഭ ഓഹരി വില്പനയിലൂടെ (ഐ.പി.ഒ) 40,942 കോടി രൂപ സമാഹരിച്ചു. 2021ലെ സമാനകാലത്ത് 19 കമ്പനികൾ ചേർന്ന് സമാഹരിച്ചത് 29,038 കോടി രൂപയാണ്; ഇക്കുറി വളർച്ച 41 ശതമാനം.

അതേസമയം, ഈവർഷം ഇതുവരെയുള്ള മൊത്തം സമാഹരണത്തിൽ 21,000 കോടി രൂപയും (ഏകദേശം 50 ശതമാനം) വന്നത് എൽ.ഐ.സിയുടെ പ്രാരംഭ ഓഹരിവില്പനയിലാണ്. രാജ്യാന്തര തലത്തിൽ ഐ.പി.ഒ വിപണി തളർച്ചയിലാണ്. ഇക്കുറി ജനുവരി-മേയിൽ 596 കമ്പനികൾ ചേർന്ന് സമാഹരിച്ചത് 8,100 കോടി ഡോളർ. 2021ലെ സമാനകാലത്ത് 1,237 കമ്പനികൾ ചേർന്ന് സമാഹരിച്ച 28,300 കോടി ഡോളറിനേക്കാൾ 71 ശതമാനം കുറവ്.

₹1.19 ലക്ഷം കോടി

ഇന്ത്യയിൽ ഐ.പി.ഒ പെരുമഴ അതിശക്തമായി പെയ്‌ത വർഷമായിരുന്നു 2021. പ്രാരംഭ ഓഹരി വില്പനയിലൂടെ പുതുതായി ഓഹരി വിപണിയിലെത്തിയത് 63 കമ്പനികൾ; സമാഹരിച്ച തുക 1.19 ലക്ഷം കോടി രൂപ. രണ്ടും എക്കാലത്തെയും ഉയരമാണ്.