മലയാളികൾക്ക് ജി വേണുഗോപാലിനെ പോലെ തന്നെ പ്രിയപ്പെട്ട പാട്ടുകാരനായി മാറിയിരിക്കുകയാണ് അരവിന്ദ് വേണുഗോപാലും. പാടിയ പാട്ടുകളെല്ലാം അച്ഛനെ പോലെ മകനും ഹിറ്റാക്കി. ഇപ്പോഴിതാ, പാട്ട് പാടാൻ ഏറ്റവും കംഫർട്ടബിൾ അച്ഛനൊപ്പമാണെന്നാണ് അരവിന്ദ് തുറന്ന് പറഞ്ഞിരിക്കുന്നത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ നിന്ന്..

' അച്ഛനുമൊത്ത് ഒത്തിരി വേദികളിൽ പാടിയിട്ടുണ്ട്. അച്ഛന്റെ കൂടെ പാടാൻ എനിക്ക് വളരെ എളുപ്പമാണ്. കാരണം അച്ഛന്റെ എല്ലാ പാട്ടും എനിക്കറിയാം. എപ്പോൾ വിളിച്ച് പാടാൻ പറഞ്ഞാലും പറ്റും. അച്ഛൻ കൂടെയുള്ളത് കംഫർട്ട് ഫാക്ടറുമാണ്. ടെൻഷൻ കുറഞ്ഞിരിക്കും. കാരണം ലൈംലൈറ്റ് മൊത്തം അച്ഛന്റെ മേലെയാണല്ലോ. എന്റെ മേലെയല്ല.

എന്റെ സ്റ്റൈൽ ഒഫ് സിംഗിംഗ് അച്ഛന്റേതിനേക്കാൾ വ്യത്യസ്തമാണ്. ജെനറ്റിക്കലി അച്ഛന്റെ ശബ്ദത്തിന്റെ കുറേ അംശം എനിക്കും കിട്ടിയിട്ടുണ്ട്. കുഞ്ഞിലേ തൊട്ടേ കാണുന്ന ഒരാളാണല്ലോ. അച്ഛൻ എങ്ങനെയാ സംസാരിക്കുന്നത്, അച്ഛൻ എങ്ങനെയാ ചിരിക്കുന്നത്, ചെറുപ്പത്തിൽ അത് ചെറുതായിട്ട് ഇമിറ്റേറ്റ് ചെയ്ത് തുടങ്ങിയതിന്റെ ഭാഗമായിട്ടാണ് ഞാനിപ്പോ അതേ പോലെയുള്ളത്.

വീട്ടിൽ അച്ഛൻ നല്ല ശാന്തനാണ്. വളരെ അപൂർവമായിട്ടേ ദേഷ്യപ്പെടാറുള്ളൂ. കള്ളം പറയുന്നത് ഇഷ്ടമല്ല. കള്ളം പറഞ്ഞെന്ന് അറിഞ്ഞാൽ ദേഷ്യപ്പെടും. അതറിയാവുന്നതുകൊണ്ട് ഞാൻ കള്ളം പറയാൻ നിൽക്കില്ല. ഞങ്ങളുടെ സ്വഭാവത്തിലും സിമിലാരിറ്റിയുള്ളതായിട്ട് കുറേപേർ പറഞ്ഞിട്ടുണ്ട്.

ശാസ്ത്രീയ സംഗീതം പഠിക്കാതെയാണ് ഞാൻ നഗുമോ പാടിയത്. ട്രാക്ക് അയച്ച് തന്നിട്ട് ഹിഷാം തന്നെയാണ് എന്റെ സ്റ്റൈലിൽ പാടിക്കോളാൻ പറഞ്ഞത്. പക്ഷേ ശാസ്ത്രീയ സംഗീതജ്ഞർ ഒക്കെ കേട്ടാൽ ആ പാട്ട് അംഗീകരിക്കില്ല. ഒരുപാട് പേര് അതെന്നോട് പറഞ്ഞിട്ടുമുണ്ട്.

പക്ഷേ പാട്ട് പഠിക്കാത്ത ഒരുപാട് പേർ നമുക്കും ഇതുപോലെ പാടാൻ പറ്റുമെന്ന് കാണിച്ചു തന്നല്ലോ എന്ന് പറഞ്ഞിട്ടുണ്ട്. കുറേ റീൽസ് ഒക്കെ വന്നിട്ടുണ്ട്. ചിലതിൽ എന്നെയും ടാഗ് ചെയ്തിട്ടുണ്ട്. ശാസ്ത്രീയമായി പഠിച്ചാലേ ഈ കീർത്തനം ശരിയായ രീതിക്ക് പാടാൻ പറ്റൂ. ഇത് എന്റെയൊരു വേർഷൻ ആണെന്നേയുള്ളൂ.'

aravind