high-cort

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ചുമതലയിൽ നിന്ന് എ ഡി ജി പി എസ് ശ്രീജിത്തിനെ മാറ്റിയതിനെതിരായി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സർക്കാരിന്റെ ഭരണകാര്യങ്ങളിൽ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സർക്കാരിന്റെ ഭരണപരമായ കാര്യങ്ങളാണ്. കോടതിയ്ക്ക് ഇതിൽ ഇടപെടാൻ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് എസ് ശ്രീജിത്തിനെ മാറ്റിയതിനെതിരെ സംവിധായകൻ ബൈജു കൊട്ടാരക്കര ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയാണ് കോടതി തള്ളിയത്. ശ്രീജിത്തിനെ മാറ്റിയത് നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു ഹർജിയിൽ ആരോപിച്ചത്.

അതേസമയം, ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിചാരണക്കോടതിയിൽ വാദം പുരോഗമിക്കുകയാണ്. ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം ശരിയല്ലെന്ന് ദിലീപിന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചു. ഹർജിയിൽ പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായാൽ പ്രോസിക്യൂഷന്റെ മറുപടി വാദം ഉടൻ ആരംഭിക്കും.

അതിനിടെ, നടിയെ ആക്രമിച്ച കേസിൽ 15ാം പ്രതിയായി ശരത്തിനെ അറസ്റ്റ് ചെയ്തുവെന്ന വിവരം കോടതി അറിഞ്ഞില്ലെന്ന് വിചാരണ കോടതി അറിയിച്ചു. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ശരത്തിന്റെ അറസ്റ്റുവിവരം രേഖപ്പെടുത്തിയിരുന്നത്. ഇക്കാര്യം കോടതി അറിഞ്ഞില്ലെന്നായിരുന്നു വിചാരണ കോടതി വ്യക്തമാക്കിയത്.