
തിരുവനന്തപുരം: ആർഡിഒ കോടതി ലോക്കറിൽ സ്വർണത്തിന് പകരം മുക്കുപണ്ടം കണ്ടെത്തി. പൊലീസ് പരിശോധനയ്ക്കിടെയാണ് മുക്കുപണ്ടം കണ്ടെത്തിയത്. ലോക്കർ തുറന്ന് തൊണ്ടിമുതലുകൾ മുഴുവനും പൊലീസ് അപ്രൈസറെ കൊണ്ട് പരിശോധിപ്പിച്ചിരുന്നു. ഇതിനിടെയാണ് മോഷണത്തോടൊപ്പം മുക്കുപണ്ടം വച്ചുള്ള തട്ടിപ്പും നടന്നിരുന്നതായി വ്യക്തമായത്. 69പവൻ സ്വർണമാണ് കാണാതായത്.
ആർഡിഒ ലോക്കറിൽ നിന്നും 69 പവൻ കാണാതായെന്ന സബ് കളക്ടറുടെ കണ്ടെത്തലുകൾ ശരിവയ്ക്കുന്നതാണ് പൊലീസിന്റെ പരിശോധനാ റിപ്പോർട്ട്. ഇതോടെ സ്വർണം കാണായത് സംബന്ധിച്ച ദുരൂഹത വർദ്ധിക്കുകയാണ്. ആർഡിഒ ലോക്കറിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലിൽ നിന്നും 69 പവൻ സ്വർണവും പണവും വെള്ളിയും നഷ്ടമായെന്ന് സബ് കളക്ടറുടെ അന്വേഷണത്തിലാണ് ആദ്യം തെളിഞ്ഞത്. 2010 മുതൽ 2019 വരെയുള്ള കാലയളവിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകൾ കാണാനില്ലെന്ന് സബ് കളക്ടറുടെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 2007 മുതലുള്ള തൊണ്ടിമുതലുകൾ പൊലീസ് തുറന്ന് പരിശോധിച്ചു. രജിസ്റ്ററും തൊണ്ടിമുതലും താരതമ്യം ചെയ്തായിരുന്നു നാലു ദിവസം നീണ്ട പരിശോധന.
രജിസ്റ്റർ പ്രകാരം 500 പവനോളം സ്വർണം ലോക്കറിലെത്തിയിട്ടുണ്ട്. സബ് കളക്ടറുടെ റിപ്പോർട്ടിൽ പറയുന്ന കാലഘട്ടത്തിലെത്തിയ തൊണ്ടികളാണ് കാണായത്. 2007വരെ ആർഡിഒ ലോക്കറിലെത്തിയ തൊണ്ടിമുതലുകൾ ഓഡിറ്റ് ചെയ്ത് ട്രഷറിലേക്ക് മാറ്റിയിരുന്നു. അതിനാൽ അതിനു ശേഷമുള്ളവയാണ് പരിശോധിച്ചത്. സംഭവത്തിൽ ദുരൂഹതയേറെയുള്ളതിനാൽ 2017ന് ശേഷമുള്ള ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രതി ആരാണെന്ന കാര്യത്തിൽ വൈകാതെ വിവരം ലഭിക്കുമെന്നാണ് പൊലീസ് പറയുന്നത്.